KSDLIVENEWS

Real news for everyone

ഇറാനെ ആക്രമിച്ചാൽ ചെങ്കടലിൽ യുഎസ് കപ്പലുകളെ ആക്രമിക്കും: മുന്നറിയിപ്പുമായി ഹൂതികൾ

SHARE THIS ON

ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക പങ്കാളികളായാൽ ചെങ്കടലിൽ യു.എസ്. കപ്പലുകളെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഹൂതികൾ. ഇസ്രയേലിനെ പിന്തുണച്ച് നേരിട്ടുള്ള സൈനിക ഇടപെടലിന് അമേരിക്ക തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഹൂതികളുടെ മുന്നറിയിപ്പ്.

‘സയണിസ്റ്റ് ഭരണകൂടത്തെ പിന്തുണച്ചുകൊണ്ട് ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള അമേരിക്കൻ ആക്രമണം ഉണ്ടായാൽ, അത് ചെങ്കടലിലെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഉടനടിയുള്ള പ്രഹരങ്ങൾക്ക് കാരണമാകും’ ഹൂതി സായുധ സേന പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

ഗാസ, ലെബനൻ, സിറിയ, ഇറാൻ എന്നിവിടങ്ങളിൽ ആക്രമണം നടത്തി പശ്ചിമേഷ്യൻ മേഖലയിൽ ആധിപത്യം സ്ഥാപിക്കാനുള്ള സയണിസ്റ്റ്-അമേരിക്കൻ ഗൂഢാലോചന കടുത്ത പ്രതിരോധം നേരിടേണ്ടി വരും. എല്ലാ ശത്രു നീക്കങ്ങളും തങ്ങൾ നിരീക്ഷിച്ചുവരികയാണ്. അധിനിവേശത്തിനെതിരെ എല്ലാ മുസ്ലീം രാജ്യങ്ങളെയും സംരക്ഷിക്കാൻ തങ്ങൾ തയ്യാറാണെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീഹ് പറഞ്ഞു.

ഗാസയിലെ യുദ്ധത്തിൽ ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 2023 നവംബർ മുതൽ ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾക്കുനേരേ ഹൂതികൾ ആക്രമണം ആരംഭിച്ചിരുന്നു. മറുപടിയായി യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന യെമെനിൽ ബോംബിട്ടു. നൂറിലേറെ കപ്പലുകളാണ് അന്ന് ഹൂതികൾ ആക്രമിച്ചത്. രണ്ട് കപ്പലുകളെ ചെങ്കടലിൽ മുക്കിക്കളയുകയും ചെയ്തിരുന്നു.

മേയ് മാസത്തിൽ, അമേരിക്കയും ഹൂതികളും വെടിനിർത്തലിന് സമ്മതിച്ചിരുന്നു. യുദ്ധം തുടരില്ലെന്ന് ഹൂതികൾ സമ്മതിച്ചതായും അത് മാനിച്ച് യുഎസ് യെമെനിൽ ബോംബിടൽ നിർത്തുകയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് ഹൂതികളും വെടിനിർത്തൽ സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!