മാസം 1000 രൂപ, 18 – 30 വയസുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ്, കുടുംബ വാര്‍ഷിക വരുമാനം 5 ലക്ഷം കടക്കരുത്; മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയുടെ മാര്‍ഗ്ഗരേഖയ്ക്ക് അംഗീകാരം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. യുവാക്കളെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു പഠനോത്സാഹം നിലനിർത്തി നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
അപേക്ഷകർ കേരളത്തിലെ സ്ഥിരതാമസക്കാരും അപേക്ഷിക്കുന്ന തീയതിയിൽ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരും ആയിരിക്കണം.
അപേക്ഷകർ കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ / അവയുടെ അനുബന്ധ സ്ഥാപനങ്ങൾ / രാജ്യത്തെ അംഗീകൃത സർവ്വകലാശാലകൾ / ഡീംഡ് സർവ്വകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി, സർവ്വീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയിൽവെ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജൻസികൾ എന്നിവ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം. അർഹരായ ആദ്യത്തെ അഞ്ചുലക്ഷം പേർക്ക് സ്കോളർഷിപ്പ് നൽകും.
എംപ്ലോയ്മെന്റ് വകുപ്പ് മുഖേന ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് ബന്ധപ്പെട്ട വെബൽപോർട്ടൽ വഴി അപേക്ഷ നൽകാവുന്നതാണ്. ഡയറക്‌ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക.

