മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വിലയിരുത്തി; മന്ത്രിമാരോട് ചുമതലയുള്ള ജില്ലകളില്‍ ക്യാമ്പ് ചെയ്യാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന മഴക്കെടുതിയുടെ സാഹചര്യം മുഖ്യമന്ത്രി വി.ഡി. സതീശൻ വിലയിരുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി, വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളിൽ തന്നെ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് സി.പി. ജോണും, പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥും, കോട്ടയത്ത് മോൻസ് ജോസഫും, ഇടുക്കിയിൽ അനൂപ് ജേക്കബും ക്യാമ്പ് ചെയ്ത് കാര്യങ്ങൾ നിയന്ത്രിക്കും.റവന്യൂ മന്ത്രിയ്ക്കാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം .
കനത്ത മഴ തുടരുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളോട് നിലവിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി ഫോണിലൂടെ ചോദിച്ചറിഞ്ഞു. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അവയെ നേരിടാൻ പൂർണ്ണ സജ്ജരായിരിക്കാൻ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലാ കളക്ടർമാർക്ക് അദ്ദേഹം പ്രത്യേക നിർദ്ദേശവും നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തൃശൂർ ജില്ലയിൽക്കൂടി റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെ നിലവിൽ ഒമ്പത് ജില്ലകളിൽ അതിജാഗ്രത തുടരുകയാണ്. വയനാട്ടിലും മഴ ശക്തിപ്രാപിച്ചിട്ടുണ്ട്. ഇതിനിടയിൽ നദികളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

