KSDLIVENEWS

Real news for everyone

ജില്ലയിൽ കനത്ത മഴയിൽ ഉരുൾ പൊട്ടലും, പുഴകൾ കരകവിഞ്ഞൊഴുകിയും വൻ നാശനഷ്ടം; മലയോര മേഖലയിൽ വീടുകൾ തകർന്ന് ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

SHARE THIS ON

കാസർകോട്; ഉരുൾപൊട്ടലിനെത്തുടർന്ന് വീട്ടുമുറ്റത്തെ തോട്ടിലൂടെ കുതിച്ചെത്തിയ മലവെള്ളപ്പാച്ചിൽ നേരിൽക്കണ്ട ഞെട്ടലിൽനിന്ന് ലിയ മരിയ ഇതുവരെ മോചിതയായിട്ടില്ല. ചെമ്പോത്തുമലയിലെ കൊല്ലക്കൊമ്പിൽ സാബുവിന്റെയും ലിജിയുടെയും മകളാണ് പാലാവയൽ സെന്റ് ജോൺസ് എച്ച്എസ്എസിലെ പ്ലസ്‌വൺ വിദ്യാർഥിനി ലിയ. ശക്തമായ മഴയിൽ ഇവരുടെ വീടിനു മുകളിലേക്ക് മരംപൊട്ടിവീണു. സമീപത്തെ വൈദ്യുതത്തൂണും തകർന്നു. അനുജൻ ലിയോ സാബു, മുത്തച്ഛൻ ഏബ്രാഹം, മുത്തശ്ശി ഏലിക്കുട്ടി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

മരംപൊട്ടിവീണ വീടിനു സമീപം ലിയയും കുടുംബവും.

മരംപൊട്ടിവീണ വീടിനു സമീപം ലിയയും കുടുംബവും.
ചെറുപുഴയിൽ ബേക്കറി നടത്തുന്ന സാബുവും ലിജിയും സ്ഥാപനത്തിലായിരുന്നു. ഉരുൾപൊട്ടലിന്റെ ശബ്ദം കേട്ടപ്പോൾ സമീപത്തെ ആളുകൾ ഓടിമാറാൻ പറഞ്ഞിരുന്നു. എന്നാൽ എങ്ങോട്ടും ഓടിപ്പോകാനാകാത്ത അവസ്ഥയായിരുന്നു. മുത്തച്ഛന്റെ ധൈര്യത്തിലാണ് വീട്ടിൽ കഴിഞ്ഞതെന്ന് ലിയ പറയുന്നു. തേജസ്വിനിപ്പുഴ കരകവിഞ്ഞതിനാൽ വീട്ടിലെത്താൻ കഴിയാതെ ലിയയുടെ മാതാപിതാക്കൾക്ക് ചെറുപുഴയിൽത്തന്നെ കഴിയേണ്ടിവന്നു. ഇന്നലെ രാവിലെയാണ് ഇവർ വീട്ടിലെത്തിയത്. അപകടഭീഷണിയെത്തുടർന്ന് ഈ കുടുംബം ഇന്നലെ മാറിത്താമസിച്ചു.

കണ്ണുകളിലിപ്പോഴും നടുക്കം
‘വീടിനു പിന്നിൽ‍ മണ്ണിടിഞ്ഞ ശബ്ദവും മരങ്ങൾ വീഴുന്ന ശബ്ദവും കേട്ടാണ് പുറത്തിറങ്ങിയത്. അപ്പോഴാണ് തോട്ടിലൂടെ മലവെള്ളപ്പാച്ചിലിനൊപ്പം മണ്ണും ചെളിയും മരങ്ങളും ഒഴുകി വരുന്നത് കണ്ടത്’ – ഇന്നലെ അനുഭവിച്ചതോർക്കുമ്പോൾ അഞ്ജുവിന്റെ കണ്ണുകളിൽ നടുക്കം മാറുന്നില്ല. വൈകിട്ട് ആറോടെയാണ് സംഭവം. അടുക്കളയിൽ നിൽക്കുകയായിരുന്നു വീട്ടിലെല്ലാവരും.

