ടെൽ അവീവ് ഓഫീസ് അടച്ച് മെറ്റ: ടെക് കമ്പനികളിൽ വർക്ക് ഫ്രം ഹോം; പ്രതിസന്ധി നേരിട്ട് ഗൂഗിൾ

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് മുൻകരുതൽ നടപടികളുമായി ലോകത്തെ പ്രമുഖ ടെക് കമ്പനികൾ. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലെ മെറ്റയുടെ ഓഫീസ് താത്കാലികമായി അടച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. വീടുകൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ജീവനക്കാർക്ക് അഞ്ച് ദിവസം ഹോട്ടലിൽ താമസിക്കാനുള്ള സൗകര്യവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇസ്രയേലിലെ മെറ്റയുടെ പ്രധാന കേന്ദ്രമാണ് ടെൽ അവീവിലെ ഓഫീസ്. ഗവേഷണം, വികസന പ്രവർത്തനങ്ങൾ എന്നിവയെല്ലാം അവിടെ നടക്കുന്നുണ്ട്. പരസ്യ സാങ്കേതികവിദ്യയിലടക്കം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓഫീസാണിത്. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ ഉടമകളായ സോഷ്യൽ മീഡിയ കമ്പനിക്ക് ടൽ അവീവിൽ 900 ജീവനക്കാരുണ്ട്. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ എല്ലാവർക്കും വീട്ടിൽ സുരക്ഷിതമായ മുറിയോ ഷെൽറ്ററോ ലഭ്യമല്ലെന്ന് മനസിലാക്കുന്നുവെന്നും അതിനാലാണ് താത്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുള്ളതെന്നും ജീവനക്കാർക്കയച്ച കത്തിൽ മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ എൻവിഡിയ, ആമസോൺ എന്നിവ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ടെക്നോളജി കമ്പനികൾ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. ദുബായിലെ ഓഫീസ് അടച്ച എൻവിഡിയ അവിടെയുള്ള ജീവനക്കാരോടാണ് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിർമ്മാതാക്കളാണ് എൻവിഡിയ. ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോൺ പശ്ചിമേഷ്യൻ രാജ്യങ്ങളിലുള്ള ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും പ്രാദേശിക ഭരണകൂടങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സ്നാപ്ചാറ്റിന്റെ മാതൃ കമ്പനിയായ സ്നാപ് പശ്ചിമേഷ്യയിലെ നാല് ഓഫീസുകളിലെയും ജീവനക്കാരോട് റിമോട്ട് വർക്കിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, സംഘർഷം മേഖലയിലെ ടെക്നോളജി ഇൻഫ്രാസ്ട്രക്ചറിനെയും ബാധിച്ചിട്ടുണ്ട്. മൂന്ന് ആമസോൺ വെബ് സർവീസസ് കേന്ദ്രങ്ങൾ ഇറാൻ ഡ്രോൺ ആക്രമണങ്ങളിൽ തകർന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
സംഘർഷത്തിനിടെ നിരവധി ജീവനക്കാർ ദുബായിൽ കുടുങ്ങിയതോടെ ഗൂഗിൾ പ്രതിസന്ധി നേരിടുകയാണെന്ന് മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.
ഈ മാസം ആദ്യം നടന്ന ഒരു കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ ഗൂഗിൾ ജീവനക്കാരാണ് ദുബായിൽ കുടുങ്ങിയത്. കുടുങ്ങിക്കിടക്കുന്നവരിൽ ഭൂരിഭാഗവും അമേരിക്കക്കാരല്ല, പ്രാദേശിക ജീവനക്കാരാണെന്നും അവരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ഗൂഗിൾ പറയുന്നു.
സൈബർ ആക്രമണ ഭീഷണിയും നേരിട്ട് കമ്പനികൾ
സൈബർ ആക്രമണത്തിൽ ആഗോള തലത്തിലുളള പ്രവർത്തന ശൃംഖല തടസ്സപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി യുഎസ് ആസ്ഥാനമായ മെഡിക്കൽ ഉപകരണ സേവന ദാതാവായ Stryker രംഗത്തെത്തിയിട്ടുണ്ട്. കമ്പനിക്ക് 61 രാജ്യങ്ങളിലായി 56,000 ജീവനക്കാരാണുള്ളത്. തടസങ്ങൾ നീക്കി പ്രവർത്തനം പുനരാരംഭിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണെന്ന് കമ്പനി പറയുന്നു.
ഇറാനുമായി ബന്ധമുള്ള ഒരു ഹാക്കിങ് ഗ്രൂപ്പ് Stryker-ലെ സൈബർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഹാക്കിങ് ഗ്രൂപ്പ് അവരുടെ ടെലിഗ്രാം ചാനലിൽ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും സംഭവം സൈബർ യുദ്ധത്തിന്റെ പുതിയ അധ്യായത്തിന്റെ തുടക്കമാണെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തു.
അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈന്യങ്ങൾക്ക് സാങ്കേതിക പിന്തണ നൽകുന്ന ടെക് കമ്പനികളെ ഇറാൻ ലക്ഷ്യംവെച്ചേക്കാമെന്ന് ഇറാനിൽനിന്നുള്ള വാർത്താ ഏജൻസി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. സൈന്യത്തെ പിന്തുണയ്ക്കുന്ന ടെക് കമ്പനികളുടെ പട്ടികയും അവർ പുറത്തുവിട്ടിരുന്നു. കമ്പനികൾ ആക്രമിക്കപ്പെട്ടേക്കുമോ എന്ന ആശങ്ക ഇതേത്തുടർന്ന് ഉയർന്നിരുന്നു. അതിനിടെയാണ് ടെക് കമ്പനികൾ മുൻകരുതൽ നടപടികളുമായി രംഗത്തെത്തിയിട്ടുള്ളത്.

