KSDLIVENEWS

Real news for everyone

സൗദി വിമാനത്താവളത്തിലെ ആക്രമണം: വിമാനത്തിന്റെ ക്യാപ്റ്റൻ‌ അടക്കം 3 സൗദി പൗരന്മാർ കൊല്ലപ്പെട്ടു

SHARE THIS ON

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഇന്നലെ ഉണ്ടായ ഇരട്ട മിസൈൽ ആക്രമണങ്ങളിൽ വിമാനത്തിന്റെ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേൽക്കുകയും വിമാനത്താവളത്തിനും വിമാനത്തിനും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ദേശീയ വിമാനക്കമ്പനിയായ സൗദിയ എയർലൈൻസിന്റെ പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് അലി അൽ-ഖൽതാമിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ സൗദിയ എയർലൈൻസ്, സേവനങ്ങളെ ആദരവോടെയും കൃതജ്ഞതയോടെയും സ്മരിക്കുന്നതായി പ്രസ്താവനയിൽ അറിയിച്ചു. ആക്രമണ സമയത്ത് വിമാനത്തിനുള്ളിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

രണ്ട് ഘട്ടങ്ങളായാണ് ആക്രമണം നടന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ആദ്യ ആക്രമണം വിമാനത്താവളത്തിലെ വിവിധ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയായിരുന്നു. രണ്ടാമത്തെ ആക്രമണം വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന സൗദിയ എയർലൈൻസിന്റെ വിമാനത്തിനു നേരെയായിരുന്നു. വിമാനത്തിനു തീപിടിച്ച് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ ഉടൻ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കാനും നാശനഷ്ടങ്ങൾ വിലയിരുത്താനുമുള്ള നടപടികൾ സുരക്ഷാ ഏജൻസികളുമായി ചേർന്ന് പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!