ഉച്ചമുതൽ ചെളിവെള്ളവും മണ്ണും വന്നിരുന്നെങ്കിലും കാര്യമായ പ്രശ്നമുണ്ടായിരുന്നില്ല. ബാഗെടുക്കാൻ മാത്രമേ നേരമുണ്ടായിരുന്നുള്ളൂ. അൽപം മാറി താമസിക്കുന്ന പിതൃസഹോദരിയുടെ വീട്ടിലേക്കാണു കുടുംബം മാറിയത്. ഹൈദരാബാദിൽ നഴ്സായി ജോലി ചെയ്യുന്ന അഞ്ജു ലീവിന് നാട്ടിലെത്തിയതാണ്. കേഴപ്ലാക്കൽ സജിയുടെയും ബീനയുടെയും മകളാണ് അഞ്ജു.

തകർന്ന് തയ്യേനി ഗ്രാമം
തയ്യേനി ∙ ഉരുൾപൊട്ടലിൽ തകർന്ന് തയ്യേനി ഗ്രാമം. ശനിയാഴ്ച വൈകിട്ടുണ്ടായ കനത്തമഴയിലാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി, കാവുംതല വാർഡുകളിലുൾപെട്ട 6 കേന്ദ്രങ്ങളിൽ ശക്തമായ ഉരുൾപൊട്ടലും മണ്ണൊലിപ്പുമുണ്ടായത്. കാവുംതല വടക്കേമലയിലും ഒറ്റക്കുഴി ചെമ്പോത്തുമലയിലും രണ്ടിടങ്ങളിൽവീതം ഉരുൾപൊട്ടി. ഇതിനുപുറമേ അത്തിയടുക്കം, തയ്യേൻമുണ്ട, വായിക്കാനം തുടങ്ങിയ സ്ഥലങ്ങളിലും ഉരുൾപൊട്ടലുണ്ടായി. ഇതോടെ തയ്യേനി ടൗണും പരിസരവും വെള്ളത്തിൽ മുങ്ങി.

മലവെള്ളപാച്ചിലിൽ ആനചാപ്പ ചട്ടമലറോഡിലേക്ക് കല്ലും മണ്ണും വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ.

തയ്യേനി മേഖലയിൽ 40 വീടുകൾ അപകടഭീഷണിയിലായി. ചെളിവെള്ളം കയറി വീടുകൾ വാസയോഗ്യമല്ലാതായി. ഇരുപതിലധികം കിണറുകളും കുളങ്ങളും ചെളിവെള്ളം നിറഞ്ഞ് നശിച്ചു. ഒറ്റക്കുഴി ചെമ്പോത്തുമലയിൽ 2 വീടുകൾ ഒറ്റപ്പെട്ടു. ഉരുൾപൊട്ടലിനെത്തുടർന്ന് അപകടഭീഷണിയിലായ കുടുംബങ്ങൾക്കായി ശനിയാഴ്ച രാത്രിതന്നെ തയ്യേനി ഗവ.ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാംപൊരുക്കി. വായിക്കാനം,

ഒറ്റക്കുഴി മേഖലകളിലെ 17 കുടുംബങ്ങളിലെ 55 പേരെ ഈ ക്യാംപിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ഇതിൽ 43 പേർ പട്ടികവർഗ വിഭാഗക്കാരാണ്. ചെമ്പോത്തുമലയിൽ കണിയാംപറമ്പിൽ റെജി, സെബാസ്റ്റ്യൻ എന്നിവരുടെ 2.5 ഏക്കറോളം കൃഷിഭൂമി ഉരുൾപൊട്ടലിൽ പൂർണമായി തകർന്നു. ചെമ്പോത്തുമലയിലേക്കുള്ള 2 കിലോമീറ്റർ റോഡും കൊയിലംപാറ–വായിക്കാനം ഭാഗത്തെ ഒന്നര കിലോമീറ്ററോളം റോഡും മലവെള്ളപ്പാച്ചിലിൽ തകർന്നു. ഉരുൾപൊട്ടലിനെത്തുടർന്ന് ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയൻകുന്ന്, പാലാവയൽ, അരിയിരുത്തി, ആയന്നൂർ, ഓടക്കൊല്ലി, കൂട്ടക്കുഴി, നിരത്തുംതട്ട്, ചാവറഗിരി എന്നിവിടങ്ങളിലും വ്യാപകമായ നാശനഷ്ടമുണ്ടായി.

