ഷാഫിക്ക് 19085 വോട്ടിന്റെ ഭൂരിപക്ഷം: പേരാമ്പ്ര ഉറപ്പാക്കാൻ എൽ.ഡി.എഫിൽ ടി.പി രാമകൃഷ്ണൻ വീണ്ടുമിറങ്ങിയേക്കും

പേരാമ്പ്ര: ദേശീയപ്രസ്ഥാനത്തിന്റെയും കർഷക, ഭൂസമരങ്ങളുടെയും ചരിത്രമുറങ്ങുന്ന മണ്ണിൽ ഇത്തവണ ആരൊക്കെയാകും സ്ഥാനാർഥികളെന്നതിനെപ്പറ്റി ആലോചനകൾ തുടങ്ങിക്കഴിഞ്ഞു. ആദ്യ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തുതന്നെ നിലവിൽവന്ന മണ്ഡലമാണ് പേരാമ്പ്ര. 2011-ൽ രൂപമാറ്റം വന്നെങ്കിലും പേരാമ്പ്രയെന്ന പേര് കൈവിട്ടില്ല. ഇരുമുന്നണികളെയും തുണച്ചിട്ടുള്ള പേരാമ്പ്ര മണ്ഡലം 1980 മുതൽ ഇടതുമുന്നണിയുടെ കുത്തകസീറ്റാണ്. 1970-ൽ മുൻ മന്ത്രി ഡോ. കെ.ജി. അടിയോടിയും പിന്നീട് കെ.സി. ജോസഫും മാത്രമാണ് മണ്ഡലത്തിൽനിന്ന് വിജയിച്ച യുഡിഎഫ് എംഎൽഎമാർ.
അതിനാൽത്തന്നെ ഉറച്ച സീറ്റെന്ന് സിപിഎം കണക്കുകൂട്ടാറുള്ള പ്രദേശമാണ്. പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിൽ വലിയ തിരിച്ചടിയാണ് ഇത്തവണ എൽഡിഎഫിനുണ്ടായത്. മണ്ഡലത്തിലെ പത്ത് പഞ്ചായത്തിൽ ആറും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ഭരിക്കുന്നത് യുഡിഎഫാണ്. കാലാകാലങ്ങളായി കൈവശംവെച്ചിരുന്ന കുത്തക പഞ്ചായത്തുകളിലാണ് ഇത്തവണ എൽഡിഎഫിന് ഭരണം നഷ്ടമായത്. എട്ടായിരത്തിലേറെ വോട്ടിന്റെ മേൽക്കൈ യുഡിഎഫിന് മണ്ഡലം പരിധിയിൽ ലഭിച്ചു.
ഇതോടെ പേരാമ്പ്ര സീറ്റിൽ യുഡിഎഫ് വലിയ വിജയ പ്രതീക്ഷ വെച്ചുപുലർത്തുമ്പോൾ ഏതുവിധേനയും മണ്ഡലം നിലനിർത്താനുള്ള സ്ഥാനാർഥിയെപ്പറ്റിയുള്ള ആലോചനയാണ് സിപിഎമ്മിൽ. നിലവിലെ എംഎൽഎയും എൽഡിഎഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണന്റെ പേരാണ് പ്രധാനമായും കേൾക്കുന്നത്. അങ്ങനെയെങ്കിൽ മുൻ മന്ത്രിയായ ടി.പി. രാമകൃഷ്ണന്റെ നിയമസഭയിലേക്കുള്ള നാലാം മത്സരമായിരിക്കുമത്. വിജയസാധ്യതയ്ക്കുമുന്നിൽ ടേം നിബന്ധനകൾ കർശനമാക്കേണ്ടതില്ലെന്ന സിപിഎം തീരുമാനം അദ്ദേഹത്തിന് അനുകൂലമാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫിന്റെ മണ്ഡലം ജാഥയും നയിക്കുന്നത് എംഎൽഎതന്നെയാണ്.
കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടിരിക്കുന്ന കുറ്റ്യാടി ലഭിച്ചില്ലെങ്കിൽ രണ്ടാമതായി പേരാമ്പ്ര താത്പര്യപ്പെടുന്നുണ്ട്. പക്ഷേ, അതിന് സിപിഎം വഴങ്ങാനുള്ള സാധ്യത കുറവാണ്. യുഡിഎഫിൽ ഏറെക്കാലം കേരള കോൺഗ്രസ് (എം) മത്സരിച്ച മണ്ഡലമായിരുന്നു ഇത്. മാണി വിഭാഗം എൽഡിഎഫിൽ പോയതിനുശേഷം മുസ്ലിംലീഗാണ് കഴിഞ്ഞതവണ മത്സരിച്ചത്. ഇത്തവണ മുസ്ലിംലീഗിൽ ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിലിന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്. അതിനിടെ സീറ്റ് പിടിച്ചെടുക്കാൻ അനുകൂല സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി സീറ്റ് കോൺഗ്രസിന് നൽകണമെന്ന് ബ്ലോക്ക് നേതൃത്വം കെപിസിസിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞതവണ ടി.പി. രാമകൃഷ്ണൻ 22,592 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്ലിംലീഗിലെ സി.എച്ച്. ഇബ്രാഹിംകുട്ടിക്കെതിരേ വിജയിച്ചത്. 2016-ലുണ്ടായിരുന്ന 4101 ഭൂരിപക്ഷത്തിൽനിന്ന് വലിയ വർധനയുണ്ടാക്കാനും കഴിഞ്ഞു. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഈ മുന്നേറ്റത്തിൽനിന്ന് പിന്നോട്ട് പോകുന്ന കാഴ്ചയാണ് മണ്ഡലം പരിധിയിൽ കണ്ടത്.
ഷാഫി പറമ്പിലിന് 19,085 വോട്ടിന്റെ ഭൂരിപക്ഷം
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് 19,085 വോട്ടിന്റെ ഭൂരിപക്ഷം പേരാമ്പ്ര അസംബ്ലി മണ്ഡലത്തിൽനിന്ന് ലഭിച്ചു.
പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപാറ, നൊച്ചാട്, ചെറുവണ്ണൂർ, മേപ്പയ്യൂർ, കീഴരിയൂർ, അരിക്കുളം, തുറയൂർ എന്നിങ്ങനെ പത്തു പഞ്ചായത്തുകളാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ഇതിൽ നൊച്ചാട്, മേപ്പയ്യൂർ, കീഴരിയൂർ, അരിക്കുളം പഞ്ചായത്തുകൾ മാത്രമാണ് ഇപ്പോൾ എൽഡിഎഫ് ഭരണത്തിലുള്ളത്. 2020-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പത്ത് പഞ്ചായത്തുകളും എൽഡിഎഫിന് ഒപ്പമായിരുന്നു.

