KSDLIVENEWS

Real news for everyone

അവന്റെ കള്ളച്ചിരിയാണ് ചതിയുടെ മുഖ്യ ആയുധം’; യൂത്ത് കോണ്‍ഗ്രസില്‍ പരസ്യപ്പോര്, ഗ്രൂപ്പ് പൂട്ടി അഡ്മിൻ

SHARE THIS ON

തിരുവനന്തപുരം: തമ്മിലടി രൂക്ഷമായതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് വാട്സാപ് ഗ്രൂപ്പില്‍ സന്ദേശം അയക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും അബിൻ വർക്കിയുടേയും അനുയായികള്‍ തമ്മില്‍ പരസ്യപ്പോര് ഗ്രൂപ്പില്‍ രൂക്ഷമായതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ ഒണ്‍ലി ആക്കി മാറ്റിയത്.

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ചർച്ചകള്‍ പാർട്ടിക്കുള്ളില്‍ ഏകദേശം കെട്ടടങ്ങുന്ന ഘട്ടത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പുതിയ ചർച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. പുതിയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ആരാകും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. രാഹുലിന് പിന്നാലെ അബിൻ വർക്കി അധ്യക്ഷനാകുമെന്ന ചർച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. മറ്റുപേരുകളും ഈ സ്ഥാനത്തേക്ക് ഉയർന്നു കേള്‍ക്കുന്നുണ്ട്.

കഴിഞ്ഞതവണ അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ അബിന്റെ പേരാണ് ഇപ്പോള്‍ ഉയർന്നു കേള്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വോട്ട് നേടി വൈസ് പ്രസിഡന്റ് ആയ ആള്‍ ആണ് അബിൻ വർക്കി. അതുകൊണ്ടുതന്നെ അബിൻ വർക്കി അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെ എന്ന ചർച്ചകളും നടക്കുന്നുണ്ട്. ഇതോടൊപ്പം അഭിജിത്ത്, ബിനു ചുള്ളിയില്‍ തുടങ്ങിയവരുടെ പേരുകളും ഉയർന്നു കേള്‍ക്കുന്നുണ്ട്.

അബിന്റെ വരവിനെ തടയിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് വാട്സാപ്പ് ഗ്രൂപ്പിലെ തമ്മിലടി എന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. രാഹുലിനൊപ്പം ഉണ്ടായിരുന്നവർ അബിൻ വർക്കിയെ ബാഹുബലിയിലെ കട്ടപ്പ ആയി ചിത്രീകരിച്ചാണ് പോസ്റ്റ് ചെയ്തത്. ‘തോളില്‍ കൈയ്യിട്ട് നടന്നവന്റെ കുത്തിന് ആഴമേറും’ എന്ന കുറിപ്പും ചേർത്തിട്ടുണ്ട്. ഇതിന് താഴെയായാണ് പലരും പല കമന്റുകളുമായി രംഗത്തെത്തിയത്. പിന്നില്‍നിന്ന് കുത്തിയ ഒരാള്‍ വീണ്ടും നേതൃത്വത്തിലേക്ക് വരാൻ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്ന് ചാറ്റില്‍ ചിലർ പറയുന്നു.

‘രക്തത്തിന് വേണ്ടി കൊതിച്ച ചെന്നായ്ക്കള്‍ എന്നുതന്നെ അവരെ വിശേഷിപ്പിക്കാം. നാണമില്ലാത്ത വർഗ്ഗങ്ങള്‍’, ‘ഒറ്റുകാർ ശത്രുക്കളല്ല എന്നതാണ് ഏറ്റവും വിഷമകരമായ കാര്യം’, ‘ചതിയുടെ മുഖ്യ ആയുധം അവന്റെ കള്ളച്ചിരി തന്നെയാണ്. തിരിച്ചറിയാൻ പറ്റാത്ത ചിരി. ആട്ടിൻ തോലിന് പകരം പച്ച തത്തയുടെ കുപ്പായം അണിഞ്ഞ ചെന്നായ. അവരെ ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല’, കൂടെ ഉള്ളവനെ വേട്ടയ്ക്ക് ഇട്ട് കൊടുത്ത് കസേര മോഹവുമായി നടക്കുന്നവരുണ്ടെങ്കില്‍, അത്തരക്കാരോട് ഒന്നേ പറയാനുള്ളൂ… ഞങ്ങളാരും വനവാസത്തിന് പോകാൻ ഉദ്ദേശിക്കുന്നില്ല, ഇവിടെത്തന്നെ കാണും…’, ‘കഥ മെനയലുകളഉം, സൂത്രത്തില്‍ കസേര ഒപ്പിക്കാനായുള്ള പോസ്റ്റർ വിപ്ലവങ്ങളും തുടരട്ടെ.. നമുക്ക് കാണാം..’, പ്രസിഡന്റിനെ കൊത്തി പറിക്കാൻ ഇട്ടുകൊടുത്തിട്ട് കസേര സ്വപ്നം കാണുന്ന ഒറ്റുകാരോട് ഒരു കാര്യം, ആ പൂതി മനസ്സില്‍ വെച്ചാല്‍ മതി..’- തുടങ്ങിയ കമന്റുകളാണ് ഗ്രൂപ്പില്‍ വന്നത്. ഇതോടെ പ്രശ്നം രൂക്ഷമാകുന്ന ഘട്ടത്തിലെത്തി. തുടർന്ന് ഗ്രൂപ്പില്‍ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.

രാഹുലിനെതിരേയുള്ള നീക്കത്തിന് അബിൻ വർക്കിയ്ക്കും പങ്കുണ്ടെന്ന വിമർശനമാണ് ഗ്രൂപ്പില്‍ നടക്കുന്നത്. കഴിഞ്ഞദിവസം കെഎസ്യു ജനറല്‍ സെക്രട്ടറി സ്നേഹയുടെ ഒരു ഓഡിയോ സന്ദേശം ഗ്രൂപ്പില്‍ പ്രചരിച്ചിരുന്നു. ആരോപണങ്ങളില്‍ രാഹുല്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഓഡിയോ സന്ദേശം. ഐ ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കുന്നവരാണ് സ്നേഹയും അബിൻ വർക്കിയും. അബിൻ വർക്കി സമ്മർദ്ദം ചെലുത്തി സ്നേഹയെക്കൊണ്ട് ഓഡിയോ അയപ്പിച്ചു എന്നതരത്തിലുള്ള വിമർശനം രാഹുലിനൊപ്പം നില്‍ക്കുന്നവരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. തുടർച്ചയായ തമ്മിലടിക്ക് പിന്നാലെയാണ് ഗ്രൂപ്പ് അഡ്മിൻ ഒണ്‍ലി ആക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!