KSDLIVENEWS

Real news for everyone

ഇന്ത്യയെക്കാളും അരമണിക്കൂറല്ല: അരനൂറ്റാണ്ട് പിന്നിലാണ് പാകിസ്താന്‍; രൂക്ഷ പ്രതികരണവുമായി ഒവൈസി

SHARE THIS ON

ഹൈദരാബാദ്: പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താനെതിരെ ശക്തമായി പ്രതികരിച്ച് ഹൈദരാബാദ് എംപിയും എഐഎംഐഎം പ്രസിഡന്റുമായി അസദുദ്ദീന്‍ ഉവൈസി. പാകിസ്താന്‍ ഇന്ത്യയെക്കാളും അരമണിക്കൂറല്ല, അരനൂറ്റാണ്ട് പിന്നിലാണെന്ന് പറഞ്ഞ ഒവൈസി നിരപരാധികളെ കൊന്നൊടുക്കിയതിലൂടെ തീവ്രവാദികള്‍ ഐസ്‌ഐഎസ് പിന്മുറക്കാരാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ആരോപിച്ചു. വഖഫ് നിയമഭേദഗതിക്കെതിരായി മഹാരാഷ്ട്രയിലെ പ്രഭാനിയില്‍ ഞായറാഴ്ച സംഘടിപ്പിച്ച പൊതുജനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഇന്ത്യയെ ലക്ഷ്യംവെച്ച് പാകിസ്താന്‍ തീവ്രവാദികളെ വളര്‍ത്തിയെടുക്കുന്നതായി ഒവൈസി ആരോപിച്ചു. പഹല്‍ഗാമില്‍ നിരപരാധികളെ കൊല്ലുന്നതിന് മുമ്പായി തീവ്രവാദികള്‍ അവരുടെ മതം ചോദിച്ചതായി അറിഞ്ഞു, ഏത് മതത്തെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്? നിങ്ങള്‍ ഖാവര്‍ജികളെക്കാള്‍ മോശമാണ്. പഹല്‍ഗാമില്‍ നിങ്ങള്‍ ചെയ്ത പ്രവര്‍ത്തി തെളിയിക്കുന്നത്, നിങ്ങള്‍ ഐഎസ്‌ഐഎസുകാരുടെ പിന്മുറക്കാരാണ് എന്നാണ്, ഒവൈസി കുറ്റപ്പെടുത്തി.

ഇന്ത്യയെ ആക്രമിക്കുമെന്ന പാകിസ്താന്റെ ഭീഷണിയേയും ഒവൈസി രൂക്ഷമായി വിമര്‍ശിച്ചു. പാകിസ്താന്‍ ഇന്ത്യയെക്കാളും അരമണിക്കൂര്‍ അല്ല, അര നൂറ്റാണ്ട് പിന്നിലാണ്. നിങ്ങളുടെ രാജ്യത്തിന്റെ മൊത്തം ബഡ്ജറ്റ് ഞങ്ങളുടെ രാജ്യത്തിന്റെ സൈനിക ബജറ്റിനോളം പോലും വരില്ല. തങ്ങളുടെ കൈയില്‍ ന്യൂക്ലിയര്‍ ബോംബുണ്ട്, അറ്റോമിക് ബോംബുണ്ട് എന്നൊക്കെയാണ് പാകിസ്താന്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒന്നോര്‍ത്തോളൂ, ഒരു രാജ്യത്ത് അതിക്രമിച്ച് കടന്ന് അവിടുത്തെ നിരപരാധികളായ പൗരന്മാരെ കൊലപ്പെടുത്തിയാല്‍, ഒരു രാജ്യവും മൗനം പാലിക്കില്ല, ഒവൈസി പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കശ്മീരികളെ സംശയമുനയില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നും ഒവൈസി അഭിപ്രായപ്പെട്ടു. ചിലര്‍ കശ്മീരികള്‍ക്കെതിരായി സംസാരിക്കുന്നത് ശ്രദ്ധയില്‍പെട്ടു, നാണമില്ലാത്തവരാണ് അത്തരത്തില്‍ സംസാരിക്കുന്നത്. കശ്മീര്‍ നമുക്ക് എത്രത്തോളം വിലപ്പെട്ടതാണോ അത്രത്തോളം തന്നെ നമുക്ക് വിലപ്പെട്ടതാണ് കശ്മീരികളും. അവരെ നമ്മള്‍ എന്തടിസ്ഥാനത്തിലാണ് സംശയിക്കേണ്ടത്? ഒവൈസി ചോദിച്ചു.

ഭീകരവാദികളെ എതിര്‍ത്ത് സ്വന്തം ജീവന്‍ ബലിനല്‍കിയാണ് ഒരു കശ്മീരി ജനങ്ങളുടെ ജീവന്‍രക്ഷിച്ചത്. പരിക്കേറ്റ കുട്ടിയെ രക്ഷിക്കാന്‍ മുക്കാല്‍ മണിക്കൂറോളം അവനെ തോളില്‍ചുമന്ന് സുരക്ഷാസ്ഥാനത്ത് എത്തിച്ചതും ഒരു കശ്മീരിയാണ്, ഒവൈസി ഓര്‍മപ്പെടുത്തി. വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഏപ്രില്‍ 30-ന് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി) സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയില്‍ ജനങ്ങളെല്ലാവരും പങ്കുകൊണ്ട് വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!