KSDLIVENEWS

Real news for everyone

അബുദാബി-ദുബായ് ‘സ്വപ്നയാത്ര’ നാളെ മുതൽ: മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ വൻ ലാഭം; അറിയാം ഇത്തിഹാദിലെ നിരക്ക് മുതൽ സമയക്രമം വരെ!

SHARE THIS ON

ദുബായ്: യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ അബുദാബി – ദുബായ് യാത്രാസേവനം നാളെ (30) മുതൽ പൊതുജനങ്ങൾക്കായി ആരംഭിക്കും. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് നടത്തിയ മാധ്യമപ്രവർത്തകരുടെ പരീക്ഷണയാത്ര വിജയകരമായി പൂർത്തിയായി. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽനിന്ന് രാവിലെ 8.40ന് പുറപ്പെട്ട ട്രെയിൻ ഒരു മണിക്കൂർ കൊണ്ട് ദുബായിലെ അൽ യലായീസ് സ്റ്റേഷനിലെത്തിച്ചേർന്നു.

അബുദാബിയിൽനിന്ന് ട്രെയിനിൽ യാത്ര ചെയ്ത് ദുബായിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം ദുബായ് സ്റ്റേഷന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നിരുന്നു. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ചേർന്നാണ് സ്റ്റേഷൻ നാടിന് സമർപ്പിച്ചത്. ഷെയ്ഖ് ഹംദാൻ തന്റെ ട്രെയിൻ ടിക്കറ്റിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അബുദാബി, ദുബായ്, ഫുജൈറ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് നാളെ മുതൽ ആരംഭിക്കുന്നതെന്ന് റിപോർട്ടുണ്ട്.

ഓൺലൈൻ വഴി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഏറെ തുക ലാഭിക്കാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത. ‘കംഫർട്ട് ക്ലാസ്’ ടിക്കറ്റുകൾ വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ബുക്ക് ചെയ്യുമ്പോൾ 39 ദിർഹമാണ് നിരക്ക്. എന്നാൽ സ്റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ വഴി നേരിട്ട് വാങ്ങുമ്പോൾ 60 ദിർഹം നൽകേണ്ടിവരും. ഓൺലൈൻ ബുക്കിങ്ങിലൂടെ 21 ദിർഹം വരെ ലാഭിക്കാം. അതേസമയം, കൂടുതൽ സൗകര്യങ്ങളുള്ള ‘പ്രീമിയം ക്ലാസിന്’ 109 ദിർഹം മുതലാണ് നിരക്ക്. വിശാലമായ സീറ്റുകൾ, അധിക ലെഗ്‌റൂം, സൗജന്യ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവ പ്രീമിയം ക്ലാസിൽ ലഭ്യമാണ്. കംഫർട്ട് ക്ലാസ് യാത്രക്കാർക്ക് സൗജന്യ വൈഫൈ, മൊബൈൽ ചാർജിങ് പോയിന്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

മെട്രോ ഉൾപ്പെടെയുള്ള ദുബായിലെ മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിക്കുന്ന രീതിയിലാണ് അൽ യലായീസ് സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനിലേക്ക് ഇവിടെനിന്ന് പ്രത്യേക നടപ്പാലം വഴി 5 മിനിറ്റ് കൊണ്ട് നടന്നെത്താം. ട്രെയിൻ ടിക്കറ്റിനൊപ്പം 22 ദിർഹം അധികം നൽകിയാൽ ദുബായിൽ ഒരു ദിവസത്തെ അൺലിമിറ്റഡ് യാത്രാസൗകര്യമുള്ള ‘നോൽ’ പാസും സ്വന്തമാക്കാം. പ്രീമിയം പാസിന് 42 ദിർഹമാണ് നിരക്ക്. സിംഗിൾ ക്യൂആർ കോഡ് ഉപയോഗിച്ച് ട്രെയിനിലും മെട്രോയിലും ബസിലും ഒരുപോലെ യാത്ര ചെയ്യാം. അൽ യലായീസ് സ്റ്റേഷനിൽനിന്ന് എക്സ്പോ സിറ്റിയിലേക്ക് കാർ മാർഗം 10 മിനിറ്റും അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്ക് 27 മിനിറ്റും മാത്രമാണ് യാത്രാസമയം.

