ഗസ്സയിൽ പ്രളയദുരിതം; ഇസ്രായേൽ അടിയന്തര സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ‘ബോർഡ് ഓഫ് പീസ്

ഗസ്സ സിറ്റി: കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായ ഗസ്സയിലെ ജനങ്ങൾക്ക് അടിയന്തരമായി ശീതകാല സഹായം എത്തിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’. ശീതകാലത്തെ നേരിടാൻ ഇസ്രായേൽ സ്വീകരിച്ച മുന്നൊരുക്കങ്ങൾ അപര്യാപ്തമാണെന്നും അടിയന്തര നടപടികൾ വേണമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ രണ്ട് ദിവസമായി ഗസ്സയിൽ പെയ്ത കനത്ത മഴയിൽ പതിനായിരക്കണക്കിന് ദുരിതാശ്വാസ ടെന്റുകൾ തകർന്നിരുന്നു. പ്രളയത്തിൽ അഞ്ച് പേർ മരിച്ചതായും ആയിരക്കണക്കിന് കുടുംബങ്ങളുടെ താൽക്കാലിക താമസസ്ഥലങ്ങൾ തകർന്നതായും അധികൃതർ അറിയിച്ചു. ഇസ്രായേൽ വംശഹത്യയെത്തുടർന്ന് ഗസ്സയിൽ കുടിയൊഴിപ്പിക്കപ്പെട്ട ജനസംഖ്യയുടെ ഭൂരിഭാഗവും വലിയ മാനുഷിക പ്രതിസന്ധിയാണ് നേരിടുന്നത്.
ഇത് ഇനി വരാനിരിക്കുന്ന ശീതകാലം ഉയർത്തുന്ന ഭീഷണി മാത്രമല്ല, അടിയന്തര മാനുഷിക പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്ന് ബോർഡ് ഓഫ് പീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ശീതകാലത്തെയും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തെയും നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് നേരത്തെ തന്നെ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നതായും ബോർഡ് അറിയിച്ചു.
നിലവിൽ ഗസ്സയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളുടെയും നിയന്ത്രണം ഇസ്രായേലിന്റെ കൈകളിലാണ്. അതിനാൽ ഭക്ഷണം, മരുന്ന്, താമസസൗകര്യം, ശീതകാല വസ്ത്രങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ എത്തിക്കുന്നതിന് ഇസ്രായേൽ അടിയന്തര അനുമതി നൽകണമെന്നും ബോർഡ് ആവശ്യപ്പെട്ടു.
അതേസമയം, ഗസ്സയിലേക്ക് 8,200ലധികം ട്രക്കുകൾ വഴി സഹായസാധനങ്ങൾ എത്താൻ അനുവദിച്ചതായും ഇതിൽ 91,000 ടെന്റുകളും ഉൾപ്പെടുന്നതായാണ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം. എന്നാൽ വെടിനിർത്തൽ കരാറിന്റെ ഭാഗമായി എത്തിക്കേണ്ടിയിരുന്ന 60,000 മൊബൈൽ വീടുകളും രണ്ട് ലക്ഷം ടെന്റുകളും ഇതുവരെ ഗസ്സയിലെത്തിയിട്ടില്ല. 20,000 ടെന്റുകൾക്ക് മാത്രമാണ് ഇസ്രായേൽ പ്രവേശനം അനുവദിച്ചതെന്നാണ് റിപ്പോർട്ട്. നിരവധി മൊബൈൽ വീടുകൾ രണ്ട് വർഷത്തിലേറെയായി ഈജിപ്ത് അതിർത്തിയിൽ കാത്തുകിടക്കുകയാണ്.
കൂടാതെ ഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനും ആവശ്യമായ ഭാരമേറിയ യന്ത്രങ്ങളും ഗസ്സയിലേക്ക് എത്തിക്കേണ്ടതായിരുന്നു. എന്നാൽ ഇവയുടെ പ്രവേശനവും വൈകുകയാണ്. വീടുകൾ പുനർനിർമിക്കാനോ കേടുപാടുകൾ തീർക്കാനോ കഴിയാത്തതിനാൽ കുടുംബങ്ങൾക്ക് താൽക്കാലിക ടെന്റുകളിൽത്തന്നെ തുടരേണ്ടിവരുന്നു

