പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: പൊതുസ്ഥലത്ത് കൊടികളും ബാനറുകളും അനുമതിയില്ലാതെ സ്ഥാപിച്ചു; ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് പൊതുസ്ഥലത്ത് അനുമതിയില്ലാതെ ഫ്ളക്സ് ബോർഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് തിരുവനന്തപുരം കോർപ്പറേഷൻ 20 ലക്ഷം രൂപ പിഴയിട്ടു. അനധികൃതമായി സ്ഥാപിച്ച ഈ ബോർഡുകളും ബാനറുകളുമെല്ലാം നീക്കണമെന്നാവശ്യപ്പെട്ടിട്ടും അത് ചെയ്യാത്തതിനാലാണ് സിറ്റി ജില്ലാ പ്രസിഡന്റിന് ബിജെപി ഭരിക്കുന്ന കോർപറേഷൻ പിഴ അടക്കാൻ നോട്ടിസ് നൽകിയത്.
പൊതുനിരത്തിൽ പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങൾ അടങ്ങിയ ബോർഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടതിനെതിരെ വ്യാപകമായി പരാതി ഉയർന്നിരുന്നുവെന്ന് പറയുന്നു. ഇതോടെ രണ്ടു മണിക്കൂറിനുള്ളിൽ ഇവ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോർപറേഷൻ കത്ത് നൽകിയെങ്കിലും നടപ്പാതയ്ക്കു കുറുകെ സ്ഥാപിച്ച ബോർഡുകൾ മാത്രമാണ് മാറ്റിയത്. പിന്നാലെയാണ് കോർപറേഷൻ സെക്രട്ടറി പിഴ നോട്ടിസ് നൽകിയത്.