∙ ഇത്തിഹാദ് റെയിൽ സർവീസുകളെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ

സമയക്രമം (ദുബായ് – അബുദാബി – ദുബായ്): പ്രതിദിനം ഇരുവശങ്ങളിലേക്കുമായി 5 സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ദുബായിൽ നിന്ന് അബുദാബിയിലേക്ക്:

∙ രാവിലെ 6.14 (എത്തുന്നത് 7.18)

∙ രാവിലെ 7.14 (എത്തുന്നത് 8.18)

∙ ഉച്ചയ്ക്ക് 1.14 (എത്തുന്നത് 2.18)

∙ വൈകിട്ട് 5.14 (എത്തുന്നത് 6.18)

∙ വൈകിട്ട് 6.14 (എത്തുന്നത് 7.18)

അബുദാബിയിൽ നിന്ന് ദുബായിലേക്ക്

∙ രാവിലെ 6.43 (എത്തുന്നത് 7.47)

∙ രാവിലെ 7.43 (എത്തുന്നത് 8.47)

∙ ഉച്ചയ്ക്ക് 12.43 (എത്തുന്നത് 1.47)

∙ വൈകിട്ട് 4.43 (എത്തുന്നത് 5.47)

∙ വൈകിട്ട് 5.43 (എത്തുന്നത് 6.47)

ദുബായിൽ നിന്ന് ഫുജൈറയിലേക്കും സർവീസ്

അബുദാബിക്ക് പുറമെ ദുബായ് – ഫുജൈറ നേരിട്ടുള്ള സർവീസും സെപ്റ്റംബർ 30 മുതൽ ലഭ്യമാണ്. ഉച്ചയ്ക്ക് 1.57-ന് ദുബായിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 3.07-ന് ഫുജൈറയിലെത്തും. യാത്ര സമയം വെറും 70 മിനിറ്റ് മാത്രം!

ടിക്കറ്റ് നിരക്കുകൾ

ദുബായ് – അബുദാബി യാത്രയ്ക്കുള്ള തുടക്ക നിരക്കുകൾ താഴെ പറയുന്നതാണ് (സീറ്റുകളുടെ ലഭ്യതയ്ക്കും കാറ്റഗറിക്കും അനുസരിച്ച് നിരക്കിൽ വ്യത്യാസം വരാം):

∙ കംഫർട്ട് ക്ലാസ് : 39 ദിർഹം മുതൽ

∙ പ്രീമിയം ക്ലാസ് : 109 ദിർഹം മുതൽ

3 തരം ടിക്കറ്റ് കാറ്റഗറികൾ

∙ സേവർ: യാത്ര കൃത്യമായി പ്ലാൻ ചെയ്തവർക്ക് അനുയോജ്യം. സീറ്റ് സ്വയം തിരഞ്ഞെടുക്കാനാകില്ല (സിസ്റ്റം അനുവദിക്കും). ടിക്കറ്റ് തുക തിരികെ ലഭിക്കില്ല, മാറ്റങ്ങൾ വരുത്താനും കഴിയില്ല.

∙ വാല്യൂ : സൗജന്യമായി സീറ്റ് തിരഞ്ഞെടുക്കാം. വ്യവസ്ഥകൾക്ക് വിധേയമായി യാത്രാ തീയതി മാറ്റാം. എന്നാൽ റീഫണ്ട് ലഭിക്കില്ല.

∙ ഫ്ലെക്സ് : കൂടുതൽ ഇളവുകൾ ലഭിക്കുന്ന കാറ്റഗറി. സീറ്റ് സ സൗജന്യമായി തിരഞ്ഞെടുക്കാം, യാത്ര മാറ്റാം, കാൻസൽ ചെയ്താൽ നിബന്ധനകൾക്ക് വിധേയമായി റീഫണ്ട് ലഭിക്കുകയും ചെയ്യും.

കംഫർട്ട്, പ്രീമിയം ക്ലാസുകൾ തമ്മിലുള്ള വ്യത്യാസം

∙ കംഫർട്ട് ക്ലാസ്: സാധാരണ സീറ്റുകൾ, സൗജന്യ വൈഫൈ, പവർ/യുഎസ്ബി ചാർജിങ് സൗകര്യം, ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലം. ഭക്ഷണപദാർഥങ്ങൾ പണം നൽകി വാങ്ങാം.

∙ പ്രീമിയം ക്ലാസ്: കൂടുതൽ ചായ്ക്കാവുന്ന വീതിയേറിയ സീറ്റുകൾ, കൂടുതൽ ലെഗ് റൂം, ഹെഡ്‌റെസ്റ്റുകൾ. സൗജന്യ സ്നാക്സും പാനീയങ്ങളും ലഭിക്കും. കൂടാതെ കൂടുതൽ ഭക്ഷണം പണം നൽകി വാങ്ങാനും സൗകര്യമുണ്ട്.

ദുബായ് അൽ യലായിസ് സ്റ്റേഷൻ ചിത്രം: ഷിൻസ് സെബാസ്റ്റ്യൻ
ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?

ഇത്തിഹാദ് റെയിൽ വെബ്‌സൈറ്റ് (etihadrail.ae) വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. സ്റ്റേഷനുകളിലെ വെൻഡിങ് മെഷീനുകൾ വഴിയും ടിക്കറ്റ് എടുക്കാം.

