KSDLIVENEWS

Real news for everyone

മെസ്സി പെനൽറ്റി പാഴാക്കിയതിന് കളിയാക്കി; പിന്നാലെ തർക്കം, കയ്യാങ്കളി; ഓട്ടോഡ്രൈവറെ തലയ്ക്കടിച്ച് കൊന്നു

SHARE THIS ON

അറ്റ്ലാന്റ: ലോകമെങ്ങുമുള്ള ആരാധകരെ മുൾമുനയിൽ നിർത്തിയ ആവേശപ്പോരാട്ടത്തിൽ ഈജിപ്തിനെ 3–2നു കീഴക്കിയാണ് അർജന്റീന ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടറിൽ കടന്നത്. 2 ഗോളിനു പിന്നിൽനിന്ന ശേഷം മത്സരത്തിന്റെ അവസാനം 3 ഗോൾ തിരിച്ചടിച്ചാണ് നിലവിലുള്ള ചാംപ്യൻമാർ അജയ്യരായി കുതിപ്പു തുടർന്നത്. മത്സരത്തിൽ, ലോകകപ്പിലെ‍ 21–ാം ഗോൾ നേടിയ മെസ്സി, ഈ ലോകകപ്പിലെ ഗോൾ നേട്ടം 8 ആക്കിയുയർത്തുകയും ചെയ്തിരുന്നു. എന്നാൽ ആദ്യപകുതിയിൽ ലഭിച്ച പെനൽ‍റ്റി ഗോളാക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നില്ല. ഇത് ആരാധകരെ നിരാശരാക്കുകയും ചെയ്തിരുന്നു. പക്ഷേ മെസ്സിയുടെ പെനൽറ്റി മിസ്, ഒരു കൊലപാതകത്തിലും കലാശിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ബംഗ്ലദേശിലാണ് ദാരുണമായ സംഭവം.

ബംഗ്ലദേശ് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കുമില്ലയിലെ ഒരു ചായക്കടയിൽ അർജന്റീന-ഈജിപ്ത് ഫിഫ ലോകകപ്പ് മത്സരം കാണുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് 35 വയസ്സുകാരനായ മുഹമ്മദ് ഷരീഫുൽ ഇസ്‌ലാമാണ് കൊല്ലപ്പെട്ടത്. അർജന്റീനയും ഈജിപ്തും തമ്മിലുള്ള മത്സരത്തിന്റെ 15-ാം മിനിറ്റിൽ യാസർ ഇബ്രാഹിം ഹെഡ്ഡറിലൂടെ ഗോൾ നേടുകയും ഈജിപ്ത് ലീഡെടുക്കുകയും ചെയ്തു. 21-ാം മിനിറ്റിൽ സമനില പിടിക്കാനുള്ള അവസരം അർജന്റീനയ്ക്കു ലഭിച്ചെങ്കിലും മെസ്സി പെനൽറ്റി പാഴാക്കുകയായിരുന്നു. ഈ ലോകകപ്പിൽ താരം പാഴാക്കിയ രണ്ടാമത്തെ പെനൽറ്റി അവസരമായിരുന്നു ഇത്.

മെസ്സി പെനൽറ്റി പാഴാക്കിയതിന് പിന്നാലെയാണ് തർക്കമുണ്ടായതെന്ന് നസീറ ബസാർ പൊലീസ് ഔട്ട്‌പോസ്റ്റ് ഇൻ-ചാർജ് ശങ്കർ കുമാർ ദാസ് പറഞ്ഞു. ആദർശ സദർ ഉപസിലയിലെ ദുർഗാപൂർ യൂണിയന് കീഴിലുള്ള ധൻപൂർ പ്രദേശത്ത് ബംഗ്ലദേശ് സമയം ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. തർക്കം അടിപിടിയിലേക്ക് നീങ്ങിയതോടെ ബാബു, മൈൻ ഉദ്ദീൻ മാലു എന്നിവർ ചേർന്ന് ഷരീഫുലിന്റെ തലയ്ക്ക് അടക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇയാളെ ഉടൻ കുമില്ല മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓട്ടോറിക്ഷാ ഡ്രൈവറായ ഷരീഫുൽ ബ്രസീൽ ആരാധകനായിരുന്നെങ്കിലും മത്സരത്തിൽ ഈജിപ്തിനെയാണ് പിന്തുണച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഷരീഫുലിന്റെ ഭാര്യ ബ്യൂട്ടി ബാനുവിന്റെ പ്രതികരണവും റിപ്പോർട്ടിലുണ്ട്. ‘‘ഒരു ഫുട്ബോൾ മത്സരത്തിന്റെ പേരിൽ ആളുകൾക്ക് എങ്ങനെ ഒരാളെ കൊല്ലാൻ കഴിയും? എനിക്ക് രണ്ട് പെൺമക്കളുണ്ട്. അവർ ഇനി ആരെയാണ് അച്ഛാ എന്ന് വിളിക്കുക? എന്റെ രണ്ട് പെൺമക്കളും അനാഥരായി. എന്റെ ഭർത്താവിനെ കൊന്നവർക്ക് കഠിനമായ ശിക്ഷ തന്നെ ലഭിക്കണം. ഞാൻ ‌ നിസ്സഹായായ ഒരു സ്ത്രീയാണ്. ഇനി ഞാൻ എങ്ങനെ എന്റെ രണ്ട് പെൺമക്കളെ വളർത്തും? എന്റെ കുടുംബം മുഴുവൻ തകർന്നു.’’– അവർ പറഞ്ഞു. മത്സരത്തിന്റെ തുടക്കത്തിൽ മെസ്സി പെനാൽറ്റി പാഴാക്കിയതിന് ശേഷം, ഷരീഫുൽ ഒരു അർജന്റീന ആരാധകനോട് മോശമായി പെരുമാറിയതോടെയാണ് പ്രശ്നങ്ങൾ വഷളായതെന്നാണ ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.

error: Content is protected !!