അയയാതെ രമേശ് ചെന്നിത്തല: അഭ്യന്തരത്തോടൊപ്പം തന്റെ ഒപ്പം നില്‍ക്കുന്നവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം

മന്ത്രിസഭയില്‍ ചേരാന്‍ ഹൈക്കമാന്‍ഡ് സമ്മര്‍ദം തുടരുമ്പോഴും, നിലപാടില്‍ അയയാതെ രമേശ് ചെന്നിത്തല. തന്റെ കൂടെ നില്ക്കുന്ന, നിരവധി തവണ എംഎല്‍എമാരായവരെ അടക്കം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് കൊടുക്കാമെന്ന നിലയിലാണ് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
നാല് തവണ എംഎല്‍എ ആയ ആളുകള്‍ ഉള്‍പ്പടെയുണ്ട്. ഇവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണം. എഐസിസി നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടു. അവരുടെ കാര്യത്തില്‍ തീരുമാനമായിട്ട് മന്ത്രിസഭയിലേക്കുണ്ടോ എന്നതില്‍ തീരുമാനമെടുക്കുമെന്നാണ് ചെന്നിത്തലയുടെ നിലപാട്.
അതിനിടെ,നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് രമേശ് ചെന്നിത്തലയെ കാണും. ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
ആഭ്യന്തര മന്ത്രിസ്ഥാനത്തിനോടൊപ്പം തന്റെ പക്ഷത്തുള്ളവര്‍ക്ക് കാര്യമായ പരിഗണന നല്‍കണമെന്ന ആവശ്യവും ഡിമാന്‍ഡുകളില്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍ മനസില്‍ എന്തെന്ന് വ്യക്തമാക്കാന്‍ ഇതുവരെ രമേശ് ചെന്നിത്തല തയാറായിട്ടില്ല.
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. രാവിലെ 11 മുതല്‍ തുടങ്ങുന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ധാരണയിലെത്തും. ഇന്നലെ കൊച്ചിയിലേക്ക് പോയ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി രാവിലെ പത്തരയോടെ തലസ്ഥാനത്ത് തിരിച്ചെത്തും.

