ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രയേല്‍: ശക്തമായി തിരിച്ചടിക്കുമെന്ന് മന്ത്രി; നിഷേധിച്ച് ഇറാന്‍

ടെൽ അവീവ്: ഇറാൻ-ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ വെടിനിർത്തൽ ലംഘനം നടന്നതായി ആരോപണം. വെടിനിർത്തൽ ലംഘിച്ച് ഇറാൻ മിസൈലാക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന ആരോപിച്ചു. ശക്തമായി തിരിച്ചടിക്കാൻ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് നിർദേശം നൽകി.
വെടിനിർത്തൽ ലംഘിച്ച് ഇറാൻ വിക്ഷേപിച്ച മിസൈലുകൾ പ്രതിരോധിച്ചതായും ഐഡിഎഫ് അറിയിച്ചു. അതേസമയം ഇസ്രയേലിന്റെ ആരോപണം ഇറാൻ നിഷേധിച്ചു. വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാനിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ 12 ദിവസത്തെ ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ഇന്ന് രാവിലെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായും ദയവായി അത് ആരും ലംഘിക്കരുതെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പിന്നാലെ ഇസ്രയേൽ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് സർക്കാർ തലത്തിലുള്ള ഔദ്യോഗിക പ്രതികരണം വന്നിട്ടുണ്ടായിരുന്നില്ല.
വെടിനിർത്തലിനായി ഇറാനും ഇസ്രയേലും തന്നെ സമീപിക്കുകയായിരുന്നുവെന്നാണ് ട്രംപ് അവകാശപ്പെട്ടിട്ടുള്ളത് ഖത്തറിന്റെ മധ്യസ്ഥതയിലാണ് വെടിനിർത്തലിന് ഇറാൻ സമ്മതം അറിയിച്ചതെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഖത്തറിന്റെ പേര് ട്രംപ് പരാമർശിച്ചിട്ടില്ല.

