കാലവർഷം കനിഞ്ഞില്ല; ആലപ്പുഴയിൽ 28 ശതമാനം മഴ കുറഞ്ഞു; ഏറ്റവും കുറവ് വയനാട്ടിൽ

ആലപ്പുഴ: കാലവർഷം ആരംഭിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ജില്ലയിൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചപ്പോഴും ആലപ്പുഴയിൽ കാലവർഷത്തിന്റെ വരവ് വൈകുകയും മഴയുടെ അളവ് കുറയുകയും ചെയ്തു.
ജൂൺ ഒന്നുമുതലുള്ള കണക്കുപ്രകാരം ജില്ലയിൽ 28 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിൽ 530.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 382.3 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്താകെയും ശരാശരിയെക്കാൾ മഴ കുറവാണ്. മൂന്നു ജില്ലകളിൽ മാത്രമാണ് സാധാരണ തോതിൽ മഴ ലഭിച്ചത്. ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത് വയനാട്ടിലാണ് (67 ശതമാനം).
അതേസമയം, ജില്ലയിൽ അടുത്ത മൂന്നുദിവസവും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. ഞായറാഴ്ച മുതൽ ലഭിച്ച മഴയുടെ കണക്കിൽ ചേർത്തലയിലാണ് ഏറ്റവും കൂടുതൽ. ഇവിടെ 56 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മാവേലിക്കരയിൽ 33.2 മില്ലിമീറ്ററും മങ്കൊമ്പിൽ 27.4 മില്ലിമീറ്ററും കായംകുളത്ത് 12.1 മില്ലിമീറ്ററും ഹരിപ്പാട്ട് 7.2 മില്ലിമീറ്ററും മഴ ലഭിച്ചു. നൂറനാട് ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ 14.5 മില്ലിമീറ്ററും രേഖപ്പെടുത്തി.
മഴ ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളിപ്പൊഴി ഏകദേശം 103 മീറ്റർവരെ മുറിച്ചിട്ടുണ്ട്. അന്ധകാരനഴിയിലെ പൊഴികളും തുറന്നിട്ടുണ്ട്. തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകളും നിലവിൽ തുറന്ന നിലയിലാണ്. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ജില്ല ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്.

