അന്യ സംസ്ഥാന തൊഴിലാളികളെ ജോലിക്ക് വിളിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് പണം തട്ടാൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ

ചട്ടഞ്ചാൽ: ജോലിക്ക് വിളിച്ചുകൊണ്ടുവന്ന ഇതരസംസ്ഥാന തൊഴിലാളിയെ അക്രമിച്ച് 16,000 രൂപയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച സംഭവത്തിൽ മൂന്നുപേരെ മേൽപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു.
കുഡ്‌ലു മജൽ പുത്തൂർ ലക്ഷംവീട്ടിലെ കെ.എം.ഉബൈദുല്ല ഇജാസ്, കുഡ്‌ലു ചൗക്കി അർജൽ ഹൗസിലെ അഹമ്മദ് മുഹമ്മദ് (40), കുഡ്‌ലു മജൽ പുത്തൂരിലെ എം.എ.മുഹമ്മദ് ഫർഹാൻ (21) എന്നിവരാണ് പിടിയിലായത്. പശ്ചിമബംഗാൾ ജൽപൈഗുരി സ്വദേശിയായ രാമൻ ബർമാനാണ് പരാതിക്കാരൻ. ചെങ്കള ഇന്ദിരാനഗറിലെ പട്ടേൽ ക്വാർട്ടേഴ്സിലാണ് ഇയാൾ താമസം. രണ്ടുമണിക്കൂർ മാത്രം ആവശ്യമുള്ള കോൺക്രീറ്റ് പണിക്ക് രാമൻ ബർമനെയും കൂട്ടി രണ്ട് സ്കൂട്ടറുകളിലായി ചട്ടഞ്ചാൽ മേൽപ്പാതയിലെ ആളൊഴിഞ്ഞ ഭാഗത്തെത്തിയ മൂന്നംഗസംഘം മൊബൈൽ ഫോൺ തട്ടിയെടുത്ത് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രാമൻ ബർമൻ പിന്നീട് സമീപത്തെ മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തട്ടിയെടുത്ത മൊബൈൽ ഫോണിൽനിന്ന് രാമൻ ബർമന്റെ സുഹൃത്തുകൾക്ക് പണം ആവശ്യപ്പെട്ട് സന്ദേശമയച്ചതായി പോലീസ് കണ്ടെത്തി. പണത്തിനായി ഇജാസിന്റെ ബാർകോഡ് അയച്ചതാണ് പ്രതികളിലേക്കെത്താൻ സഹായിച്ചത്.

