കേന്ദ്രം നൽകിയതു ജനത്തിന് കൊടുത്തില്ലെന്ന് അമിത് ഷാ; ഒരുരൂപ പോലും തരാത്തവരുടെ അവകാശവാദം അപാരം: പിണറായി

കൊച്ചി: വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര നിലപാടാണു സംസ്ഥാനത്തിന്റെ പ്രശ്നമെന്നു തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഇന്ത്യ: പേസ് ആൻഡ് പ്രോഗ്രസ്’ എന്ന ആശയത്തിൽ മനോരമ ന്യൂസ് സംഘടിപ്പിച്ച കോൺക്ലേവിലാണു കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ഒരേ സദസ്സിനു മുന്നിൽ ഭിന്നരാഷ്ടീയ നിലപാടുകൾ ശക്തമായി അവതരിപ്പിച്ചത്.
രാവിലെ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത അമിത് ഷാ ഉയർത്തിയ ആരോപണങ്ങൾക്കു സമാപന സമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണു മുഖ്യമന്ത്രി മറുപടി നൽകിയത്.
കണക്കുപറഞ്ഞത് ഇങ്ങനെ…
∙ അമിത് ഷാ: തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി 25% വോട്ടു വിഹിതം നേടും. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ്, എൽഡിഎഫ് മുന്നണികളെ ആശ്രയിച്ചു കേരളത്തിനു ജീവിക്കേണ്ടി വരില്ല.
∙ പിണറായി: സ്വപ്നം കാണുന്നതിന് ആരും എതിരല്ല. ബിജെപിക്കു വീഴുന്ന ഓരോ വോട്ടും ഇൗ നാടിന്റെ നവോത്ഥാനത്തിന് എതിരെയുള്ള വെല്ലുവിളിയാണ്. നമുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും വിശ്വാസമനുസരിച്ച് ആരാധിക്കാനും കഴിയാതെ വരും. വിരട്ടി കേരളത്തെ വരുതിയിലാക്കാനാവില്ല എന്ന് അമിത് ഷാ ഓർക്കണം.
∙ അമിത് ഷാ : ദുരന്ത നിവാരണ നിധി കൈകാര്യവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനുമായി പരസ്യ സംവാദം നടത്താൻ ഞാൻ തയാറാണ്. 2004 – 2014 വരെയുള്ള കാലത്തു കേരളത്തിനു ദുരന്ത നിവാരണത്തിനായി കേന്ദ്ര സർക്കാർ നൽകിയത് 1350 കോടി രൂപയാണ്. എന്നാൽ, നരേന്ദ്ര മോദി സർക്കാർ 10 വർഷത്തിനിടെ സംസ്ഥാന സർക്കാരിനു നൽകിയത് 5100 കോടി രൂപയാണ്. പക്ഷേ, സംസ്ഥാന സർക്കാർ ആ തുക ജനങ്ങൾക്കു നൽകിയില്ല എന്നതു ഗൗരവമുള്ള വിഷയമാണ്.
