KSDLIVENEWS

Real news for everyone

എൻഎസ്എസും എസ്എൻഡിപിയും കൈകോർത്ത് എതിരേ തിരിഞ്ഞു: പറഞ്ഞവാക്കിലുറച്ച് പൊരുതാൻ വി.ഡി സതീശൻ

SHARE THIS ON

തിരുവനന്തപുരം: എൻഎസ്എസും എസ്എൻഡിപിയും കൈകോർത്ത് എതിരേ തിരിഞ്ഞെങ്കിലും പറഞ്ഞവാക്കിലുറച്ച് പൊരുതാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. വർഗീയതയ്ക്കെതിരെ പറഞ്ഞതിൽ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ചും സമുദായ നേതാക്കളെ കാണുന്നതും സംസാരിക്കുന്നതുമല്ല വർഗീയതയെന്ന് വിശദമാക്കിയുമാണ് സതീശൻ നിലപാടാവർത്തിച്ചത്.

സമുദായനേതാക്കളുയർത്തിയ എതിർപ്പിന്റെ അരികുപറ്റി സതീശനെതിരേയുള്ള നീക്കത്തിന് കോൺഗ്രസിനുള്ളിൽ കോപ്പുകൂട്ടലുണ്ടായെങ്കിലും ഒറ്റദിവസം കൊണ്ട് അത് ദുർബലമായി. മന്ത്രി സജിചെറിയാന്റെ വർഗീയത നിറഞ്ഞ പരാമർശങ്ങളാണ് സതീശന്റെ നിലപാടിന് കൂടുതൽ ജനസ്വീകാര്യതയുണ്ടാക്കിയത്. സാമുദായിക സംഘടനകളോട് പൊരുതിനിൽക്കാനുള്ള ധൈര്യം കോൺഗ്രസ് നേതാക്കൾ പൊതുവേ കാണിക്കാറില്ല. എൻഎസ്എസിനെയും എസ്എൻഡിപിയെയും എതിർക്കുന്ന നിലപാട് സതീശനും ഇപ്പോൾ സ്വീകരിച്ചിട്ടില്ല. എന്നാൽ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശങ്ങളെയാണ് അദ്ദേഹം എതിർത്തത്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വിമർശനങ്ങൾ ഏറ്റുപിടിക്കാനും അദ്ദേഹം നിന്നില്ല. വർഗീയതയ്ക്കെതിരേയാണ് താൻ പറയുന്നതെന്ന് ആവർത്തിച്ച്, സിപിഎമ്മിനുനേരേയുള്ള രാഷ്ട്രീയായുധമാക്കി മാറ്റാനാണ് സതീശൻ ശ്രമിച്ചത്.

സതീശനെ ഉന്നമിട്ടുള്ള നീക്കമല്ലെന്ന വിശദീകരണക്കുറിപ്പ് എൻഎസ്എസിന് ഇറക്കേണ്ടിയും വന്നു. സതീശൻ പറഞ്ഞത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടാണെന്ന് രമേശ് ചെന്നിത്തലയും കെ. മുരളീധരനും വ്യക്തമാക്കി. എന്നാൽ, അത്രപിന്തുണ നൽകാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫോ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശോ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. സതീശനെതിരേയുള്ള സുകുമാരൻനായരുടെ പ്രസ്താവനവന്നതിന് തൊട്ടുപിന്നാലെ പ്രവർത്തക സമിതി അംഗമായ കൊടിക്കുന്നിൽ സുരേഷ് പെരുന്നയിലെത്തിയതും കോൺഗ്രസിനുള്ളിലെ ഉൾപ്പോരിന്റെ തെളിവാണ്.

സജി ചെറിയാന്റെ പ്രസ്താവനകൂടി വന്നതോടെ മുസ്‌ലിം വിഭാഗങ്ങളിൽനിന്നുള്ള പിന്തുണയും സതീശന് കൂടി. ലീഗ് പരസ്യമായി സതീശനൊപ്പം നിൽക്കുന്ന സ്ഥിതിയായി.

ഇടതുപക്ഷത്തേക്ക് ഇടയ്ക്കൊക്കെ ചാഞ്ഞുനിന്നിരുന്ന സമസ്തയിൽപ്പോലും എതിർപ്പുയർന്നു. ക്രിസ്ത്യൻ സഭാവിഭാഗങ്ങളുമായി നല്ലബന്ധത്തിൽ പോകാനുള്ള ശ്രമം നേരത്തേ സതീശൻ തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!