യുഎസിന് താവളമൊരുക്കി: ഗൾഫിനെ ഞെട്ടിച്ച് ആക്രമണ പരമ്പര

ദുബായ്: യുഎസ്– ഇസ്രയേൽ സഖ്യത്തിനെതിരെ ഇറാന്റെ പ്രത്യാക്രമണത്തിൽ യുദ്ധത്തിൽ പങ്കുകാരല്ലാത്ത ഗൾഫ് രാജ്യങ്ങൾ ഒന്നൊഴിയാതെ ശിക്ഷിക്കപ്പെടുന്നു; അതും നാളിതുവരെ നേരിട്ടിട്ടില്ലാത്ത വിധം വ്യോമാക്രമണത്തിലൂടെ. ജിസിസി രാജ്യങ്ങൾ വ്യാപാര, വാണിജ്യ, വിനോദ സഞ്ചാര, എണ്ണ വിപണിയിൽ അധിഷ്ഠിത രാജ്യങ്ങളാണ്. യുദ്ധവും അതിർത്തി തർക്കവും ഇവരുടെ താൽപര്യങ്ങളിൽ പെടുന്ന കാര്യമല്ല. അതുകൊണ്ടു തന്നെ പ്രതിരോധ ബജറ്റിലും യുദ്ധ മുന്നൊരുക്കത്തിലും സമാധാന മേഖലയുടെ തയാറെടുപ്പുകൾ മാത്രമേ ഗൾഫ് രാജ്യങ്ങൾക്കുള്ളു. എല്ലാ രാജ്യങ്ങളുമായും നയതന്ത്ര ബന്ധം സ്ഥാപിച്ചും ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചും മുന്നോട്ടു പോകാൻ തന്നെയാണ് ഗൾഫിലെ ഓരോ രാജ്യവും ആഗ്രഹിക്കുന്നത്. എന്നാൽ, അറബ് രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി സ്വന്തം രാജ്യത്തെ യുദ്ധ സന്നദ്ധമാക്കുകയാണ് ഇറാൻ എപ്പോഴും ചെയ്തിരുന്നത്. ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ മാതൃകയിൽ സ്വയം പര്യാപ്ത സംവിധാനം അവർ രാജ്യത്തൊരുക്കി. പ്രധാന യുദ്ധങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലാത്ത ഇറാന്റെ സൈനികശേഷി പുറമേ നിന്നു കണ്ടു വിലയിരുത്താൻ മാത്രമാണ് മറ്റു രാജ്യങ്ങൾക്കായത്.
എന്നാൽ, യുഎസ് ആക്രമണം ഇറാനിൽ ആരംഭിച്ചതിന്റെ തൊട്ടടുത്ത നിമിഷം തന്നെ ഗൾഫിലെ ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് ഇറാന്റെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും പറന്നതോടെ എല്ലാവരും ഞെട്ടലിലായി. യുഎഇയിലേക്കു മാത്രം 541 ഡ്രോണുകൾ വന്നു. ബാക്കി രാജ്യങ്ങളിലേക്കു വിട്ട ഡ്രോണുകളുടെ എണ്ണം കൂടി ചേർത്താൽ ഇതിനോടകം ഇറാൻ തൊടുത്തത് ആയിരത്തിലധികം ഡ്രോണുകൾ. ഇറാന്റെ ആയുധങ്ങളെ ഗൾഫ് രാജ്യങ്ങൾ ഫലപ്രദമായി നേരിട്ടു എന്നത് ശ്രദ്ധേയമാണ്. 90 ശതമാനത്തിലധികം ആയുധങ്ങളെയും ആകാശത്തുതന്നെ നിർവീര്യമാക്കി. അമേരിക്കൻ സേനയ്ക്കു താവളം നൽകി എന്നതാണ് ഈ യുദ്ധത്തിൽ ഗൾഫ് രാജ്യങ്ങളുടെ കുറ്റം. എന്നാൽ, ഈ ആക്രമണത്തിൽ ഈ താവളങ്ങളിൽനിന്ന് ഒരു മിസൈൽ പോലും തൊടുത്തിട്ടില്ലെന്നതു മറ്റൊരു യാഥാർഥ്യം. ഗൾഫ് രാജ്യങ്ങളെ സമ്മർദത്തിലാക്കി അമേരിക്കയെ യുദ്ധത്തിൽനിന്നു പിന്തിരിപ്പിക്കാനാണ് ഇറാൻ ആഗ്രഹിച്ചതെങ്കിലും ഫലത്തിൽ ഗൾഫ് രാജ്യങ്ങളുടെ ശത്രുത സമ്പാദിക്കാൻ മാത്രമാണ് സാധിച്ചത്. ഗൾഫ് രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക ക്യാംപുകൾ തിരിച്ചടി തുടങ്ങിയാൽ അതു താങ്ങാനുള്ള ശേഷി ഇനി ഇറാനു ബാക്കിയുണ്ടോ എന്നതു മാത്രമാണ് അറിയേണ്ടത്. അടിയും തിരിച്ചടിയും നടക്കുമ്പോൾ ഗൾഫ് മേഖല അസ്ഥിരമാകുമെന്നതിൽ തർക്കം വേണ്ട.