∙ പിണറായി: അടിക്കടി കേരളം നേരിട്ട ദുരന്തങ്ങളിൽ ഒരു രൂപ പോലും സഹായം നൽകാതെ, ദുരിതമനുഭവിച്ച ജനങ്ങളുടെ മുന്നിൽ വന്നു സഹായക്കണക്കു പറയുന്നെങ്കിൽ അത് അപാരം തന്നെ. കേന്ദ്ര ധനകാര്യ കമ്മിഷന്റെ നിർദേശങ്ങൾക്ക് അനുസരിച്ചാണു സംസ്ഥാനങ്ങൾക്കു ദുരന്ത നിവാരണ നിധിയിലേക്കു ഫണ്ട് അനുവദിക്കുന്നത്. അതു ഭരണകക്ഷിയുടെ ഒൗദാര്യമല്ല. സംസ്ഥാനങ്ങളുടെ അവകാശമാണ്. 75:25 അനുപാതത്തിലുള്ള ഫണ്ട് കേരളത്തിനു മാത്രം അനുവദിക്കുന്നതല്ല. പ്രളയത്തിൽ മുങ്ങിയ കേരളത്തെ സഹായിക്കാൻ കേന്ദ്രം തയാറായില്ല. വിദേശരാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തപ്പോൾ കേന്ദ്രം തടഞ്ഞു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ രാജ്യത്തിനു പുറത്തുനിന്നു സഹായം സ്വീകരിച്ചു. അദ്ദേഹം പ്രധാനമന്ത്രിയായപ്പോഴാകട്ടെ, കേരളത്തിനുള്ള സഹായം തടഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നു മലയാളികൾ സഹായം സ്വരൂപിച്ചു നൽകാൻ തയാറായപ്പോൾ അതു സ്വീകരിക്കാൻ മന്ത്രിമാർക്ക് അനുമതി നൽകിയില്ല. നമുക്കു നാമേ ഉള്ളൂ എന്ന അവസ്ഥയാണിപ്പോൾ.
∙ അമിത് ഷാ: യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഭരണകാലത്ത് അഴിമതിയും ക്രമസമാധാന തകർച്ചയും വികസനമില്ലായ്മയുമാണു കേരളം അനുഭവിച്ചത്. അതിനെ ചെറുക്കാൻ മുൻപു ബിജെപി ശക്തമായിരുന്നില്ല. ഇപ്പോൾ, ആ സ്ഥിതി മാറി. നരേന്ദ്ര മോദിയും ബിജെപിയും പ്രകടന മികവിന്റെ രാഷ്ട്രീയമാണു മുന്നോട്ടുവയ്ക്കുന്നത്. കേരളത്തിലെ യുവാക്കളും അതിനൊപ്പം നിൽക്കും.
കേരളത്തിലെ ബിജെപി പ്രവർത്തകർ സിപിഎം പ്രവർത്തകരിൽനിന്ന് അതിക്രൂരമായ ആക്രമണമാണു കാലങ്ങളായി നേരിടുന്നത്.
എത്രയോ പ്രവർത്തകരുടെ കയ്യും കാലും വെട്ടി. രാജ്യസഭാംഗമായി നാമനിർദേശം ചെയ്യപ്പെട്ട സി.സദാനന്ദൻ അത്തരം അക്രമത്തിന്റെ ഇരയാണ്. ദേശസുരക്ഷയുടെ കാര്യത്തിലും എൽഡിഎഫ് സർക്കാർ വിട്ടുവീഴ്ച ചെയ്യുകയാണ്. മോദി സർക്കാർ കേന്ദ്രം ഭരിക്കുന്നതു കൊണ്ടു മാത്രമാണു പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേരളം തയാറായത്. പാർട്ടിക്കാർക്കു വേണ്ടിയല്ല, ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ കേരളത്തിൽ വരണം.
∙ പിണറായി: ബിജെപി കേരളത്തിൽ അനുഭവിച്ചു എന്നു പറയുന്ന ‘യാതന’ ഒട്ടേറെ പേരെ കൊന്നൊടുക്കിയ യാതനയാണ്. ആർഎസ്എസ് എന്താണെന്നു കേരളത്തിലെ ജനങ്ങൾക്കറിയാം. കേരളത്തെ ഇന്നത്തെ രീതിയിൽ വളർത്തിയതിൽ ആർഎസ്എസിന്റെ പങ്കെന്താണ്? വർഗീയ കലാപം ഉണ്ടാക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. പൊളിറ്റിക്കൽ ഇസ്‌ലാമുമായി കശ്മീരിൽ ബന്ധം സ്ഥാപിച്ചതു ബിജെപിയാണ്. ആർഎസ്എസിനു മാത്രമല്ല, ഇടതുപക്ഷം എല്ലാ വർഗീയതയ്ക്കും എതിരാണ്.

