KSDLIVENEWS

Real news for everyone

അപകടത്തിൽ ചികിത്സ തേടുന്നവർക്ക് 5 ദിവസത്തേക്ക് സൗജന്യ ചികിത്സ, കൂടുതൽ പാക്കേജുകളോടെ മെഡിസെപ്പ് 2.0

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് അപകടത്തിൽപ്പെട്ട് ചികിത്സ തേടുന്നവർക്ക് ആദ്യ അഞ്ചുദിവസത്തേക്ക് പണരഹിത ചികിത്സ നൽകുമെന്ന് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പദ്ധതിക്കുകീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും സൗകര്യമുണ്ടാവും. പദ്ധതിക്കായി പതിനഞ്ചുകോടിയാണ് മാറ്റിവെച്ചിരിക്കുന്നത്.

കേരളത്തിലെ ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികൾക്കായി അപകട ലൈഫ് ഇൻഷുറൻസ് പദ്ധതിയും ഏർപ്പെടുത്തി. പതിനഞ്ചുകോടിയാണ് ഇതിനായി മാറ്റിവെച്ചത്.

കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ ഒന്നാംഘട്ടപദ്ധതി പൂർത്തിയായവേളയിൽ കൂടുതൽ പാക്കേജുകളും ആശുപത്രികളെയും ഉൾപ്പെടുത്തി മെഡിസെപ്പ് 2.0 പ്രഖ്യാപിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി ഒന്നുമുതൽ ഈ പദ്ധതി നിലവിൽ വരും. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും വിരമിച്ചവർക്കുമായും സഹകരണ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും വിരമിച്ചവർക്കുമായും മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

അസംഘടിത തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപകട ലൈഫ് ഇൻഷുറസ് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ഇൻഷുറൻസ് വകുപ്പുമായി ചേർന്ന് ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുമെന്നും പ്രഖ്യാപനത്തിലുണ്ട്. സംസ്ഥാനത്തെ ഹരിതകർമസേനാംഗങ്ങൾക്കും ഓട്ടോ-ടാക്സി തൊഴിലാളികൾക്കും ക്ഷേമനിധി അംഗളായ ലോട്ടറി തൊഴിലാളികൾക്കും ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലക്കും. ഓട്ടോ ടാക്സി തൊഴിലാളികൾക്ക് ചെലവുകുറഞ്ഞ വിഹിതം അടയ്ക്കുന്ന തരത്തിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

സംസ്ഥാനത്തെ നാൽപത്തിരണ്ട് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങളുടെ പരിധിക്ക് പുറത്തുള്ള കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ ആലോചിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. താരതമ്യേന ചെറിയ തുകയടച്ച് ചേരാൻ കഴിയുന്ന ഇൻഷുറൻ‌സ് പദ്ധതിക്കായി അമ്പതുകോടി രൂപയാണ് വകയിരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!