KSDLIVENEWS

Real news for everyone

വി.ഡി സതീശനെതിരായ പുനർജനി കേസ് അവസാനിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

SHARE THIS ON

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ പുനർജനി പദ്ധതിയുമായി (Punarjani Scheme) ബന്ധപ്പെട്ട വിജിലൻസ് കേസ് അവസാനിപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്ത്. മുഖ്യമന്ത്രിക്കെതിരായ പരാതികളും കേസുകളും അവസാനിപ്പിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും വിജിലൻസ് സമർപ്പിച്ച ഗൗരവകരമായ കണ്ടെത്തലുകൾ പൂർണമായി തള്ളിക്കളഞ്ഞത് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പ്രളയ പുനരധിവാസത്തിനായി പറവൂർ മണ്ഡലത്തിൽ അന്നത്തെ പറവൂർ എംഎൽഎ വി ഡി സതീശൻ നടപ്പാക്കിയ പുനർജനി പദ്ധതിയിൽ മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപ സുതാര്യതയില്ലാതെ സമാഹരിച്ചതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെയോ സ്പീക്കറുടെയോ മുൻകൂർ അനുമതിയില്ലാതെ ലണ്ടനിൽ ഉൾപ്പെടെ സ്വകാര്യ സന്ദർശനത്തിനിടെ വി ഡി സതീശൻ ഫണ്ട് പിരിവ് നടത്തിയെന്നും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (FCRA) ലംഘനം ഉണ്ടായെന്നും പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി.

ഗൗരവകരമായ കുറ്റങ്ങൾ നിലനിൽക്കുന്ന സാഹചര്യം വ്യക്തമാക്കിക്കൊണ്ട് കൂടുതൽ അന്വേഷണത്തിനായി കേസ് കൈമാറാൻ വിജിലൻസ് ശുപാർശ നൽകിയിരുന്നതാണ്. എന്നാൽ യാതൊരു നിഷ്പക്ഷ അന്വേഷണവും പൂർത്തിയാക്കാതെയും പരാതിക്കാർക്ക് നോട്ടീസ് നൽകുകപോലും ചെയ്യാതെയും കേസ് തിടുക്കപ്പെട്ട് അവസാനിപ്പിക്കാനാണ് നിലവിൽ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം പുനഃപരിശോധിച്ച് നിഷ്പക്ഷവും സുതാര്യവുമായ നീതിന്യായ അന്വേഷണത്തിന് കേസ് വിടണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!