വൊളന്റിയർമാർ സാറന്മാരായി, 100 തികഞ്ഞ അബ്ദുള്ള മൗലവി സ്മാർട് ഫോണെടുത്തു; ആദ്യ ഡിജിറ്റൽ സാക്ഷരസംസ്ഥാനമായി കേരളം

തിരുവനന്തപുരം: സർക്കാരും പഠിപ്പിച്ചു, പിള്ളേരും പഠിപ്പിച്ചു. നൂറ്റഞ്ചിലേക്കെത്തുന്ന എം.എ. അബ്ദുള്ള മൗലവി ബാഫഖിയും അങ്ങനെ ഡിജിറ്റലായി. ‘സന്തോഷം’-പെരുമ്പാവൂർ ഓടക്കാലി, എക്കുന്നം, മടത്തിക്കുടി വീട്ടിൽ അബ്ദുള്ള മൗലവി, ഡിജിറ്റൽ സാക്ഷരനായതിന്റെ ആഹ്ലാദംപങ്കിട്ടതും ഫോണിൽത്തന്നെ.
നോക്കിയയുടെ കുഞ്ഞുഫോണിൽ വിളിക്കപ്പുറത്തേക്ക് അബ്ദുള്ളയുടെ ഫോണറിവ് വളർന്നിരുന്നില്ല. ഇതിനിടെയാണ് സർക്കാരിന്റെ ‘ഡിജികേരളം’ വൊളന്റിയർമാർ അദ്ദേഹത്തെ കണ്ടെത്തിയത്. അബ്ദുള്ളയുടെ ഡിജിറ്റൽ മോഹം മാസങ്ങൾക്കുള്ളിൽ യാഥാർഥ്യമായി.. യു ട്യൂബാണ് ഇപ്പോഴത്തെയിഷ്ടം. ഫെയ്സ്ബുക്കിലും കൈവെക്കാറുണ്ട്, അത്ര നിർബന്ധമല്ലെന്നുമാത്രം.
മകനും കായംകുളം നെല്ലുഗവേഷണകേന്ദ്രത്തിലെ ജീവനക്കാരനുമായ ഫൈസൽ അലിയുടെ സ്മാർട്ട് ഫോണിലായിരുന്നു പഠനം. കൊച്ചുമക്കളും സർക്കാരിന്റെ വൊളന്റിയർമാരും ‘സാറന്മാ’രായപ്പോൾ സമ്പൂർണ ഡിജിറ്റൽ സാക്ഷരതനേടിയ കേരളത്തിലെ 21,87,677 പേരിലൊരാളായി അബ്ദുള്ളയും. അബ്ദുള്ളയ്ക്ക് ഒരാഗ്രഹമേ ബാക്കിയുള്ളൂ- മകന്റെ സാന്നിധ്യം വേണ്ടതിനാൽ ഫൈസലിന് ഒാടക്കാലി കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റംവേണം.പഠനംപൂർത്തിയാക്കിയവരിൽ നൂറുകഴിഞ്ഞവർപോലും വാട്സാപ്പും യു ട്യൂബും ഫെയ്സ്ബുക്കും കാണുന്നുണ്ടിപ്പോൾ. തോറ്റവരെ വീണ്ടും പഠിപ്പിച്ചു.
തദ്ദേശവകുപ്പിനുകീഴിൽ ചെറുപ്പക്കാരും കൗമാരക്കാരും ഇവരെ പഠിപ്പിക്കുന്നതേറ്റെടുത്തു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിസ്ഥലത്ത് പ്രത്യേകം ക്ലാസൊരുക്കി. ഫോണുപയോഗിച്ച് ബില്ലടയ്ക്കാനും അപേക്ഷ അയക്കാനുമൊക്കെ പ്രാപ്തരാക്കി. ഓഗസ്റ്റ് 21-ന് കേരളം രാജ്യത്തെ ആദ്യ ഡിജിറ്റൽസാക്ഷര സംസ്ഥാനമായതിന്റെ പ്രഖ്യാപനം തിരുവനന്തപുരത്ത് നടക്കും-99.99 ശതമാനംനേട്ടത്തോടെ.

