ഫുജൈറ അപകടം;
ഒരുമിച്ച് ജനിച്ചു, ഒരേ ക്ലാസിൽ പഠിച്ചു; അവസാനം മരണത്തിലും അവർ ഒന്നിച്ച്; കണ്ണീരോടെ വിട നൽകി പ്രവാസലോകം

തിരൂരങ്ങാടി: എആർ നഗർ കുന്നുംപുറം ചെപ്യാലം ഗ്രാമം ഇന്നലെ ഉറക്കമുണർന്നതു ദുരന്തവാർത്തയിലേക്കാണ്. നാടിനാകെ പ്രിയപ്പെട്ട കുടുംബത്തിനു സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലിലും കണ്ണീരിലുമാണ് നാട്ടുകാർ. ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചത്, മുസ്ലിം ലീഗ് നേതാവും വേങ്ങര ബ്ലോക്ക്, എആർ നഗർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ടി.കെ.മൊയ്തീൻകുട്ടിയുടെ രണ്ടു പേരമക്കളും പേരമകളുടെ മകനും. മരിച്ച മുഹമ്മദ് അഷ്മിലും മിസ്ന ജുബിനും ഇരട്ടകളാണ്. മരിച്ച മൂന്നു വയസ്സുകാരൻ മുഹമ്മദ് ഫായിസ്, ഇവരുടെ സഹോദരി ഫർസാനയുടെ മകനാണ്.
മൊയ്തീൻകുട്ടിയുടെ മകനും മരിച്ച അഷ്മിലിന്റെയും മിസ്നയുടെയും പിതാവുമായ സിദ്ദിഖ് ഫുജൈറയിൽ കഫെറ്റീരിയ നടത്തുകയാണ്. വർഷങ്ങളായി കുടുംബസമേതം അവിടെയാണ് താമസം. ഹൃദയസംബന്ധമായ അസുഖവുമായി നാട്ടിലെത്തിയ സിദ്ദിഖ് മടങ്ങിയതു രണ്ടു ദിവസം മുൻപാണ്. ഭാര്യ ആരിഫയാണു കൂടെയുണ്ടായിരുന്നത്. മുഹമ്മദ് അഷ്മിലും മിസ്നയും കൂടെയുണ്ടായിരുന്നില്ല. 10 ദിവസത്തെ ചികിത്സ കഴിഞ്ഞു മടങ്ങിയ സിദ്ദിഖിനും ആരിഫയ്ക്കുമൊപ്പമാണ് ഫർസാനയും മക്കളും നാട്ടിൽനിന്നു മടങ്ങിയത്.
ആരിഫയുടെ സഹോദരി ഷാർജയിൽ താമസിക്കുന്നുണ്ട്. നാട്ടിൽനിന്നെത്തിയ സിദ്ദിഖിനെയും ആരിഫയെയും കാണാൻ ഇവർ എത്തിയിരുന്നു. ഇവരുടെ കുട്ടിയെ ഷാർജയിലെ അവരുടെ താമസസ്ഥലത്തെത്തിച്ചു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. മരിച്ച 3 പേർക്കു പുറമേ, ആരിഫയും ഫർസാനയും അവരുടെ മറ്റു 2 മക്കളും കാറിലുണ്ടായിരുന്നു. അഷ്മിലാണ് വണ്ടി ഓടിച്ചിരുന്നത്. മിസ്നയും ഫായിസും മുന്നിലെ സീറ്റിലായിരുന്നു.
ഫുജൈറയിൽ വാഹനാപകടം
ഫുജൈറ∙കാർ ട്രക്കിലിടിച്ച്, മലയാളി കുടുംബത്തിലെ ഇരട്ട സഹോദരങ്ങളും മൂന്നു വയസ്സുകാരനും മരിച്ചു. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിൽ നാലു പേർക്കു പരുക്കേറ്റു. ഫുജൈറയിൽ കഫെറ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ ചെപ്യാലം സ്വദേശി തുപ്പിലിക്കാട്ട് സിദ്ദിഖ്–ആരിഫ ദമ്പതികളുടെ മക്കളായ മുഹമ്മദ് അഷ്മിൽ (21), മിസ്ന ജുബിൻ (21), കൊച്ചുമകൻ മുഹമ്മദ് ഫായിസ് (3) എന്നിവരാണു മരിച്ചത്. സിദ്ദിഖിന്റെ മകൾ ഫർസാന ജുബിന്റെയും കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂർ സ്വദേശി നാലകത്ത് മുഹമ്മദ് ഫാസിലിന്റെയും മകനാണ് മുഹമ്മദ് ഫായിസ്. അഷ്മിലാണു കാർ ഓടിച്ചിരുന്നത്. എആർ നഗർ കുന്നുംപുറം സ്വദേശിയും റിട്ട. അധ്യാപകനും മുസ്ലിം ലീഗ് നേതാവുമായ ടി.കെ.മൊയ്തീൻ കുട്ടിയുടെ മകനാണു സിദ്ദിഖ്. ആരിഫ, മകൾ ഫർസാന, 2 മക്കൾ എന്നിവർക്കാണു പരുക്കേറ്റത്. നാട്ടിൽ 10 ദിവസത്തെ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിദ്ദീഖ്, ആരിഫ, ഫർസാന എന്നിവരും മക്കളും ഫുജെറയിൽ തിരിച്ചെത്തിയത്.
മരണത്തിലും ഒന്നിച്ച്
സിദ്ദിഖിന്റെ 4 മക്കളിൽ അഷ്മിലും മിസ്നയും ഇരട്ടകളാണ്. ഇരുവരും ഒരേ ക്ലാസിലാണ് 10 വരെ പഠിച്ചിരുന്നത്. പിന്നീട് ഉപ്പയുടെ അടുത്തേക്കു പോയി. അഷ്മിൽ ബിബിഎയും മിസ്ന ബിസിഎയും പഠിക്കുകയാണ്. സിദ്ദിഖിന്റെ മൂത്ത മകൻ അജ്മൽ ഫുജൈറയിൽതന്നെ ഫാർമസിസ്റ്റാണ്. മകൾ ഫർസാനയും ഭർത്താവ് കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂർ സ്വദേശി നാലകത്ത് മുഹമ്മദ് ഫാസിലും ഫുജൈറയിൽ തന്നെയാണ്. റിട്ട. അധ്യാപകൻ കൂടിയായ മൊയ്തീൻകുട്ടി ഓർമക്കുറവ് ഉൾപ്പെടെയുള്ള രോഗങ്ങൾ കാരണം വിശ്രമജീവിതം നയിക്കുകയാണ്. സിദ്ദിഖ് ഉൾപ്പെടെ മൂന്നു മക്കളാണ്. ഇളയ മകന്റെ കുടുംബത്തിനൊപ്പമാണു താമസം. മൊയ്തീൻ കുട്ടിയുടെ മുഖത്തെ ദുഃഖം വീട്ടിലെത്തുന്നവരുടെയും കണ്ണുനിറയ്ക്കുന്നു.

