അമേരിക്ക-ഇസ്രയേൽ ആക്രമണം തുടർന്നാൽ മധ്യപൂർവേഷ്യയിലെ സാമ്പത്തിക കേന്ദ്രങ്ങൾ ആക്രമിക്കും’; ഭീഷണിയുമായി ഇറാൻ

മധ്യപൂർവേഷ്യൻ സംഘർഷത്തിൽ സമവായമില്ല. അമേരിക്ക-ഇസ്രയേൽ ആക്രമണം തുടർന്നാൽ മധ്യപൂർവേഷ്യയിലെ എല്ലാ സാമ്പത്തിക കേന്ദ്രങ്ങളെയും ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ജനറൽ ഇബ്രാഹിം ജബ്ബാരിയുടേതാണ് മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്ക് അടച്ചുവെന്നും നിലവിൽ എണ്ണവില 80 ഡോളറിനു മുകളിലാണ്, ഉടൻ തന്നെ 200 ഡോളറിലെത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്ക് ലോകത്തിലെ വ്യാപാരം ചെയ്യുന്ന എണ്ണയുടെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും ഖത്തറിൽ നിന്നും യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ നിന്നുമുള്ള ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിയുടെ ഗണ്യമായ അളവും കൈകാര്യം ചെയ്യുന്നു. “ഞങ്ങളുടെ പ്രധാന കേന്ദ്രങ്ങളെ ആക്രമിക്കാൻ തീരുമാനിച്ചാൽ, മേഖലയിലെ എല്ലാ സാമ്പത്തിക കേന്ദ്രങ്ങളെയും ഞങ്ങൾ ആക്രമിക്കും,” ജബ്ബാരി പറഞ്ഞു. അതേസമയം ഇറാനെ സർവ ശക്തിയും ഉപയോഗിച്ച് ആക്രമിക്കുന്നത് തുടരുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. തങ്ങളുടെ പൈലറ്റുമാർ ഇറാന്റെയും ടെഹ്‌റാൻ്റെയും ആകാശത്തിന് മുകളിലാണെന്നും വലിയ ശക്തിയോടെ പ്രതികരിക്കുമെന്നും നെതന്യാഹു പറഞ്ഞു.
സംഘർഷം അവസാനിപ്പിക്കാൻ തുർക്കി തീവ്രമായ നയതന്ത്ര ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പ്രസിഡന്റ് എർദോഗൻ പറഞ്ഞു. ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്നു. സമാധാനപരമായ നയതന്ത്രത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ തീവ്രമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് എർദോഗൻ അറിയിച്ചു.

