ലൈഫ് ഫ്ലാറ്റ് സമുച്ചയം: ബെണ്ടിച്ചാലിലെ നിർമാണ പ്രവൃത്തികൾ നിലച്ചിട്ട് ഒരു വർഷം; തുക വർധിപ്പിക്കണമെന്ന് കരാർകമ്പനി

കാസർകോട്: ബെണ്ടിച്ചാലിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയം നിർമാണം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സർക്കാർ തലത്തിലും എംഎൽഎ വഴിയും ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും കരാർ കമ്പനി വഴങ്ങുന്നില്ല. കരാർത്തുക വർധിപ്പിച്ചു നൽകണമെന്ന നിലപാടിലാണ് കമ്പനി. ബെണ്ടിച്ചാലടക്കം വിവിധ കരാർ പുതുക്കലുകൾ സർക്കാർ പരിഗണനയിൽ തുടരുകയാണ്. സർക്കാർ, ഫയലിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോവുകയാണ്.
കരാർ കമ്പനിക്ക് കാരണംകാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. എന്നാൽ, കരാർ കമ്പനിയുടെ മറുപടി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഒരു വർഷത്തോളമായി ഇവിടെ നിർമാണ പ്രവൃത്തികൾ നിലച്ചിട്ട്. 2020 സെപ്റ്റംബറിലാണ് നിർമാണം ആരംഭിച്ചത്. 6 കോടിയിലേറെ തുകയുടെ പദ്ധതി 2 പേരാണ് ഏറ്റെടുത്തത്. ഫ്ലാറ്റ് നിർമാണത്തിന് 5.14 കോടിയാണ് ചെലവ്. ഇതിൽ ഫ്ലാറ്റ് നിർമാണ കരാർ എടുത്ത കമ്പനിക്ക് 4 കോടിയിലേറെ കൈമാറിയിട്ടുണ്ടെന്നാണ് വിവരം.ഫ്ലാറ്റ് സമുച്ചയത്തിന്റെ വെളിയിലെ നിർമാണ കരാർ ഏറ്റെടുത്ത വ്യക്തിയും തുക വർധിപ്പിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കൺസൽറ്റൻസിയായ കെല്ലിനോട് പരിശോധന നടത്താൻ ലൈഫ് മിഷൻ അധികൃതർ നിർദേശം നൽകി.
നിലവിൽ 4 നിലകളുടെയും നിർമാണവും പെയിന്റിങ് അടക്കമുള്ള ജോലികളും പൂർത്തിയാക്കിയിട്ടുണ്ട്. പ്ലമിങ്, ഇലക്ട്രിക്കൽ, റാംപ് നിർമാണം, കുടിവെള്ള കണക്‌ഷൻ തുടങ്ങിയ ജോലികളാണ് ബാക്കിയുള്ളത്. ഇവ ബാക്കിവച്ചാണ് കമ്പനി അധികൃതർ നിർമാണം അവസാനിപ്പിച്ചു മടങ്ങിയത്. കോവിഡ് മൂലം നിർമാണം വൈകി. ഇതിനിടെ സാമഗ്രികൾക്കുണ്ടായ വിലക്കയറ്റവും തിരിച്ചടിയായി.2022ൽ സർക്കാർ നിയമിച്ച സാങ്കേതിക സമിതി റിപ്പോർട്ടിലും തുക വർധിപ്പിക്കണമെന്നായിരുന്നു നിർദേശം.

