ബദിയടുക്കയിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ 15 ലക്ഷത്തിന്റെ പദ്ധതി

ബദിയടുക്ക∙ ബദിയടുക്കയിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നതിനു 15 ലക്ഷത്തിന്റെ പദ്ധതി. 40 വർഷം പഴക്കമുള്ള ബസ് കാത്തിരിപ്പുകേന്ദ്രം 7 വർഷങ്ങൾക്ക് മുൻപ് പൊളിച്ചുമാറ്റിയതിനു ശേഷം പുതിയ കെട്ടിടം പണിയുന്നതിനു തുടർനടപടികളുണ്ടായില്ല. പഴയ കെട്ടിടം പൊളിച്ചുമാറ്റിയതോടെ കെട്ടിടത്തിൽ യാത്രക്കാർക്കുണ്ടായിരുന്ന ശുചിമുറി സൗകര്യവും നഷ്ടമായിരുന്നു. ഇതിനു പരിഹാരമുണ്ടാക്കാനാണ് കാത്തിരിപ്പു കേന്ദ്രം പണിയുന്നത്. ചെർക്കള – കല്ലടുക്ക സംസ്ഥാനന്തര പാതയിലൂടെയും കുമ്പള – മുള്ളേരിയ കെഎസ്ടിപി റോഡിലൂടെയുമെത്തുന്ന ബസുകളാണ് ഇവിടെ പ്രവേശിക്കുന്നത്.
ശുചിമുറി സൗകര്യമുള്ള ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രം പണിയാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. കർണാടകയിലെ പുത്തൂർ, വിട്ള, സുള്ള്യ, മംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകളും പെർള, ബദിയടുക്ക, ചെർക്കള, കുമ്പള എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകളും പ്രവേശിക്കുന്ന ഇവിടെ ശുചിമുറിയില്ലാത്തത് യാത്രക്കാർ ദുരിതമായിട്ടുണ്ട്. ഇപ്പോൾ പെട്ടിക്കടകൾ നിറഞ്ഞിരിക്കുന്ന ഇവിടെ സ്വകാര്യ വാഹനങ്ങളും പാർക്ക് ചെയ്യുന്നു. ഇതൊക്കെ ഒഴിവാക്കിയാണ് ഇവിടെ ബസ് കാത്തരിപ്പുകേന്ദ്രം പണിയാൻ തീരുമാനിച്ചിട്ടുള്ളത്.