40 വീടുകൾ ഭാഗികമായി നശിച്ചു
ഈ കുടുംബങ്ങൾക്കുണ്ടായ നാശനഷ്ടം തിട്ടപ്പെടുത്തുന്നതിനായി റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട ടീം ഇന്നുമുതൽ സന്ദർശനം നടത്തുൻ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.

കരകവിഞ്ഞ് പുഴകൾ; ദുരിതം’
നീലേശ്വരം ∙ കനത്തമഴയെത്തുടർന്ന് നീലേശ്വരം പുഴയും തേജസ്വിനിപ്പുഴയും കരകവിഞ്ഞ് നീലേശ്വരം നഗരസഭയിലെ ചാത്തമത്ത്, പൊടോത്തുരുത്തി, ചെമ്മാക്കര, മുണ്ടേമ്മാട്, കരുവാച്ചേരി, തോട്ടുംപുറം എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി. കിനാനൂർ–കരിന്തളം പഞ്ചായത്തിലെ അണ്ടോൾ, വേളൂർ, പാറക്കോൽ, കീഴ്മാല, കിനാനൂർ തുടങ്ങിയ പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായതിനാൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഫയർ ആൻഡ് റെസ്ക്യൂ, റവന്യു, തദ്ദേശ സ്ഥാപന അധികൃതർ സ്ഥലത്തെത്തി ആൾക്കാരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി.


വെള്ളരിക്കുണ്ട് കുന്നുംകൈ ആറിലകണ്ടത്ത് പുഴയുടെ കരയിടിച്ചിൽ മൂലം മൂന്നുവീടുകൾ അപകടഭീഷണിയിലായി. ഒടയംചാൽ ചെറുപുഴ മരാമത്ത് റോഡ് വെള്ളരിക്കുണ്ട് – മാലോം – കൊന്നക്കാട് മരാമത്ത് റോഡ്, ഭീമനടി – നർക്കിലക്കാട് – ചിറ്റാരിക്കാൽ മരാമത്ത് റോഡുകളിലും റോഡുകളിൽ വെള്ളക്കെട്ട് മൂലം ഗതാഗതതടസ്സമുണ്ടായി.

കനത്തമഴയെ തുടർന്ന് നീലേശ്വരം ചാത്തമത്ത് പ്രദേശത്ത് വെള്ളം കയറിയപ്പോൾ.

ഉപ്പള ശാരദ നഗറിൽ വീട് കടലെടുത്തു
ഉപ്പള ശാരദ നഗർ കടപ്പുറത്തു കടലാക്രമണം രൂക്ഷമായി തുടരുന്നു. 50 മീറ്ററോളം തീരം കടലെടുത്തതോടെ ഒരു വീട് തകർന്നു. ഒട്ടേറെ തെങ്ങുകളും കടപുഴകിവീണു. ശശികലയുടെ വീടാണ് തകർന്നത്. ഇവർ ബന്ധുവീട്ടിലേക്കു മാറി. ശാരദ നഗറിലെ മറ്റു കുടുംബങ്ങളും ഭീതിയിലാണ്. മഞ്ചേശ്വരം ഹാർബർ വന്നതിനുശേഷമാണ് കടലാക്രമണം രൂക്ഷമായതെന്നാണ് പ്രദേശവാസികൾ ആരോപിച്ചു. പുലിമുട്ടിന്റെ പല ഭാഗങ്ങളും തിരമാലകൾ കവർന്നു. 10 മീറ്ററോളം ഭാഗത്തെ പുലിമുട്ടുകൾ ഇതിനകം തകർന്നു. വർഷംതോറും തീരം കടലെടുക്കുന്നത് പതിവായിട്ടും പരിഹാരമുണ്ടാക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

