KSDLIVENEWS

Real news for everyone

ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരത്തിന് ഇന്ന് സമ്മാനിക്കും

SHARE THIS ON

ആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദ സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ പ്രഥമ
ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്ന പുരസ്‌കാരം ഇന്ന് കായംകുളത്ത് കേരളയാത്രാ സ്വീകരണ സമ്മേളന വേദിയില്‍ വെച്ച് എസ് എന്‍ ഡി പി യോഗം മുന്‍ പ്രസിഡന്റുമാരായ അഡ്വ. സി കെ വിദ്യാസാഗര്‍, ഗോകുലം ഗോപാലന്‍, യോഗം മുന്‍ ബോര്‍ഡ് മെമ്പര്‍ അഡ്വ. എസ് ചന്ദ്രസേനന്‍, ശാശ്വതീകാനന്ദ സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ അഡ്വ. വി ആര്‍ അനൂപ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിക്കും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വിവിധ സാമുദായിക-രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും. പിന്നാക്ക ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കുന്നതില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ പോരാട്ട സമാനമായ മുന്നേറ്റങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.

ഇസ്‌ലാമിന്റെ ധര്‍മ ശാസ്ത്ര ബോധ്യങ്ങളില്‍ നിന്നുകൊണ്ട് തന്നെ, ഇതര സമൂഹങ്ങളുമായുള്ള സഹോദര്യപൂര്‍ണമായ സഹവര്‍ത്തിത്വം സാധ്യമാക്കുക വഴി, മലയാള ദേശത്തിന്റെ സഹജമായ സൗഹൃദപാരമ്പര്യത്തെ പ്രോജ്ജ്വലിപ്പിച്ചു നിര്‍ത്തുകയാണ് കാന്തപുരം ചെയ്തത്. സ്വന്തം സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പരിശ്രമിക്കുമ്പോഴും മറ്റുള്ളവരുടെ ഒരവകാശവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും ആരെയും വേദനിപ്പിക്കാതിരിക്കാനും അദ്ദേഹം കാണിക്കുന്ന കരുതല്‍ സമുദായ നേതാക്കള്‍ക്കുള്ള മികച്ച മാതൃകയാണ്. സ്വസമുദായത്തിന്റെ ശാക്തീകരണത്തിനു വേണ്ടി നടത്തുന്ന മുന്നേറ്റങ്ങളുടെയും നേട്ടങ്ങളുടെയും ഗുണഫലം സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭിക്കത്തക്ക വിധത്തില്‍ വിന്യസിക്കാനുള്ള അദ്ദേഹത്തിന്റെ ശേഷിയും സന്നദ്ധതയും സാമുദായികത എന്ന ആശയത്തെ തന്നെ പുനര്‍ നിര്‍വചിക്കുന്നുണ്ട്. സാമുദായികതയും വര്‍ഗീയതയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തുവരുന്ന ഇക്കാലത്ത്, അവ തമ്മിലുള്ള വ്യത്യാസത്തെ അടയാളപ്പെടുത്തുന്ന പ്രതീക്ഷാ നിര്‍ഭരമായ സാന്നിധ്യമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടേത്.

മാനവികത, സാഹോദര്യം എന്നീ അടിസ്ഥാനപരമായ മൂല്യങ്ങളില്‍ ഉറച്ചു നിന്നു കൊണ്ടും സാമുദായിക ശാക്തീകരണം, സാമൂഹിക വികസനം എന്നിയവയെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച സാമൂഹിക മാറ്റത്തിന്റെ മറ്റൊരു തരത്തിലുള്ള ആവിഷ്‌കാരമാണ് കാന്തപുരം മുന്നോട്ടു വെക്കുന്നത്. ഗുരുചിന്തകളെയും കേരളത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഇത്തരം ആവിഷ്‌കാരങ്ങള്‍ക്കുള്ള പങ്കിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് ‘ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരത്തിന്’ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പേര് നിര്‍ദേശിക്കുക വഴി ചെയ്തിരിക്കുന്നതെന്ന് അഡ്വ. സി കെ വിദ്യാസാഗര്‍ ചെയര്‍മാനും മുന്‍ രാജ്യസഭാ എം പി. സി ഹരിദാസ്, ഡോ. രാജേഷ് കോമത്ത് (പ്രൊഫസര്‍, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ്, എം ജി യൂണിവേഴ്‌സിറ്റി) എന്നിവര്‍ അംഗങ്ങളുമായ ജൂറി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!