KSDLIVENEWS

Real news for everyone

തോൽവി മണത്ത നിമിഷങ്ങൾ, സൗദി ഗോൾമുഖത്ത് കടന്നാക്രമണം; ഒടുവിൽ സമനിലയിൽ ആശ്വസിച്ച് യുറഗ്വായ്‌

SHARE THIS ON

മയാമി: പിന്നിൽ നിന്ന ശേഷം 80 ാം മിനിറ്റിലെ ഗോളിൽ സൗദി അറേബ്യയ്‌ക്കെതിരെ സമനില പിടിച്ച് മുന്‍ ലോകചാംപ്യന്മാരായ യുറഗ്വായ്‌. മത്സരത്തിന്റെ തുടക്കത്തിലെ ആലസ്യത്തിനു ശേഷം ആക്രമണതന്ത്രം പുറത്തെടുത്ത സൗദി അറേബ്യ 41 ാം മിനിറ്റിൽ അബ്ദുള്ള അൽഅംരിയിലൂടെയാണ് ആദ്യ ഗോൾ നേടിയത്. മാക്സി അരൗജോയാണ് യുറഗ്വായ്‌‌യുടെ സമനിലഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ സൗദി ഗോൾമുഖത്തേക്ക് തുടരെ നടത്തിയ കടന്നാക്രമണത്തിനൊടുവിലാണ് യുറഗ്വായ്‌ ഗോൾ മടക്കിയത്. തുടർന്ന് ലീഡ് പിടിക്കാൻ ആക്രമണം കടുപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഗ്രൂപ്പ് എച്ചിൽ ഇരുടീമുകളും ഓരോ പോയിന്റ് പങ്കിട്ടു.

കളി ആരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ യുറഗ്വായ് ആദ്യ ഗോളവസരം സൃഷ്ടിച്ചു. സൗദി പ്രതിരോധത്തെ പരീക്ഷിച്ച് ബോക്സിന് മുന്നിൽ നിന്ന് മാക്സി അരൗജോ തൊടുത്ത ഷോട്ട് ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് തടുത്തു. പിന്നാലെ കോർണർ ലഭിച്ചെങ്കിലും യുറഗ്വായ്‌ക്ക് ഗോളാക്കാനായില്ല. 18 ാം മിനിറ്റിലായിരുന്നു യുറഗ്വായ് പോസ്റ്റ് ലക്ഷ്യമാക്കി സൗദിയുടെ ആദ്യ ഷോട്ട്. ക്യാപ്റ്റൻ സലേം അൽദൗസരി തൊടുത്ത നെടുനീളൻ കിക്ക് ഗോൾ കീപ്പറെ പരീക്ഷിക്കാതെ പുറത്തേക്കു പോയി. ഹൈഡ്രേഷൻ ബ്രേക്കിന് പിരിയുന്നതിനുള്ളിൽ മാക്സി അരൗജോയുടെ ഓൺടാർഗറ്റ് ഷോട്ട് മാത്രമായിരുന്നു മത്സരത്തിലെ എടുത്തുപറയത്തക്ക നീക്കം. 30 ാം മിനിറ്റിൽ യുറഗ്വായ് ഗോളെന്നുപ്പിച്ച അവസരം സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് തട്ടിയകറ്റി. സൗദി ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനിടെ ഉയർന്നുവന്ന പന്ത് യുറഗ്വായ് സ്ട്രൈക്കർ ഫെഡറിക്കോ വിനാസ് പോസ്റ്റ് ലക്ഷ്യമാക്കി ഹെഡ് ചെയ്തെങ്കിലും സൗദി ഗോൾ കീപ്പർ തട്ടിമാറ്റി.

പിന്നാലെ സൗദി താരങ്ങൾ യുറഗ്വായ് പോസ്റ്റിലേക്ക് ഇരച്ചെത്തി. 38 ാം മിനിറ്റിൽ അബ്ദുള്ള അൽഅംരിയുടെ ഷോട്ട് യുറഗ്വായ് ഗോൾ കീപ്പർ ഫെർണാണ്ടോ മുസ്ലേറ ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് പോസ്റ്റിനു പുറത്തേക്ക് തട്ടിയകറ്റി. എന്നാൽ യുറഗ്വായ്ക്ക് ആശ്വാസിക്കാൻ വകയില്ലായിരുന്നു. 41 ാം മിനിറ്റിൽ അബ്ദുള്ള അൽഅംരി സൗദിയുടെ ആദ്യ ഗോൾ സ്വന്തം പേരിൽ കുറിച്ചു. കോർണർ കിക്കിൽ ലഭിച്ച പന്ത് മുഹമ്മദ് കന്നോ പോസ്റ്റിലേക്ക് തട്ടിയെങ്കിലും ഗോൾ കീപ്പർ തടുത്തു. റൗബൗണ്ടിൽ ലഭിച്ച പന്ത് വലയിലെത്തിച്ച് അബ്ദുള്ള അൽഅംരി സൗദിക്ക് ലീഡ് സമ്മാനിച്ചു. പിന്നാലെ തുടർച്ചയായി ആക്രമിച്ച് ഗോൾ മടക്കാൻ യുറഗ്വായ്‌ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് സൗദി മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ തുടക്കം മുതൽ സൗദി ഗോൾവല ലക്ഷ്യമിട്ട് നിരന്തരം ആക്രമണം അഴിച്ചുവിട്ട യുറഗ്വായ്‌ക്ക് ഒന്നിലേറെ അവസരങ്ങൾ നേരിയ വ്യത്യാസത്തിലാണ് നഷ്ടമായത്. സൗദി വിജയത്തിലേക്ക് എന്ന് തോന്നിപ്പിച്ച നിമിഷത്തിൽ യുറഗ്വായ്‌യുടെ മറുപടി ഗോളെത്തി. 80 ാം മിനിറ്റിൽ മാക്സി അരൗജോയാണ് ഗോൾ മടക്കിയത്. ഫെഡറിക്കോ വിനാസിന്റെ ഗോൾശ്രമം സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് തട്ടിയകറ്റുന്നതിനിടെ റീബൗണ്ട് ചെയ്ത് ലഭിച്ച പന്ത് മാക്സി അരൗജോ വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ ലീഡ് പിടിക്കാൻ സൗദി ഗോൾമുഖത്തേക്ക് യുറഗ്വായ്‌ തുടരെ പന്തെത്തിച്ചെങ്കിലും വിജയിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!