വിധി ചതിച്ചില്ല, ജീവനോടെ അവൾ ;
ഭൂകമ്പത്തില് മൂന്ന് വയസുകാരിയെ 65 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

അങ്കാറ: തുർക്കിയിലും ഗ്രിസിലുമായുണ്ടായ ഭൂചലനത്തിൽ 94 പേരാണ് ഇതുവരെ മരിച്ചത്. റിക്ടർ സ്കെയിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തുർക്കിയിൽ തകർന്ന കെട്ടിടത്തിൽ നിന്ന് മൂന്ന് വയസുകാരിയായ എലിഫ് പെരിൻസെക് എന്ന പെൺകുട്ടിയെ 65 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മൂന്ന് വയസുകാരിയെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയ അഗ്നിശമന സേനാ അംഗം മുആമ്മിർ സെലിക്ക് തന്റെ ഹൃദയം നടുങ്ങിയ അനുഭവം പങ്കുവെക്കുകയാണ്. ഭൂചലനമുണ്ടായി മൂന്നാം ദിവസം ശേഷം മൃതദേഹങ്ങൾക്ക് വേണ്ടിയും അവശേഷിക്കുന്ന ജീവന്റെ തുടിപ്പുകൾക്കും വേണ്ടിയുമുള്ള തിരച്ചിലിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ അനക്കില്ലാതെ പൊടിയിൽ പൊതിഞ്ഞ നിലയിൽ കിടക്കുകയായിരുന്നു ആ മൂന്ന് വയസുകാരി. ഒറ്റനോട്ടത്തിൽ മരിച്ചെന്നുറപ്പിച്ച് സഹപ്രവർത്തകനോട് ബോഡി ബാഗ് ചോദിച്ചു. ശേഷം അവളുടെ മുഖം തുടയ്ക്കാൻ കൈ നീട്ടിയപ്പോൾ ഞാൻ ഞെട്ടി, അവൾ കൺ തുറന്ന് തന്റെ തള്ളവിരൽ പിടിച്ചു. അവിടെ ഞാനൊരു അത്ഭുതം കണ്ടു’ ഇസ്താംബൂൾ അഗ്നിശമന സേനാ അംഗം സെലിക്ക് പറഞ്ഞു.മൂന്ന് ദിവസം പൂർണ്ണമായും അവശിഷ്ടങ്ങൾക്കിടയിൽ കിടന്നു എലിഫ് പെരിൻസെക് എന്ന പെൺകുട്ടി. തൊട്ടുസമീപത്തായി അവൾ കിടന്നിരുന്ന ബെഡുമുണ്ടായിരുന്നു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് 106 ജീവനുകൾ ഇതുവരെയായി രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് തുർക്കി അഗ്നിശമന സേന അറിയിച്ചു.
എലിഫിന്റെ അമ്മയേയും ഇരട്ടകളായ രണ്ട് സഹോദരിമാരേയും രണ്ടു ദിവസം മുമ്പ് രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ആറ് വയസുകാരനായ സഹോദരനെ രക്ഷിക്കാനായില്ല. ജീവനോടെയാണ് പുറത്തെടുത്തതെങ്കിലും സഹോദരൻ പിന്നീട് മരിച്ചു.വെള്ളിയാഴ്ച ഉച്ചയോടെയാണ് ഭൂകമ്പമാപിനിയിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തുർക്കിക്കും സമോസിനും ഇടയിൽ 16.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ആയിരത്തോളം പേർക്ക് ഭൂചലനത്തിൽ പരിക്കേറ്റിട്ടുണ്ട്. 200 ഓളം പേർ നിലവിൽ ആശുപത്രിയിലുണ്ട്.

