കുട്ടി ഡ്രൈവർമാരെ പിടിക്കാൻ പരിശോധന വ്യാപകമാക്കി എംവിഡി; കോഴിക്കോട് എട്ട് സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന

കോഴിക്കോട്: റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. കോഴിക്കോട് ജില്ലയിലെ വിവിധ ഇടങ്ങളിലായി രാവിലെ മുതൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജില്ലയിൽ 8 സ്ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്. കുറ്റിക്കാട്ടൂരിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. രാകേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
കുട്ടികൾ മാതാപിതാക്കളുടെ അറിവോ സമ്മതമോ കൂടാതെയാണ് വാഹനം ഓടിക്കുന്നതെന്ന് പറയുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും വാഹനത്തിന്റെ ഉടമസ്ഥതയും കുട്ടികളുടെ പ്രവൃത്തിയും സംബന്ധിച്ച പൂർണ ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
18 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനം ഓടിച്ചാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ കേസ് സമർപ്പിക്കുമെന്നും വാഹന ഉടമകൾക്കെതിരെ കോടതി നടപടികൾ സ്വീകരിക്കുകയും, പിഴയും തടവുശിക്ഷ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരികയും ചെയ്യുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
അമിത വേഗത, അമിത ഭാരം, സ്കൂൾ പരിസരങ്ങളിലെ ട്രാഫിക് നിയമ ലംഘനങ്ങൾ, അൺഓതറൈസ്ഡ് പാർക്കിങ് എന്നിവയ്ക്കെതിരെയാണ് ശക്തമായ പരിശോധന നടക്കുന്നുന്നത്. കൂടാതെ, എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെയും നടപടിയെടുക്കും. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കർശനമായി നേരിടുമെന്നും ഈ പരിശോധനകൾ തുടരുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.