ഓൺലൈൻ ബുക്കിങ് ഘട്ടങ്ങൾ:

∙ പുറപ്പെടുന്ന സ്റ്റേഷനും ലക്ഷ്യസ്ഥാനവും നൽകുക.

∙ യാത്രാ തീയതിയും സമയവും തിരഞ്ഞെടുക്കുക.

∙ കംഫർട്ട് അല്ലെങ്കിൽ പ്രീമിയം ക്ലാസ് തിരഞ്ഞെടുക്കുക.

∙ സേവർ, വാല്യൂ, ഫ്ലെക്സ് എന്നിവയിലൊന്ന് തിരഞ്ഞെടുക്കുക.

∙ യാത്രികരുടെ വിവരങ്ങൾ നൽകുക.

∙ ഷട്ടിൽ ബസ്, കാർ റെന്റൽ തുടങ്ങിയ അധിക സൗകര്യങ്ങൾ ആവശ്യമെങ്കിൽ ചേർക്കുക.

∙ കാർഡ് ഉപയോഗിച്ച് പണമടയ്ക്കുക.

ഡിജിറ്റൽ ടിക്കറ്റ് ആപ്പിലും ഇമെയിലിലും ലഭിക്കും. ട്രെയിൻ പുറപ്പെടുന്നതിന് 5 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ലഭ്യമാണെങ്കിൽ ബുക്ക് ചെയ്യാം.

ദുബായ് സ്റ്റേഷൻ എവിടെയാണ്?

ദുബായിലെ അൽ യലായിസ് സ്റ്റേഷൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് (ഇ311) സമീപം ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സിലാണ് സ്ഥിതി ചെയ്യുന്നത്. ഇ44, ഡി57 റോഡുകൾ വഴിയും ഇവിടെയെത്താം. അൽ ഫുർജാൻ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, ഗ്രീൻ കമ്മ്യൂണിറ്റി, ദുബായ് പ്രൊഡക്ഷൻ സിറ്റി, എക്‌സ്‌പോ സിറ്റി ദുബായ്, ദുബായ് സൗത്ത് തുടങ്ങിയ കേന്ദ്രങ്ങളിലുള്ളവർക്ക് ഈ സ്റ്റേഷൻ ഏറെ സൗകര്യപ്രദമാണ്. ദുബായ് മെട്രോ റെഡ് ലൈനിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനുമായി റെയിൽവേ സ്റ്റേഷനെ ബന്ധിപ്പിക്കുന്ന പെഡസ്ട്രിയൻ ബ്രിഡ്ജും സജ്ജമാണ്.

അൽ യലായിസ് സ്റ്റേഷനിലെ സൗകര്യങ്ങൾ:

∙ സൗജന്യ വൈഫൈ, കാർ പാർക്കിങ്

∙ മെട്രോയിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റി

∙ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ, വിവരകേന്ദ്രങ്ങൾ

∙ വെയ്റ്റിങ് ഏരിയകൾ, ഫാമിലി വെയ്റ്റിങ് റൂം, പ്രാർഥനാ മുറി

∙ ഫസ്റ്റ് എയ്ഡ് റൂം, ശൗചാലയങ്ങൾ

∙ ഡബ്ല്യുഎച്ച് സ്മിത്ത്, സ്റ്റാർബക്സ്, ലുലു മാർട്ട് (Lulu Mart) തുടങ്ങിയ ഷോപ്പുകളും റെസ്റ്റോറന്റുകളും.

∙ ടാക്സി, ബസ്, പിക്ക് അപ്പ്/ഡ്രോപ്പ് സൗകര്യങ്ങൾ.

പാർക്കിങ്, ബസ്, ടാക്സി സൗകര്യങ്ങൾ

∙ ടാക്സി: യൂബർ, കരീം, ഹലാ ടാക്സി സർവീസുകൾ സ്റ്റേഷനിലേക്ക് ലഭ്യമാണ്.

∙ കാർ പാർക്കിങ്: നിലവിൽ 260 സാധാരണ വാഹനങ്ങൾക്കും 5 ഇലക്ട്രിക് കാറുകൾക്കും ഉൾപ്പെടെ 265 പാർക്കിങ് സ്ലോട്ടുകളുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പാർക്കിങ് സ്ലോട്ടും ബുക്ക് ചെയ്യണം. അര ദിവസത്തേക്കോ ഒരു ദിവസത്തേക്കോ പാർക്കിങ് നിരക്ക് 30 ദിർഹമാണ്.

∙ ബസ് സർവീസ്: ആർടിഎ സ്റ്റേഷനിലേക്ക് ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് 1 എന്നാണ് സ്റ്റോപ്പിന്റെ പേര്. എഫ് 38 നമ്പർ ബസ് പ്രൊഡക്ഷൻ സിറ്റി, സ്‌പോർട്‌സ് സിറ്റി എന്നിവിടങ്ങളിൽ നിന്ന് സ്റ്റേഷനിലേക്ക് സർവീസ് നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!