ഖാദർ കരിപ്പൊടിക്ക് തണലൊരുക്കുന്ന സർക്കാർ നിലപാട് തിരുത്തണം; അറസ്റ്റ് വൈകുന്നതിൽ രൂക്ഷ വിമർശനം; ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് ഡിവൈഎഫ്ഐ

കാസർകോട്: നിരവധി കേസുകളിൽ പ്രതിയായ യൂട്യൂബർ ഖാദർ കരിപ്പൊടിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണം ഉയർത്തി സർക്കാർ നയം തിരുത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജൂലൈ ആദ്യവാരം ഗൾഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ യുവാവിനെ വിളിച്ചുവരുത്തി ഖാദർ കരിപ്പൊടിയും സംഘവും മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഖാദർ കരിപ്പൊടിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും, സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.
ഖാദർ കരിപ്പൊടിക്കെതിരെ മൂന്ന് വാറന്റ് കേസുകൾ നിലവിലുണ്ടെന്നും, എന്നിട്ടും അറസ്റ്റ് വൈകുന്നത് ഗുരുതരമായ സാഹചര്യമാണെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
അതിനിടെ, ഒളിവിലാണെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യത്തിലും ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവം പൊലീസ് സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് ഉൾപ്പെടെ സോഷ്യൽ മീഡിയയിലെ സ്വാധീനം ഉപയോഗപ്പെടുത്തി യു.ഡി.എഫിന്റെ പ്രധാന പ്രചാരകനായി ഖാദർ കരിപ്പൊടി പ്രവർത്തിച്ചിരുന്നുവെന്നും, അതിന്റെ പേരിലുള്ള രാഷ്ട്രീയ സംരക്ഷണമാണ് ഇപ്പോൾ ലഭിക്കുന്നതെന്നുമാണ് ഡിവൈഎഫ്ഐയുടെ ആരോപണം.
“നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞ് രാഷ്ട്രീയ വിധേയത്വത്തിന്റെ പേരിൽ കുറ്റാരോപിതർക്ക് സംരക്ഷണം നൽകുന്ന സമീപനം അംഗീകരിക്കാനാവില്ല. രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ നിയമനടപടികൾ വൈകിപ്പിക്കുന്ന സാഹചര്യം തുടർന്നാൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും” എന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകി.
ഖാദർ കരിപ്പൊടിയെതിരെ നിലവിലുള്ള കേസുകളിൽ നിയമാനുസൃതമായ നടപടികൾ സ്വീകരിച്ച് എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും, പൊലീസ് നടപടി വൈകുന്നതിന് പിന്നിലെ സാഹചര്യം പരിശോധിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകി.

