ഗസ്സയിൽ സമാധാന കരാർ നടപ്പാക്കാൻ ഇസ്രായേൽ തയ്യാറാകണം: ഖത്തർ

ദോഹ: ഗസ്സ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാൻ ഇസ്രായേൽ അലംഭാവം കാണിക്കുകയാണെന്ന് ഖത്തർ. ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ വേണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഗസ്സ വിഷയത്തിൽ ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഗസ്സയുമായി ബന്ധപ്പെട്ട് യുഎസിന്റെ നേതൃത്വത്തിൽ തയാറാക്കിയ ബോർഡ് പീസ് റോഡ് മാപ്പ് ഇസ്രായേൽ മനഃപൂർവം വൈകിപ്പിക്കുകയാണ് എന്നാണ് ഖത്തർ വിദേശകാര്യമന്ത്രാലയം വക്താവ് ഡോ. മാജിദ് അൽ അൻസാരി ചൂണ്ടിക്കാട്ടിയത്. പദ്ധതിയെ ഹമാസ് അംഗീകരിച്ചതായും ഇനിയുള്ള ഉത്തരവാദിത്വം ഇസ്രായേലിന് മേലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎസും ഈജിപ്തും അടക്കമുള്ള അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് ഖത്തർ പ്രവർത്തിച്ചുവരികയാണ്. അതേസമയം, ഗസ്സയിലും വെസ്റ്റ് ബാങ്കിലും സംഘർഷം തുടരുന്ന സാഹചര്യമാണ്. കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നു. സ്കൂളുകളും ആശുപത്രികളും ആക്രമിക്കപ്പെടുന്നു. അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും മാജിദ് അൽ അൻസാരി ആവശ്യപ്പെട്ടു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ മുസ്ലിം രാജ്യങ്ങൾ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയെ ഖത്തർ സ്വാഗതം ചെയ്തു. വരും ദിവസങ്ങളിൽ വിഷയത്തിൽ പ്രായോഗിക നീക്കങ്ങൾ കാണാമെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അറിയിച്ചു.

