KSDLIVENEWS

Real news for everyone

ജുജു എക്സ്പ്രസ്’ ഹിറ്റായി; പയ്യന്നൂരിന് ശേഷം കാഞ്ഞങ്ങാട്ടും കാസർകോട്ടും റെയിൽവേയുടെ കോച്ച് റസ്റ്ററന്റ്

SHARE THIS ON

കാഞ്ഞങ്ങാട്: പയ്യന്നൂരിനുശേഷം കാഞ്ഞങ്ങാട്, കാസർകോട് റെയിൽവേ സ്റ്റേഷനുകളിൽ റെയിൽവേയുടെ കോച്ച് റസ്റ്ററന്റ് വരുന്നു. സംസ്ഥാനത്തെ രണ്ടാമത്തെയും മൂന്നാമത്തെയും കോച്ച് റസ്റ്ററന്റുകളാണിത്. എന്നാൽ, ഇതിൽ കാഞ്ഞങ്ങാട് അനുവദിച്ച കോച്ച് റസ്റ്ററന്റ് റെയിൽവേ സ്റ്റേഷന് സമീപത്തെ മത്സ്യമാർക്കറ്റിലെ ദുർഗന്ധംകാരണം വേണ്ടെന്നുവയ്ക്കാനുള്ള നീക്കത്തിലാണ് കരാറുകാരൻ. കാസർകോട് റെയിൽവേ സ്റ്റേഷനിൽ റസ്റ്ററന്റ് ജോലി ഉടൻ ആരംഭിക്കുമെന്നും കരാറുകാരൻ വ്യക്തമാക്കി. പയ്യന്നൂരിലെ കോച്ച് റസ്റ്ററന്റ് കരാർ എടുത്തവർതന്നെയാണ് കാഞ്ഞങ്ങാട്ടെയും കാസർകോട്ടെയും കോച്ച് റസ്റ്ററന്റുകളും നടത്തിപ്പിനെടുത്തത്.

കാഞ്ഞങ്ങാടിന്റെ തീരാശാപം 
മത്സ്യമാർക്കറ്റിൽനിന്നുള്ള മലിനജലവും അവശിഷ്ടങ്ങളും ഒഴുകിയെത്തുന്നത് റെയിൽവേ സ്റ്റേഷൻ റോഡിലേക്കാണ്. റെയിൽവേ സ്റ്റേഷൻ റോഡിൽ പഴയ റെയിൽവേ ഗേറ്റിന് സമീപമാണ് കോച്ച് റസ്റ്ററന്റിന് റെയിൽവേ സ്ഥലം അനുവദിച്ചത്. ഇവിടെയാണ് റെയിൽവേ ഇപ്പോൾ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലമുള്ളതും. ഈ സ്ഥലത്തിനുനേരെ എതിർവശത്താണ് മത്സ്യമാർക്കറ്റ്. മലിനജലം സംസ്കരിക്കാൻ സൗകര്യമില്ലാത്തതിനാൽ റെയിൽവേ സ്റ്റേഷൻ റോഡിലേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. 

ഈയടുത്ത് റെയിൽവേ സ്റ്റേഷൻ റോഡ് കോൺക്രീറ്റ് ചെയ്ത് ഓവുചാൽ നിർമിച്ചിരുന്നു. ഇതുവഴി കടന്നുപോകുമ്പോൾ രൂക്ഷമായ ദുർഗന്ധമുണ്ട്. മലിനജലത്തിന് പുറമേ കോഴിയുടെ അവശിഷ്ടങ്ങളും തള്ളുന്നതായി കരാറുകാരൻ പറയുന്നു. കൂടാതെ, റെയിൽവേ സ്റ്റേഷൻ റോഡിൽ പാർക്ക് ചെയ്താണ് രാവിലെ മീൻ വാഹനങ്ങൾ മീൻ ഇറക്കുന്നത്. ഇതും ദുർഗന്ധത്തിന് കാരണമാകുന്നു. കാലങ്ങളായി പരിഹരിക്കാതെ കിടക്കുന്ന പ്രശ്നമാണിത്. ഇതിന് പരിഹാരം കാണാൻ അധികൃതർ മടിച്ചതോടെയാണ് റെയിൽവേയുടെ പദ്ധതി നഷ്ടമാകുന്നത്. മലിനജലം കാരണം ഇതുവഴി വരുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് കരാറുകാരൻ പറയുന്നു. മിക്ക ആളുകളും ദീപ്തി തിയറ്റർ റോഡ് വഴിയാണ് സ്റ്റേഷനിലെത്തുന്നത്. ഇതിന് പരിഹാരം കാണാത്തിടത്തോളം ഇവിടെ റസ്റ്ററന്റ് നടക്കില്ലെന്നും കരാറുകാരൻ വ്യക്തമാക്കി.

കോച്ച് റസ്റ്ററന്റ് 
കേരളത്തിൽ ആദ്യമായി കോച്ച് റസ്റ്ററന്റ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലാണ് ആരംഭിച്ചത്. സ്റ്റേഷന് മുൻവശം പ്രത്യേക പാളത്തിലുള്ള ‘ജുജു എക്സ്പ്രസ്’ എന്ന് പേരിട്ട ഹോട്ടൽ ഹിറ്റായതോടെയാണ് മറ്റിടങ്ങളിലും ആരംഭിക്കാൻ റെയിൽവേ തീരുമാനിച്ചത്. കാസർകോട് ഉടൻതന്നെ കോച്ചെത്തിച്ച് റസ്റ്ററന്റ് പ്രവർത്തനം ആരംഭിക്കാനുള്ള നടപടി തുടങ്ങും. നിലവിലെ സ്ഥിതിയിൽ കാഞ്ഞങ്ങാട്ടെ റസ്റ്ററന്റ് ഒഴിവാക്കാ‍ൻ കത്തുനൽകാനുള്ള നീക്കത്തിലാണ് കരാറുകാരൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!