ശിവമൊഗ്ഗയിൽ മണ്ണിടിച്ചിൽ; 3 വയസ്സുകാരനടക്കം കുടുംബത്തിലെ മൂന്നുപേർ മരിച്ചു കുടുംബത്തിലെ 3 പേർ മരിച്ചു. കൊപ്പൽ ഗംഗാവതി താലൂക്കിലെ കക്കരഗൊൾ സ്വദേശികളായ മല്ലികാർജുൻ (35), ഭാര്യ നാഗവേണി (28), മകൻ സന്തോഷ് (3) എന്നിവരാണ് മരിച്ചത്.പുലർച്ചെ 2.30ന് ആണ് സംഭവം. ഇന്ദിരാനഗറിൽ ഇവർ താമസിക്കുന്ന താൽക്കാലിക ഷെഡിന് മുകളിലേക്ക് കുന്നിടിഞ്ഞു വീഴുകയായിരുന്നു. അഗ്നിരക്ഷാസേനയും പൊലീസും മണിക്കൂറുകളെടുത്താണ് മ‍ൃതദേഹങ്ങൾ പുറത്തെടുത്തത്. നിർമാണത്തൊഴിലിനായി മാസങ്ങൾക്കു മുൻപാണ് ഇവർ ശിവമൊഗ്ഗയിൽ എത്തിയത്.


കടലാക്രമണത്തിൽ തകർന്ന ഉപ്പള ശാരദ നഗറിൽ ശശികലയുടെ വീട്.

കടലാക്രമണത്തിൽ തകർന്ന ഉപ്പള ശാരദ നഗറിൽ ശശികലയുടെ വീട്.
കനത്തമഴയിൽ ജോലി ഇല്ലാത്തതിനാൽ മൂന്നുദിവസമായി ഇവർ തൊഴിലാളികൾക്കായി ഒരുക്കിയ താമസസ്ഥലത്തു തങ്ങുകയായിരുന്നു. തൊട്ടടുത്ത ഷെഡിൽ ഉറങ്ങുകയായിരുന്ന കൊപ്പൽ സ്വദേശി ഹനുമന്തയ്ക്കും ഗുരുതരമായി പരുക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. പരുക്കേറ്റവർക്കും മരിച്ചവരുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച തീർഥഹള്ളി എംഎൽഎ അഗര ജ്ഞാനേന്ദ്ര അറിയിച്ചു. നേത്രാവതി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ബണ്ട്വാൾ മേഖലയിലെ താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവർക്ക് ദക്ഷിണ കന്ന‍ഡ ജില്ലാ ഭരണകൂടം ജാഗ്രതാനിർദേശം നൽകി.

വെള്ളത്തിൽ തീരദേശഗ്രാമങ്ങൾ
ചെറുവത്തൂർ ∙ വർഷങ്ങൾക്കുശേഷം കുതിച്ചെത്തിയ മലവെള്ളം തീരദേശഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കി.തേജസ്വിനിപ്പുഴയുടെ തീരത്തുള്ള ഗ്രാമങ്ങൾ ശനിയാഴ്ച രാത്രിമുതൽ ഇന്നലെവരെ വെള്ളത്തിലാണ്. പല കുടുംബങ്ങളെയും ക്യാംപുകളിലേക്ക് മാറ്റി. അച്ചാംതുരുത്തി– കിഴക്കെമുറി പാലം തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. മയിച്ച, മാടുവീഥി, മയിച്ച പടിഞ്ഞാറ് എന്നിവിടങ്ങളിൽ വീടുകൾ വെള്ളത്തിലാണ്. കയ്യൂരിൽ വാഴത്തോട്ടങ്ങൾ പൂർണമായി നശിച്ചു. കുക്കോട്ട് വീടുകൾ വെള്ളത്തിലാണ്. കയ്യൂർ കയാക്കിങ് സെന്റർ വെള്ളത്തിൽ മുങ്ങി. ഉരുളിനൊപ്പം നെഞ്ചുംപൊട്ടി ജില്ല

error: Content is protected !!