KSDLIVENEWS

Real news for everyone

ഇന്നുവരെ ഒന്നും കേൾപ്പിച്ചിട്ടില്ല: അവനത് താങ്ങാനായിക്കാണില്ല; യുവതിക്കെതിരെ നിയമനടപടിക്ക് ദീപക്കിന്റെ കുടുംബം

SHARE THIS ON

കോഴിക്കോട്: സമൂഹമാധ്യമത്തിൽ യുവതി ഉൾപ്പെടുത്തിയ വിഡിയോയിൽ അപമാനം നേരിട്ട ശേഷം ഞായറാഴ്ച ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കോഴിക്കോട് ഗോവിന്ദപുരം മണൽത്താഴം ഉള്ളാട്ട്തൊടി ‘ദീപക്കി’ൽ യു.ദീപക്കിന്റെ(42) മരണത്തിൽ കുടുംബം നിയമനടപടിക്ക്. തെറ്റായ ആരോപണമാണ് യുവതി ഉയർത്തിയതെന്നും ഇതോടെ ദീപക് വലിയ മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ദീപക്കിന് നീതി കിട്ടാനായി ഏതറ്റം വരെ പോകുമെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

ഉള്ളാട്ടുതൊടി ജോയിയുടെയും കന്യകയുടെയും ഏകമകനാണ് ദീപക്. കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ സ്വകാര്യ വസ്ത്രസ്ഥാപനത്തിലാണ് സെയിൽസ് എക്സിക്യൂട്ടിവ് ആയി ദീപക് ജോലി ചെയ്തു വന്നത്. വെള്ളിയാഴ്ച ജോലി ആവശ്യത്തിനായി ദീപക് കണ്ണൂർ പയ്യന്നൂരിലേക്ക് ട്രെയിനിൽ നിന്നിറങ്ങി ബസിൽ പോകുന്നതിനിടെയാണ് തന്റെ ശരീരത്തിൽ ദുരുദ്ദേശത്തോടെ സ്പർശിച്ചതായി ആരോപിച്ച് അരീക്കോട് സ്വദേശിയായ യുവതി വിഡിയോ പകർത്തിയത്. തൊട്ടുപിന്നാലെ സംഭവത്തിന്റെ വിശദീകരണവും വിലയിരുത്തലുമായി ശനിയാഴ്ചയും യുവതി മറ്റൊരു വിഡിയോ പുറത്തുവിട്ടു. ഇതോടെയാണ് ദീപക് മാനസിക സംഘർഷത്തിൽ ആയതെന്നാണ് വിവരം. വർഷങ്ങളായി ദീപക്കിനെ അറിയാമെന്നും വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി തുടർച്ചയായി നടത്തിയതെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ദീപക് ജോലി ചെയ്തുവന്ന വസ്ത്രസ്ഥാപനത്തിലെ ഉടമയും പറയുന്നത്.

കേസെടുത്ത് പൊലീസ്

ദീപക്കിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിനാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. അസ്വാഭാവിക മരണത്തിനുള്ള ബിഎൻഎസ്എസ് 194 പ്രകാരം റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയ ശേഷം ബന്ധപ്പെട്ടവരുടെ മൊഴി കൂടി എടുത്ത ശേഷം കേസിൽ തുടർനടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് പൊലീസ്. സമൂഹമാധ്യമത്തിൽ വിഡിയോ ഉൾപ്പെടുത്തിയത് സംബന്ധിച്ച് പ്രത്യേക എഫ്ഐആർ വേണമോ എന്നതിൽ പിന്നീടാകും നിലപാടെടുക്കുക. കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ദീപക്കിന്റെ കട്ടിലിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും ടാബും കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഞായറാഴ്ച രാവിലെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു.

‘ഇനിയൊരാൾക്കും ഇങ്ങനെ സംഭവിക്കരുത്..’

ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് നൽകുമെന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ പിതാവ് പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കവെയാണ് മകനു നീതി ലഭിക്കണമെന്നും തന്റെ മകനു സംഭവിച്ചത് മറ്റൊരാൾക്കും ഉണ്ടാവരുതെന്നും പിതാവ് പറഞ്ഞത്. കണ്ണൂരിൽ പോയി വന്നതിനു ശേഷം മകൻ മാനസിക പ്രയാസത്തിലായിരുന്നെന്നും പിതാവ് പറഞ്ഞു. എന്നാൽ തങ്ങൾ ഈ സംഭവത്തെ കുറിച്ച് അറിയാൻ താമസിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഒരു വക്കീലിനെ സമീപിക്കുമെന്നും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ദീപക്കിന്റെ പിതാവ് ചോയി പറഞ്ഞു. നാട്ടുകാർക്കിടയിലും മറ്റും വിഡിയോ പ്രചരിപ്പിച്ച സംഭവം മകന് മാനസിക വിഷമം ഉണ്ടാക്കി. ഇതാവാം മരണകാരണമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരു ചീത്തപ്പേരും കേൾപ്പിച്ചിട്ടില്ലാത്ത മകന് ഇത്തരം ഒരു ആരോപണം താങ്ങാൻ സാധിച്ചുകാണില്ലെന്ന് ദീപക്കിന്റെ അമ്മ കന്യക പറഞ്ഞു. ഇനിയൊരാൾക്കും ഇങ്ങനെ വരരുതെന്നും അമ്മമാർക്ക് ആർക്കും ഇത്തരത്തിൽ അനുഭവം ഉണ്ടാകരുതെന്നാണ് പ്രാർഥനയെന്നും മാതാവ് പറഞ്ഞു. മരണത്തിൽ സിറ്റി പൊലീസ് കമ്മിഷണർക്കു പ്രത്യേകം പരാതി നൽകാനാണ് കുടുംബം ഒരുങ്ങുന്നത്.

ശനിയാഴ്ച രാത്രി പത്തുമണിയോടെ കിടപ്പുമുറിയിലേക്ക് പോയ ശേഷം രാവിലെ ഏഴരയ്ക്കു മുറി തുറക്കാത്തതിനെത്തുടർന്ന് മാതാപിതാക്കൾ നാട്ടുകാരുടെ സഹായത്തോടെ വാതിൽ തുറന്നുനോക്കിയപ്പോഴാണ് ദീപക്കിനെ മരിച്ചനിലയിൽ കണ്ടത്. വിഡിയോ പ്രചരിക്കുന്ന വിവരം സുഹൃത്തുക്കളിൽ നിന്നും മറ്റുമാണ് ദീപക് അറിഞ്ഞത്. സമൂഹമാധ്യമം ഉപയോഗിക്കാത്ത മാതാപിതാക്കൾ ഇക്കാര്യം അറിഞ്ഞിരുന്നില്ല.

യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാഹുൽ ഈശ്വറും സമൂഹമാധ്യമത്തിലൂടെ അപകീർത്തി പരത്തിയതിന് യുവതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ.കുളത്തൂർ ജയ്സിങ്ങും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് കൗൺസിലർ ടി.രനീഷ് പറഞ്ഞു. കുടുംബവും ബിജെപിയും മനുഷ്യാവകാശ കമ്മിഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!