‘മറ്റൊരു തിരഞ്ഞെടുപ്പ് വേണ്ട’; ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ വേഗത്തില്‍ രൂപീകരിക്കുമെന്ന് ഐസൻകോട്ട്

ഇസ്രായേലില്‍ പുതിയ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടർന്ന് പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട്. സർക്കാർ രൂപീകരിക്കാനുള്ള ആദ്യ അവസരം ലഭിച്ചതിന് പിന്നാലെ നെസറ്റില്‍ ഭൂരിപക്ഷമുള്ള ഒരു സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“നെസറ്റില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വേഗത്തില്‍ ഒരു പുതിയ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോകാനോ അവസാനമില്ലാത്ത മറ്റൊരു തിരഞ്ഞെടുപ്പ് ഘട്ടത്തിലേക്ക് മടങ്ങാനോ ഇസ്രായേലിന് കഴിയില്ല,” ജറുസലേമില്‍ നടന്ന ചടങ്ങില്‍ ഐസൻകോട്ട് പറഞ്ഞു.
സർക്കാർ രൂപീകരിക്കാൻ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളയാള്‍ എന്ന വിഷയത്തില്‍ ഭൂരിപക്ഷം നെസറ്റ് അംഗങ്ങളുടെയും വ്യക്തവും നിരുപാധികവുമായ പിന്തുണ ഐസൻകോട്ടിന് ലഭിച്ചിട്ടുണ്ടെന്ന് ഹെർസോഗ് പറഞ്ഞു. ലിക്കുഡ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുന്നുണ്ടെന്ന് സമ്മതിച്ച ഹെർസോഗ്, മുൻ സർക്കാരിന് വോട്ട് ചെയ്തവരാകട്ടെ, അതിനെ എതിർത്ത കക്ഷികളുടെ ബ്ലോക്കിന് വോട്ട് ചെയ്തവരാകട്ടെ, എല്ലാ ഇസ്രായേലികള്‍ക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിനോട് അഭ്യർത്ഥിച്ചു.
ഒക്ടോബർ 27-ലെ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ മത്സരിച്ച ഐസൻകോട്ടിന് സഖ്യസർക്കാർ രൂപീകരിക്കാൻ 28 ദിവസത്തെ സമയമാണുള്ളത്. ഹെർസോഗിന് ഈ കാലാവധി രണ്ടാഴ്ച വരെ നീട്ടിനല്‍കാം.
പ്രസിഡന്റുമായുള്ള കൂടിയാലോചന വേളയില്‍ 67 ജനപ്രതിനിധികളെ പ്രതിനിധീകരിക്കുന്ന കക്ഷികള്‍ ഐസൻകോട്ടിന് സർക്കാർ രൂപീകരിക്കാൻ ആദ്യ അവസരം നല്‍കണമെന്ന് ശുപാർശ ചെയ്തപ്പോള്‍ 46 പേരെ പ്രതിനിധീകരിക്കുന്ന കക്ഷികള്‍ നെതന്യാഹുവിനെ ശുപാർശ ചെയ്തു. ഏഴ് സീറ്റുകള്‍ നേടിയ യുണൈറ്റഡ് തോറ ജൂഡായിസം ഇരുവരെയും ശുപാർശ ചെയ്തില്ല.
ആരാണ് ഗാഡി ഐസൻകോട്ട്?
66-കാരനായ ഐസൻകോട്ട് 2015 മുതല്‍ 2019 വരെ ഇസ്രായേല്‍ പ്രതിരോധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫായി സേവനമനുഷ്ഠിക്കുകയും 2022-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും ചെയ്തു. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം നിരീക്ഷകനായി അദ്ദേഹം നെതന്യാഹുവിന്റെ യുദ്ധ കാബിനറ്റില്‍ ചേർന്നു. 2024 ജൂണില്‍ അന്നത്തെ പാർട്ടി നേതാവ് ബെന്നി ഗാന്റ്സിനൊപ്പം രാജി വെക്കുകയും 2025-ല്‍ ‘യാഷർ’ എന്ന പാർട്ടി രൂപീകരിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത് എന്താണ്?
നെസറ്റ് പ്രസിദ്ധീകരിച്ച ഫലങ്ങള്‍ അനുസരിച്ച്, ലികുഡ് പാർട്ടി 20.51 ശതമാനം വോട്ടുകളോടെ 27 സീറ്റുകള്‍ നേടിയപ്പോള്‍, യാഷാർ 16.05 ശതമാനം വോട്ടുകളോടെ 21 സീറ്റുകള്‍ നേടി. ‘ബെയാഹദ്’ 12 സീറ്റുകളും ജോയിന്റ് ലിസ്റ്റ് 11 സീറ്റുകളും നേടി. ദി ഡെമോക്രാറ്റ്‌സും യുണൈറ്റഡ് അറബ് ലിസ്റ്റും എട്ട് സീറ്റുകള്‍ വീതം നേടി.
യിസ്രായേല്‍ ബെയ്താനു, ഒത്സ്മ യെഹൂദിത്, യുണൈറ്റഡ് തോറ ജൂഡായിസം എന്നിവർ ഏഴ് സീറ്റുകള്‍ വീതം നേടി. ഷാസും റിലീജിയസ് സിയോണിസം-സെഹൂത് ലിസ്റ്റും ആറ് സീറ്റുകള്‍ വീതം നേടി. തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളും ഐസൻകോട്ടിന്റെ സഖ്യത്തിന് 48 സീറ്റുകളുമാണ് ലഭിച്ചത്. രണ്ടും കേവലഭൂരിപക്ഷമായ 61 സീറ്റെന്ന സംഖ്യ തികച്ചില്ല.
അറബ് നേതൃത്വത്തിലുള്ള പാർട്ടികള്‍ പ്രധാനമാകുന്നത് എന്തുകൊണ്ട്?
ജോയിന്റ് ലിസ്റ്റും റാമും ചേർന്ന് 19 സീറ്റുകള്‍ നേടി. ഹെർസോഗുമായുള്ള കൂടിയാലോചനകളില്‍ ഇരുപാർട്ടികളും ഐസൻകോട്ടിനെ ശുപാർശ ചെയ്തെങ്കിലും, അദ്ദേഹം രൂപീകരിക്കുന്ന സർക്കാരിനെ ഇവർ പിന്തുണയ്ക്കുമോ എന്നത് ഇനിയും വ്യക്തമല്ല. അറബ് നേതൃത്വത്തിലുള്ള പാർട്ടികളെ ആശ്രയിക്കുന്ന സർക്കാരിനെ താൻ എതിർക്കുമെന്ന് ഐസൻകോട്ടിന്റെ സഖ്യത്തിന്റെ ഭാഗമായ യിസ്രായേല്‍ ബെയ്താനു പാർട്ടിയുടെ അവിഗ്ദോർ ലീബർമാൻ ഞായറാഴ്ച ആവർത്തിച്ചതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോർട്ട് ചെയ്തു.
ഐസൻകോട്ട് രൂപീകരിക്കുന്ന ഏതൊരു സർക്കാരും നെസറ്റില്‍ നടത്തുന്ന വിശ്വാസവോട്ടെടുപ്പില്‍ ജയിക്കണം. അവിടെ എതിർത്ത് വോട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പിന്തുണച്ച് വോട്ട് ചെയ്യുന്നവരുടെ എണ്ണം വേണം. പുതിയ സർക്കാർ അധികാരമേല്‍ക്കുന്നത് വരെ നെതന്യാഹുവും അദ്ദേഹത്തിന്റെ മന്ത്രിസഭയും കാവല്‍ സർക്കാരായി തുടരും.

