KSDLIVENEWS

Real news for everyone

കൊലക്കേസ് പ്രതി ഒരു മാസമായി ‘സുഖ’ചികിത്സയിൽ; ജയിൽ അധികൃതരുടെ ഒത്താശയോടെ കർക്കടക ചികിത്സ

SHARE THIS ON

തിരുവനന്തപുരം: കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽക്കഴിയുന്ന പ്രതി ഒരു മാസത്തോളമായി ആയുർവേദ കോളേജിൽ സുഖചികിത്സയിൽ. ജയിൽ അധികൃതരുടെ ഒത്താശയോടെയാണ് പ്രതിക്ക് കർക്കടക ചികിത്സ ലഭ്യമാക്കിയതെന്നാണ് ആരോപണം.

പോത്തൻകോട് റെജി കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിക്ക് കാലിനു നീരെന്ന നിസ്സാര കാരണം പറഞ്ഞാണ് ആയുർവേദ കോളേജിലേക്കു മാറ്റിയത്. ജയിലിലെ ആയുർവേദ ആശുപത്രിയിൽ ജോലിചെയ്തുവരുകയാണ് പ്രതി.

അടുത്തിടെ പൂജപ്പുര സെൻട്രൽ ജയിലിലെ ഹോമിയോ ഡിസ്പെൻസറിയിൽ തടവുകാരിൽനിന്ന് മൊബൈൽഫോൺ പിടിച്ചെടുത്തിരുന്നു. ഇതേ പ്രതി ഉൾപ്പെട്ട സംഘമാണ് ഈ സംഭവത്തിൽ പിടിയിലായത്. വൻ സുരക്ഷാവീഴ്ചയും വിവാദവും സൃഷ്ടിച്ച ഈ സംഭവത്തിൽ തുടരന്വേഷണം അട്ടിമറിക്കപ്പെട്ടു. പിന്നാലെയാണ് തടവറയ്ക്കു പുറത്ത് സുഖചികിത്സയ്ക്ക് അവസരമൊരുങ്ങിയത്. ചികിത്സ വേണ്ട ധാരാളം രോഗികൾ ജയിലിലുണ്ടെങ്കിലും അവർക്ക് ലഭിക്കാത്ത പരിഗണനയാണ് ഇയാൾക്ക് ലഭിച്ചത്.

2010-ൽ ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട തർക്കത്തിലാണ് പോത്തൻകോട് ചേങ്കോട്ടുകോണത്തുവെച്ച് റെജി കൊലചെയ്യപ്പെട്ടത്. ബോംബെറിഞ്ഞുവീഴ്ത്തിയശേഷം അക്രമിസംഘം റെജിയെ വെട്ടിക്കൊല്ലുകയായിരുന്നു. പത്ത് പ്രതികളുള്ള ഈ കേസിലെ പ്രധാന പ്രതിയാണ് സുഖചികിത്സയിൽ കഴിയുന്നത്.

error: Content is protected !!