കേരളം യുഎസിനേക്കാൾ ഏറെ മുന്നിൽ, ഇത് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനം’: അനുഭവം പങ്കുവച്ച് വിദേശ സഞ്ചാരി

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും യാത്ര ചെയ്യുന്ന രാജ്യാന്തര ട്രാവൽ വ്ലോഗർ ജാക്ക് ഹിറ്റൺ, കേരള സന്ദർശനത്തിന് ശേഷം പങ്കുവച്ച നിരീക്ഷണങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ അനുഭവമാണ് കേരളം തനിക്ക് നൽകിയതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
∙ ശുചിത്വവും ഉയർന്ന സിവിക് സെൻസും
കേരളത്തിലെ തെരുവുകളിലൂടെ സഞ്ചരിക്കവേ, മറ്റ് ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് ഇവിടെ റോഡുകൾ വളരെ ശുചിയുള്ളതാണെന്നും അനാവശ്യമായ ഹോൺ അടിയും ശബ്ദകോലാഹലങ്ങളും കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം എന്തുകൊണ്ടാണ് ഇത്രയും വ്യത്യസ്തമായിരിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് ഇവിടത്തെ വിദ്യാഭ്യാസ പുരോഗതിയാണ്.
“വ്യക്തിപരമായി പറഞ്ഞാൽ, ഇവിടത്തെ വിദ്യാഭ്യാസ നിലവാരമാണ് ഈ മാറ്റത്തിന് പ്രധാന കാരണം. പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസത്തിന് നൽകിയ പ്രാധാന്യം ജനങ്ങളുടെ പൊതുബോധത്തിലും നന്മയിലുമുള്ള മാറ്റത്തിന് വഴിതെളിച്ചു. ഇത് നാടിനെ കൂടുതൽ വൃത്തിയുള്ളതും ജനങ്ങളെ പരസ്പരം പരിഗണിക്കുന്നവരുമാക്കി മാറ്റി,” ജാക്ക് തന്റെ വിഡിയോയിൽ കുറിച്ചു.
∙ അമേരിക്കയേക്കാൾ ഉയർന്ന സാക്ഷരത
കേരളത്തിലെ സാക്ഷരതാ നിരക്കിനെ കുറിച്ച് അദ്ഭുതകരമായ കണക്കുകളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. അമേരിക്കയിലെ സാക്ഷരതാ നിരക്ക് 79 ശതമാനം മാത്രമായിരിക്കുമ്പോൾ കേരളത്തിൽ അത് 96.2 ശതമാനമാണ്. സാക്ഷരതയുടെ കാര്യത്തിൽ വികസിത രാജ്യമായ അമേരിക്കയേക്കാൾ മുന്നിലാണ് കേരളമെന്നത് അദ്ദേഹം പ്രത്യേകം എടുത്തുപറയുന്നു.
∙ മതസൗഹാർദവും സാംസ്കാരിക വൈവിധ്യവും
കേരളത്തിന്റെ സവിശേഷതയ്ക്ക് മറ്റൊരു പ്രധാന കാരണം ഇവിടത്തെ മതസൗഹാർദ അന്തരീക്ഷമാണെന്ന് വ്ലോഗർ അഭിപ്രായപ്പെടുന്നു. കേരളത്തിൽ ഹൈന്ദവ മതം പിന്തുടരുന്നവർ ഏകദേശം 40 ശതമാനവും ക്രിസ്തുമതം പിന്തുടരുന്നവർ 30 ശതമാനത്തോളവുമാണ്. കൂടാതെ ഇസ്‌ലാം, ജൈന മതം തുടങ്ങി മറ്റ് നിരവധി വിശ്വാസധാരകളിൽ പെട്ട ജനങ്ങളും ഇവിടെ സൗഹാർദത്തോടെ ജീവിക്കുന്നു. ഈ വൈവിധ്യമാണ് കേരളത്തെ കൂടുതൽ സുന്ദരമാക്കുന്നത്.
‘ഇന്ത്യയിലെ പല പ്രദേശങ്ങളും എനിക്ക് പ്രിയപ്പെട്ടതാണെങ്കിലും തനിമ കൊണ്ടും കാഴ്ച്ചപ്പാടുകൾ കൊണ്ടും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വളരെ വ്യക്തമായി വേറിട്ടുനിൽക്കുന്ന ഒന്നാണ് കേരളം,’ ജാക്ക് വ്യക്തമാക്കുന്നു.
∙ സമൂഹ മാധ്യമത്തിൽ വൻ തരംഗം
വിഡിയോ വൈറലായതോടെ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരും യാത്രാ പ്രേമികളും മികച്ച പ്രതികരണങ്ങളുമായി രംഗത്തെത്തി. “കേരളം ഒരു യാത്രാലക്ഷ്യം മാത്രമല്ല, അതൊരു വികാരമാണ്”, “ഞങ്ങൾ പൂർണരല്ലായിരിക്കാം, പക്ഷേ ഇന്ത്യയിൽ ഞങ്ങൾ ഏറെ മുന്നിലാണ്” എന്നിങ്ങനെ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.
തങ്ങളുടെ നാടിനെക്കുറിച്ച് വിദേശി പങ്കുവച്ച നല്ല വാക്കുകളിൽ അഭിമാനം കൊള്ളുന്നതായി മലയാളി ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ സവിശേഷതകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണർവ് നൽകുന്നതാണ്.

