ശബരിമലയിൽ ഉണ്ടായത് പാളിച്ചല്ല, കവർച്ചതന്നെ: ആസൂത്രിത കുറ്റകൃത്യം നടന്നു; ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ ക്ഷേത്രസ്വത്ത് ആസൂത്രിതമായി കവർച്ച ചെയ്യപ്പെട്ടുവെന്നാണ് സ്വർണപ്പാളികളിലെ ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് ഹൈക്കോടതി. കൊണ്ടുപോയപാളിയല്ല തിരിച്ചെത്തിയത് എന്നതരത്തിലാണ് നിഗമനം. സ്വർണംപൂശാൻ കൊണ്ടുപോയ യഥാർഥ സ്വർണപ്പാളികളിൽ നിക്കൽ, അക്രിലിക് പോളിമർ എന്നിവ ഇല്ല. എന്നാൽ, തിരിച്ചെത്തിച്ച പുതിയ പാളികളിൽ ഇവരണ്ടിന്‍റെയും സാന്നിധ്യമുണ്ട്. അതേസമയം, മെർക്കുറിയുടെ സാന്നിധ്യം ഇല്ല. സ്വർണത്തിന്റെയും നിക്കൽ പാളിയുടെയും കനവ്യത്യാസവും ആസൂത്രിത കുറ്റകൃത്യം നടന്നുവെന്ന് വ്യക്തമാക്കുന്നതാണ്.
വിക്രം സാരാഭായ് സ്‌പെയ്‌സ് സെൻററിൽ (വിഎസ്എസ്‍സി) നടത്തിയ ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് വിലയിരുത്തിയാണ് സ്വർണക്കൊള്ള പ്രഥമദൃഷ്ട്യാ സ്ഥിരീകരിക്കുന്ന തെളിവുകളുള്ളതായി കോടതി വ്യക്തമാക്കിയത്. കേസിന്റെ വൈകാരിക സ്വഭാവവും കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സൂചനയും കണക്കിലെടുത്ത് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്ന് ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. കേസ് ഫെബ്രുവരി ഒമ്പതിന് വീണ്ടും പരിഗണിക്കും.
പിടിച്ചെടുത്ത തെളിവുകളുടെ ഡീക്കോഡിങ്ങടക്കം സാധ്യമാക്കാൻ പരിശോധന നടത്തിയ വിഎസ്എസ്‍സിയിലെ സാങ്കേതിക വിദഗ്‌ധരുടെ വിശദ മൊഴിയെടുക്കാൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി. 2024-’25 വർഷങ്ങളിൽ നടന്ന ഇടപാടുകളെക്കുറിച്ചുള്ള നിർണായക ശാസ്ത്രീയ സൂചനകളും റിപ്പോർട്ടിലുണ്ട്. ഓരോ പ്രതിയുടെയും വ്യക്തിപരമായ പങ്കിനെക്കുറിച്ചും ഓരോരുത്തരിലും ചുമത്തേണ്ട ക്രിമിനൽ ബാധ്യതകളെക്കുറിച്ചും ഇടപാടുകളുമായി ബന്ധപ്പെട്ട വൻ ഗൂഢാലോചനകൾ സംബന്ധിച്ചും തെളിയിക്കുന്നതിന് ഈ റിപ്പോർട്ട് സഹായിക്കും.
യുബി ഗ്രൂപ്പാണ് ശബരിമല ശ്രീകോവിലും മറ്റുചില ഭാഗങ്ങളും സ്വർണംപൂശിയത്. ഇതിൽ ചില ഭാഗങ്ങളിലെ പാളികളാണ് മങ്ങി എന്നും മറ്റുംകാരണംപറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ പിന്നീട് വീണ്ടും സ്വർണംപൂശിയത്. ഇതിൽ തട്ടിപ്പ് നടന്നു എന്നാണ് കേസ്. പോറ്റിയുടെ നേതൃത്വത്തിൽ സ്വർണംപൂശിയ പാളികളിൽനിന്നും യുബി ഗ്രൂപ്പ് സ്വർണംപൂശിയ ഇതുവരെ ഇളക്കാത്ത ഭാഗത്തുനിന്നും സാംപിളെടുത്താണ് ശാസ്ത്രീയ പരിശോധന നടത്തിയത്. ഇതിലെ വ്യത്യാസമാണ് പാളിമാറ്റിയെന്ന നിഗമനത്തിലേക്കെത്തിച്ചത്.
എസ്ഐടി മേധാവി എഡിജിപി എച്ച്. വെങ്കിടേഷ്, അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ, ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ എന്നിവർ കോടതിയിൽ ഹാജരായി അന്വേഷണ പുരോഗതി വിശദീകരിച്ചു.
സ്റ്റോർറൂമിൽ സൂക്ഷിച്ചിരിക്കുന്ന രണ്ടു വാതിലുകൾ ചൊവ്വാഴ്ച പരിശോധിക്കാൻ എസ്ഐടിക്കു ഹൈക്കോടതി അനുമതി നൽകി. കട്ടിളപ്പാളിയിലും പ്രഭാമണ്ഡലം പാളികളിലും പൊതിഞ്ഞിരിക്കുന്ന സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്താനാണിത്.
പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എൻആർഐ സെൽ ഡിവൈഎസ്‌പി ശ്രീകാന്ത്, കോഴിക്കോട് ചോമ്പോല സ്റ്റേഷൻ ഇൻസ്പെക്ടർ സേതുനാഥ് എന്നിവരെ എസ്ഐടിയെ സഹായിക്കാനായി ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കിയിട്ടുണ്ട്. ഇത് കോടതി രേഖപ്പെടുത്തി. ഇതുവരെയുള്ള അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തി.

