നിർബന്ധിത ക്വാറന്റീനെതിരെ സ്പൈനിൽ സംഘർഷം ; 50 പേർ കസ്റ്റഡിയിൽ

മാഡ്രിഡ്: രാജ്യത്ത് നിര്‍ബന്ധിത ക്വാറന്‍റീന്‍ നടപ്പാക്കിയതിനെതിരെ സ്പെയിനിലുണ്ടായ രാത്രി സംഘര്‍ഷത്തില്‍ 50 പേര്‍ കസ്റ്റഡിയില്‍. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് സ്പെയിന്‍ സര്‍ക്കാര്‍ നിര്‍ബന്ധിത ക്വാറന്‍റീനും രാത്രി കര്‍ഫ്യൂവും നടപ്പാക്കിയത്.
മാഡ്രിഡ്, ലൊഗ്രോനൊ, ബില്‍ബാവോ, സാന്‍റാഡര്‍, മലാഗ അടക്കമുള്ള നഗരങ്ങളിലാണ് പൊതുജന പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാന നഗരമായ മാഡ്രിഡിലെ റോഡുകളില്‍ പ്രതിരോധം തീര്‍ക്കാനും വേസ്റ്റ് കണ്ടെയ്നറുകള്‍ക്ക് തീയിടാനും പ്രക്ഷോഭകര്‍ ശ്രമിച്ചു. ഇവിടെ 30 പേരെ കരുതല്‍ തടങ്കലിലാക്കി. സംഘര്‍ഷത്തില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ലൊഗ്രോനൊയില്‍ ആറു പേരെയും ബില്‍ബാവോ, സാന്‍ സെബാസ്റ്റ്യന്‍, വിക്ടോറിയ എന്നിവിടങ്ങളില്‍ ഏഴു പേരെയും സാന്‍റാഡറില്‍ അഞ്ചു പേരെയും കസ്റ്റഡിയിലെടുത്തു.
തീവ്രവാദികളുടെ നടപടികളെ അസ്വീകാര്യമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി പെട്രോ സാഞ്ചസ്, മഹാമാരിക്കെതിരായ പോരാട്ടത്തില്‍ രാജ്യം ഉത്തരവാദിത്തവും ഐക്യവും കാണിക്കണമെന്ന് ആവശ്യപ്പെട്ടു.
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മേയ് മാസം വരെ അതീവ ജാഗ്രതാ നിര്‍ദേശം തുടരാന്‍ സ്പെയിന്‍ പാര്‍ലമെന്‍റ് കഴിഞ്ഞ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് വിവിധ സ്വയംഭരണ സ്ഥാപനങ്ങളിലും മുനിസിപ്പാലിറ്റികളിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

