KSDLIVENEWS

Real news for everyone

ആയുധങ്ങൾക്കായി ഇനി അമേരിക്കയെ കാത്തുനിൽക്കേണ്ട; ഇറാനെതിരെ സ്വന്തം കരുത്തിൽ പൊരുതണം; സൈന്യത്തിന് നിർദേശം നൽകി നെതന്യാഹു

SHARE THIS ON

തെൽ അവീവ്: ഇറാനെതിരായ പോരാട്ടത്തിൽ അത്യാധുനിക യുദ്ധോപകരണങ്ങൾക്കായി ഇനി അമേരിക്കയെ കാത്തുനിൽക്കേണ്ടതില്ലെന്ന് സൈന്യത്തോട് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണങ്ങൾക്ക് യുഎസിനെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും, സ്വന്തം ആയുധശേഷി വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നെതന്യാഹു നിർദേശം നൽകി. വെസ്റ്റ് ബാങ്കിലെ സൈനിക നീക്കങ്ങളുടെ ചുമതലയുള്ള ‘ഗഷ് എറ്റിസണു’മായി നടത്തിയ കൂടിക്കാഴ്ചയിലാണ് നെതന്യാഹുവിന്റെ ഈ നിർണായക ആഹ്വാനം.

ഇറാനും അവരുടെ പ്രോക്സി ഗ്രൂപ്പുകൾക്കുമെതിരെ നടത്തുന്ന ആക്രമണത്തിൽ ഇപ്പോൾ സ്വയംപര്യാപ്തത അനിവാര്യമാണെന്ന് നെതന്യാഹു വ്യക്തമാക്കി. ഇസ്റാഈലി മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്.

“ഇതുവരെയുള്ള സഹകരണങ്ങൾക്കും പിന്തുണയ്ക്കും അമേരിക്കയോട് നന്ദിയുണ്ട്. ഇത്രയും കാലം രാജ്യത്തെ സുരക്ഷിതമായി നിർത്തുന്നതിൽ യുഎസ് പങ്കാളിത്തം വലുതായിരുന്നു. എന്നാൽ, ഇനി അങ്ങോട്ടുള്ള കാലത്ത് നമ്മൾ നമ്മുടെ തന്നെ ആയുധങ്ങളെയും സംവിധാനങ്ങളെയും ആശ്രയിക്കേണ്ടതുണ്ട്.

ഏത് പ്രതിസന്ധിയും അതിജീവിക്കാനുള്ള തദ്ദേശീയ സംവിധാനങ്ങൾ നാം രൂപപ്പെടുത്തിയെടുക്കണം.” എന്ന് നെതന്യാഹു പറയുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈനികശേഷിയും പ്രതിരോധവും കൂടുതൽ ശക്തമാക്കുമെന്നും, കഴിഞ്ഞ 30 വർഷമായി രാജ്യം സ്വന്തം കരുത്തിലാണ് മുന്നോട്ടുപോകുന്നതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യൻ യുദ്ധവും സമാധാന ചർച്ചകളും നിർണായക ഘട്ടത്തിൽ എത്തിനിൽക്കെ നെതന്യാഹുവിൻറെ പ്രസ്താവനയെ അതീവ ഗൗരവത്തോടെയാണ് ഇസ്റാഈൽ ജനത വീക്ഷിക്കുന്നത്. എന്നാൽ, യുഎസിൻറെ പിന്തുണയില്ലാതെ ഇസ്റാഈലിന് ദീർഘകാലം യുദ്ധം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നാണ് അന്താരാഷ്ട്ര യുദ്ധനിരീക്ഷകരുടെ വിലയിരുത്തൽ.

ഇസ്റാഈലിന്റെ പ്രതിരോധ ആയുധങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും യുഎസ് നിർമിതമാണ്. (ഇസ്റാഈൽ പൂർണ്ണമായും യുഎസിനെയാണ് ആശ്രയിക്കുന്നതെന്ന് യുഎസ് വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസ് അടുത്തിടെ പ്രസ്താവിച്ചിരുന്നു).

ഇസ്റാഈലിന്റെ വ്യോമസേന പൂർണമായും അമേരിക്കൻ യുദ്ധവിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇവയുടെ അറ്റകുറ്റപ്പണികൾക്കും സ്പെയർ പാർട്സുകൾക്കും യുഎസ് സഹായം അത്യാവശ്യമാണ്. ഇസ്റാഈലിന്റെ വിഖ്യാതമായ ‘അയൺ ഡോം’ പ്രതിരോധ സംവിധാനത്തിൽ പോലും അമേരിക്കയ്ക്ക് നിർണായക പങ്കാളിത്തമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!