ശാസ്ത്രബോധമുള്ള തലമുറ കാലഘട്ടത്തിന്റെ ആവശ്യം: സയ്യിദ് യു.കെ സൈഫുള്ള തങ്ങൾ

കുമ്പള: പൊതുസമൂഹം ഒട്ടേറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത്, ശാസ്ത്രബോധമുള്ള പുതിയൊരു തലമുറ വളർന്നുവരേണ്ടത് അനിവാര്യമാണെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് യു.കെ സൈഫുള്ള തങ്ങൾ അഭിപ്രായപ്പെട്ടു. അറിവുകളെ കൃത്യമായി ഉപയോഗപ്പെടുത്തുന്ന പ്രതിഭകളെ സമൂഹമധ്യത്തിൽ അംഗീകരിക്കാൻ മുന്നോട്ടുവരുന്ന കൂട്ടായ്മകളുടെ പ്രവർത്തനം ഏറെ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹിരാകാശ വിസ്മയങ്ങൾ സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിച്ച് ഐ.എസ്.ആർ.ഒ (ISRO) അടക്കമുള്ള ദേശീയ ഏജൻസികളുടെ ശ്രദ്ധയും അംഗീകാരവും നേടിയ പത്തുവയസ്സുകാരൻ സഈം മുഹമ്മദ് കുബന്നൂരിനെ ആദരിക്കാൻ ദുബായ് മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുമ്പള റോയൽ കുബ്ബ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ റിട്ട. അഡീഷണൽ എസ്.പി. ടി.പി രഞ്ജിത്ത് മുഖ്യഅതിഥിയായി സംബന്ധിക്കുകയും പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. ബി.എൻ മുഹമ്മദ് അലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സയൻസ് പ്രതിഭയായ സഈം മുഹമ്മദിന് പുറമെ, പാമ്പ് പിടുത്തത്തിൽ വിദഗ്ധനായ സുരേഷ്, കരാട്ടെ മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ മഹീൻ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്റഫ് കർള സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി, കുമ്പള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫസൽ പേരാൽ, സഫൂറ എന്നിവർ ആശംസകൾ നേർന്നു.
സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരായ മഞ്ജുനാഥ ആൾവ, ഫാറൂഖ് ശിറിയ, ഖലീൽ മാസ്റ്റർ, ടി.എം ഷുഹൈബ്, ബദ്റുദ്ദീൻ കണ്ടത്തിൽ, മമ്മൂട്ടി മുളിയടുക്കം, ഇബ്രാഹിം ബത്തേരി, മുഹമ്മദ് കുഞ്ഞി, കളത്തൂർ അബ്ദുള്ള ബെദ്രോഡി, യൂസഫ് പാച്ചാണി, നൂർ ജമാൽ, സത്താർ ആരിക്കാടി മഖ്ദൂ മൊഗ്രാൽ , കാദർ തോട്ടുകര, എം.ജി മൊഗ്രാൽ, മജീദ് പച്ചമ്പള, ജംഷി മൊഗ്രാൽ, സെഡ്.എ കയ്യാർ, സമീർ കുമ്പള, കരീം അരിമല തുടങ്ങിയവർ സംബന്ധിച്ചു.
കെ.വി യൂസഫ് നന്ദി രേഖപ്പെടുത്തി.

