രാജ്യാന്തര അറബിക് ഭാഷാ ഉച്ചകോടി ഇന്ന് മുതൽ ദുബായിൽ; കേരളത്തിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും.

ദുബായ്∙ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും മേൽനോട്ടം വഹിക്കുന്ന പന്ത്രണ്ടാമത് രാജ്യാന്തര അറബിക് ഭാഷാ ഉച്ചകോടി ഈ മാസം 28 മുതൽ 30 വരെ ദുബായ് മൂവൻപിക് ഗ്രാന്റ് അൽ ബുസ്താൻ ഹോട്ടലിൽ നടക്കും. ഇന്റർനാഷനൽ കൗൺസിൽ ഫോർ അറബിക് ലാംഗ്വേജ് സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ എഴുപതിലേറെ രാജ്യങ്ങളിൽനിന്നായി 1500 ലേറെ ഭാഷാ വിദഗ്ധർ പങ്കെടുക്കും.
80 സെഷനുകളിലായി അഞ്ഞൂറോളം വൈജ്ഞാനിക പ്രബന്ധങ്ങൾ അവതരിപ്പിക്കും. അതോടൊപ്പം പത്തു ലക്ഷം ഡോളർ സമ്മാനത്തുകയുള്ള പത്താമത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അറബിക് ഭാഷാ അവാർഡുകൾ സമ്മാനിക്കും. അറബിക് ഭാഷാ പണ്ഡിതനും ഡൽഹി ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഹുസൈൻ മടവൂരും കേരളത്തിൽനിന്നുള്ള പത്തോളം അറബിക് ഭാഷാ വിദഗ്ധരും ചടങ്ങുകളിൽ സംബന്ധിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും.
അനറബിക് രാഷ്ട്രങ്ങളിലെ വിദ്യാർഥികൾക്ക് അറബി ഭാഷ എളുപ്പത്തിൽ പഠിപ്പിക്കാനുള്ള ആധുനിക ബോധന രീതികൾ, പ്രായോഗിക പരിശീലനം, സാഹിത്യ ചർച്ചകൾ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി നടക്കും. പുതിയ പദാവലികൾക്ക് അനുയോജ്യമായ അറബിക് വാക്കുകൾ നിർണയിക്കാൻ വിവിധ രാജ്യങ്ങളിലെ അറബിക് അക്കാദമികൾ നിർദേശങ്ങൾ സമർപ്പിക്കും.
∙ വൻ തൊഴിലവസരങ്ങളുമായി അറബിക് ഭാഷ
ഐക്യരാഷ്ട്രസഭയുടെ ആറ് ഔദ്യോഗിക ഭാഷകളിലൊന്നായ അറബിക് 26 രാജ്യങ്ങളുടെ ഒന്നാം ഭാഷയും 45 കോടിയോളം ജനങ്ങളുടെ മാതൃഭാഷയുമാണ്. വിദേശത്തെ പ്രമുഖ സർവകലാശാലകളിലും ഇന്ത്യയിലെ പ്രധാന കേന്ദ സർവകലാശാലകൾ ഉൾപ്പെടെ 27 സർവകലാശാലകളിലും അറബിക് ബിരുദ, ബിരുദാനന്തര കോഴ്സുകൾ ലഭ്യമാണ്. കേരളത്തിലെ ആറ് സർവകലാശാലകളിലും നൂറോളം കോളജുകളിലും ആറായിരത്തോളം സ്കൂളുകളിലും അറബിക് ഭാഷ പഠിപ്പിക്കുന്നുണ്ട്.
വാണിജ്യ, വ്യവസായ, ഐടി മേഖലകളിലെ കുതിച്ചുചാട്ടത്തോടെ അറബിക് ഭാഷ അറിയാവുന്നവർക്ക് തൊഴിലവസരങ്ങൾ ഏറെയാണ്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ പ്രമുഖ കമ്പനികൾ അറബിക് നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യയിൽ കോടികളാണ് നിക്ഷേപിക്കുന്നത്. എഐ ഡാറ്റാ ട്രെയിനർ, കണ്ടന്റ് ക്രിയേഷൻ, ഓൺലൈൻ ട്രാൻസ്ലേഷൻ തുടങ്ങിയ മേഖലകളിലും ബഹുരാഷ്ട്ര കമ്പനികൾ, എംബസികൾ, ആശുപത്രികൾ, മാധ്യമങ്ങൾ എന്നിവിടങ്ങളിലും വലിയ അവസരങ്ങളാണ് ഇവർക്കുള്ളത്.

