KSDLIVENEWS

Real news for everyone

മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ: കർഫ്യൂ ഏർപ്പെടുത്തി; ഇന്റർനെറ്റ് നിർത്തിവെച്ചു

SHARE THIS ON

ഇംഫാൽ: അക്രമങ്ങൾ കനത്തതോടെ മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തി അധികാരികൾ. ആയുധധാരികളായ അക്രമികൾ വീടുകൾക്ക് തീയിടുകയും ഇതുകാരണം ഗ്രാമവാസികൾ രാത്രിയോടെ പലായനം ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്തതോടെയാണ് സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജില്ലയിൽ അഞ്ച് ദിവസത്തേക്ക് കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുകയും ചെയ്തു.

തിങ്കളാഴ്ച രാത്രി വൈകിയാണ് ജില്ലയിൽ അക്രമങ്ങൾ ആരംഭിച്ചത്. അക്രമികൾ ലിത്തൻ സരെയ്‌ഖോങ് ഗ്രാമത്തിലെ വീടുകൾക്ക് തീയിടുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ഇതോടെ ഗ്രാമവാസികൾ പരിഭ്രാന്തരായി. കൂടുതൽ അക്രമങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് പല ഗ്രാമവാസികളും അയൽ ജില്ലയായ കാങ്പോക്പിയിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.

ടാങ്ഖുൾ ഗ്രാമത്തിലെ ജനങ്ങളും ഈ പ്രദേശങ്ങൾ വിട്ടുപോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അഗ്‌നിബാധയെ തുടർന്ന് ഉഖ്റുൽ ജില്ലയുടെ ചില ഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സംഘർഷം നിലനിൽക്കുന്നതിനാൽ മണിപ്പൂർ സർക്കാർ ഉഖ്റുൽ ജില്ലയിലുടനീളം ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കാനും സർക്കാർ ഉത്തരവിട്ടു.

‘നിലവിലെ സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും സംഘർഷം വഷളാക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയുന്നതിനും, ജില്ലയിലെ ഇന്റർനെറ്റ് സേവനങ്ങൾ ഉടനടി നിർത്തിവെക്കേണ്ടത് അത്യാവശ്യമാണ്.’ ഉത്തരവിൽ പറയുന്നു. അഞ്ച് ദിവസത്തേക്കാണ് ഈ വിലക്ക്. സംഭവസ്ഥലങ്ങൾ സന്ദർശിച്ച പോലീസ് ഉദ്യോഗസ്ഥർ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഗ്രാമവാസികളെ അറിയിച്ചു.

തിങ്കളാഴ്ച പുലർച്ചെ ഏകദേശം 12.10-ന് കെ ലുങ്വിറാം ഗ്രാമത്തിൽ ഒരു ചെറിയ തീപിടുത്തം റിപ്പോർട്ട് ചെയ്തതായും ഒരു വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചതായും പോലീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. സുരക്ഷാ സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണത്തിലാക്കിയെന്നും തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും പൊതുവായ സാഹചര്യം സാധാരണ നിലയിലാണെന്നും പോലീസ് വ്യക്തമാക്കി.

കൊൻസരം ഗ്രാമപഞ്ചായത്ത് ഈ സംഭവത്തെ ശക്തമായി അപലപിച്ചു. ഗ്രാമത്തിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കണമെന്നും ദുരിതബാധിതർക്ക് ആശ്വാസം നൽകണമെന്നും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്നും പഞ്ചായത്ത് അധികൃതർ സംസ്ഥാന, കേന്ദ്ര സർക്കാരുകളോട് ആവശ്യപ്പെട്ടു.

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളെ നേരിടാനും അധികൃതർ നടപടി സ്വീകരിച്ചു. വലിയ രീതിയിലുള്ള ജനങ്ങളുടെ പലായന വാർത്ത പോലീസ് നിഷേധിച്ചു. പുതിയ അധ്യയന വർഷം ആരംഭിച്ചതിനാൽ ഏതാനും വിദ്യാർത്ഥികളും കുടുംബങ്ങളും മാത്രമാണ് താൽക്കാലിക വാടക കെട്ടിടങ്ങളിലേക്ക് മാറിയതെന്ന് അവർ വിശദീകരിച്ചു. അവിശ്വസനീയമായ വിവരങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ശനിയാഴ്ച രാത്രി ലിത്തൻ ഗ്രാമത്തിൽ ഏഴോ എട്ടോ പേരടങ്ങുന്ന സംഘം ടാങ്ഖുൾ നാഗാ വിഭാഗത്തിൽപ്പെട്ട ഒരാളെ ആക്രമിച്ച സംഭവത്തെ തുടർന്നാണ് അക്രമങ്ങൾ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരയുടെ പക്ഷക്കാരും ലിത്തൻ സരെയ്‌ഖോങ് ഗ്രാമത്തലവനും തമ്മിൽ, ഈ പ്രശ്‌നം പതിവ് രീതിയിൽ പരിഹരിക്കാം എന്ന ധാരണയിൽ പ്രാഥമികമായ ഒത്തുതീർപ്പിൽ എത്തിയിരുന്നു.

എന്നാൽ, ഞായറാഴ്ച നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടന്നില്ല. തിങ്കളാഴ്ച രാത്രിയോടെ ലിത്തൻ സരെയ്‌ഖോങിലെ ടാങ്ഖുൾ നാഗാ വിഭാഗത്തിൽപ്പെട്ടവരുടെ നിരവധി വീടുകൾക്ക് കുക്കി തീവ്രവാദികൾ തീയിട്ടതായി ആരോപണമുയർന്നു. പ്രതികാരമായി, സമീപ പ്രദേശത്തെ കുക്കി വിഭാഗത്തിൽപ്പെട്ട ഏതാനും വീടുകൾക്ക് അവർ തീയിട്ടു. ഇതോടെയാണ് പ്രശ്‌നം വഷളായത്. കൂടുതൽ അക്രമങ്ങൾ തടയുന്നതിനും ജില്ലയിൽ ശാന്തത പുനഃസ്ഥാപിക്കുന്നതിനും ഉള്ള ശ്രമങ്ങൾ തുടരുന്നതായും സുരക്ഷാ സേന ഉയർന്ന ജാഗ്രത പുലർത്തുന്നതായും അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!