കേരളം കാത്തിരിക്കുന്നത് വമ്പൻ ജനകീയ പ്രഖ്യാപനങ്ങള്‍ക്ക്, ജനുവരി 29ന് പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്; നിയമസഭ 20ന് ആരംഭിക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമതു സമ്മേളനം ജനുവരി 20ന് ആരംഭിക്കുമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കും. ജനുവരി 20 മുതല്‍ മാർച്ച് 26 വരെ ആകെ 32 ദിവസം സഭചേരുന്നതിനാണ് സമ്മേളന കലണ്ടർ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 22, 27, 28 തീയതികള്‍ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച നടക്കും.
2026-27 വർഷത്തേക്കുള്ള ബജറ്റ് അവതരണം ജനുവരി 29ന് ആണ്. ഫെബ്രുവരി 2, 3, 4 തീയതികളില്‍ ബജറ്റിന്മേലുള്ള പൊതു ചർച്ച നടക്കും. അഞ്ചിന് 2025 – 26 സാമ്പത്തിക വർഷത്തെ അവസാന ബാച്ച് ഉപധനാഭ്യർത്ഥനകള്‍, കഴിഞ്ഞ ഏതാനും സാമ്പത്തിക വർഷങ്ങളിലെ അധിക ധനാഭ്യർത്ഥനകള്‍ എന്നിവ പരിഗണിക്കും. ഫെബ്രുവരി ആറ് മുതല്‍ മാർച്ച് 22 വരെ സഭ ചേരില്ല. ഈ കാലയളവില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേർന്ന് ധനാഭ്യർത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും.
24 മുതല്‍ മാർച്ച് 19 വരെയുള്ള 13 ദിവസം 2026-27 വർഷത്തെ ധനാഭ്യർത്ഥനകള്‍ ചർച്ച ചെയ്തു പാസാക്കും. 2025-26 വർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും 2026-27 വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ടു ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കേണ്ടതുണ്ടെന്നും സ്പീക്കർ പറഞ്ഞു. സമ്മേളന കാലയളവില്‍ ജനുവരി 23 ഫെബ്രുവരി 27, മാർച്ച് 13 എന്നീ ദിവസങ്ങള്‍ അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായി വിനിയോഗിക്കും. സർക്കാർ കാര്യങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ള ദിവസങ്ങളിലെ നടപടികള്‍ ക്രമീകരിക്കുന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കും. നടപടികള്‍ പൂർത്തീകരിച്ചു മാർച്ച് 26 ന് സഭപിരിയുമെന്ന് സ്പീക്കർ അറിയിച്ചു.
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്
2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാർലമെന്റില്‍ അവതരിപ്പിക്കും. ഞായറാഴ്ചയാണെങ്കിലും ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നല്കി. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ ജനുവരി 29-ന് ചീഫ് ഇക്കണോമിക് അഡ്വൈസർ വി. അനന്ത നാഗേശ്വരൻ സമർപ്പിക്കും. ജനുവരി 28-ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഏപ്രില്‍ 2 വരെയാണ് നീണ്ടുനില്‍ക്കുക. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ സഭ സമ്മേളിക്കുന്നത്. ജനുവരി 28 ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. ഫെബ്രുവരി 13ന് ആദ്യ ഘട്ടം അവസാനിക്കും. തുടർന്ന് ഏകദേശം ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 9 ന് സഭ വീണ്ടും ചേരുകയും ഏപ്രില്‍ 2ന് സമ്മേളനം പൂർത്തിയാവുകയും ചെയ്യുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

