KSDLIVENEWS

Real news for everyone

സ്വകാര്യ ബസുകളെ രക്ഷിക്കാൻ പ്രിയദർശിനി ഷെഡ്യൂൾ പുനഃക്രമീകരിക്കും

SHARE THIS ON

തിരുവനന്തപുരം: ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിനെ തുടർന്ന് യാത്രക്കാർ കൈവിട്ട് നഷ്ടത്തിലായ സ്വകാര്യബസുകളെ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി ബസുകളുടെ സമയം പുനഃക്രമീകരിക്കും. സ്വകാര്യ ബസുകളുമായി മത്സരിച്ച് ഓടിയിരുന്ന പാതകളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ഓർഡിനറി ബസുകളുടെ ഷെഡ്യൂൾ പുനഃക്രമീകരിക്കാനാണ് നീക്കം.

സ്വകാര്യബസുകാർക്കും യാത്രക്കാരെ കിട്ടുന്ന വിധത്തിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ യാത്രാ സമയത്തിൽ അഞ്ചുമുതൽ പത്ത് മിനിറ്റുവരെ മാറ്റംവരുത്താനാണ് തീരുമാനം. 3125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ഇതിൽ 40 ശതമാനം ഷെഡ്യൂളുകൾ സ്വകാര്യബസുകാരെ ബാധിക്കുന്ന വിധത്തിലാണെന്നാണ് പ്രാഥമിക നിഗമനം.

വരുമാനം പരമാവധി ഉയർത്താനുള്ള നിർദേശപ്രകാരം തയാറാക്കിയ ഷെഡ്യൂളുകളാണ് ഇപ്പോഴുമുള്ളത്. ചില പാതകളിൽ യാത്രക്കാരെ കിട്ടാൻ സ്വകാര്യബസുകളുമായി മത്സരിച്ച് ഓടിയിരുന്നു. റൂട്ട് കോൺഫറൻസുകളിൽ സ്വകാര്യബസുകാരുമായി തർക്കിച്ച് കൂടുതൽ യാത്രക്കാരെ കിട്ടുന്ന സമയവും സ്വന്തമാക്കിയിട്ടുണ്ട്. യാത്രക്കാരുള്ള സ്വകാര്യ ബസുകൾക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ഓടിക്കുന്ന പ്രവണതയുമുണ്ടായിരുന്നു. പരമാവധി വരുമാനമുണ്ടാക്കണമെന്ന സമ്മർദമാണ് ഡിപ്പോ മേധാവികളെ ഇതിലേക്ക് നയിച്ചത്.

സൗജന്യയാത്ര പ്രഖ്യാപിച്ചപ്പോഴും ഇതിൽ മാറ്റം വരുത്തിയിരുന്നില്ല. ചില പാതകളിൽ ആവശ്യത്തിലധികം പ്രിയദർശിനി ഓർഡിനറികൾ ഉള്ളതായും പരാതിയുണ്ട്. അതേസമയം, മറ്റുചില റൂട്ടുകളിൽ സൗജന്യയാത്ര പരിമിതമാണ്. സർക്കാർ നൽകുന്ന സൗജന്യയാത്രയുടെ ഗുണം കൂടുതൽ ബസുകളുള്ള തെക്കൻ ജില്ലകളിൽപോലും എല്ലാ റൂട്ടുകളിലും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. തിരുവനന്തപുരം നഗരത്തിലെ 320 സിറ്റി ഫാസ്റ്റുകളും ചില റൂട്ടുകൾ കേന്ദ്രീകരിച്ചാണ് ഓടുന്നത്. അതേസമയം, മറ്റുചില പാതകളിൽ പൂർണമായും പ്രിയദർശിനി ബസുകൾ മാത്രമാണുള്ളത്.

സ്വകാര്യബസുകാരുമായി റൂട്ട് പങ്കിടുന്ന മേഖലകളിൽ പ്രിയദർശിനി പദ്ധതി ആരംഭിച്ചശേഷം സ്വകാര്യബസുകാരുടെ വരുമാനത്തിൽ പ്രതിദിനം 1500 മുതൽ 2000 രൂപയുടെ വരെ കുറവുണ്ടാകുന്നുവെന്ന് മന്ത്രി സി.പി ജോൺ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. നികുതിയിൽ 50 ശതമാനം ഇളവ് നൽകിയെങ്കിലും ഇത്രയും നഷ്ടംസഹിച്ച് പിടിച്ച് നിൽക്കാൻ സ്വകാര്യബസുകൾക്ക് കഴിയില്ല.

പത്ത് വർഷത്തിന് മുമ്പ് 24,000 സ്വകാര്യബസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ അവയുടെ എണ്ണം 8000-ൽ താഴെയാണ്. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പ്രിയദർശിനി പദ്ധതികാരണം സ്വകാര്യബസുകൾ നിരത്തിൽനിന്ന് പിൻമാറുന്ന സ്ഥിതിയുണ്ടായാൽ സർക്കാർ നയത്തിന് കടുത്ത തിരിച്ചടിയാകുമെന്ന സൂചന വിവിധ കോണുകളിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ റൂട്ട് പുനഃക്രമീകരിക്കാൻ ആലോചിക്കുന്നത്. പദ്ധതിയുടെ അവലോകനത്തിന്റെ ഭാഗമായിട്ടാകും ഇത് നടപ്പാക്കുക.

പ്രിയദർശിനി പദ്ധതിയിൽ സ്ത്രീയാത്രക്കാരുടെ എണ്ണത്തിൽ 30 ശതമാനം വർധനവുണ്ടായതിന്റെ നേട്ടവും കെ.എസ്.ആർ.ടി.സി.ക്കാണ്. ടിക്കറ്റ് തുക സർക്കാർ നൽകുന്നതിനാൽ വരുമാനത്തിലും വർധനവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!