KSDLIVENEWS

Real news for everyone

സ്വകാര്യ ആശുപത്രിയിൽനിന്ന് പത്തുലക്ഷം രൂപ തട്ടാൻ ശ്രമം; ഡി.സി.സി. അംഗത്തെ പുറത്താക്കി കോൺഗ്രസ്

SHARE THIS ON

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഡി.സി.സി. അംഗത്തെ പുറത്താക്കി കോൺഗ്രസ്. തിരുവനന്തപുരം ഡി.സി.സി. അംഗമായ സുഹൈൽ ഷാജഹാനെയാണ് കോൺഗ്രസ് പുറത്താക്കിയത്.

ആശുപത്രി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സുഹൈൽ ഷാജഹാനെ പേട്ട പോലീസ് പിടികൂടിയിരുന്നു. അറസ്റ്റിനു പിന്നാലെ ഇയാളെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽനിന്നു പുറത്താക്കി. കോൺഗ്രസിന് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തിയതിനാൽ സുഹൈൽ ഷാജഹാനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയതായി ഡി.സി.സി. പ്രസിഡന്റ് എൻ. ശക്തൻ എം.എൽ.എ. അറിയിച്ചു.

ആനയറയിലെ സ്വകാര്യ ആശുപത്രിക്കെതിരേ അപകീർത്തികരമായ വാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സുഹൈൽ ഇതു പിൻവലിക്കണമെങ്കിൽ പത്തു ലക്ഷം രൂപ നൽകണമെന്ന് ആശുപത്രി മാനേജ്‌മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു. വ്യാജ ദൃശ്യങ്ങളുപയോഗിച്ചായിരുന്നു ആശുപത്രിക്കെതിരേ വീഡിയോ തയ്യാറാക്കിയത്.

തന്റെ പ്രൊഫൈലിലൂടെയും അല്ലാതെയും ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ പിൻവലിക്കാൻ ആവശ്യപ്പെട്ട പണം നൽകാമെന്ന് ഇയാളോടു സമ്മതിച്ചെങ്കിലും ആശുപത്രി അധികൃതർ പോലീസിലും പരാതിപ്പെട്ടു. പണം കൈപ്പറ്റാനായി സുഹൈൽ ഇതേ ആശുപത്രിയിൽ എത്തിയപ്പോഴാണ് പേട്ട പോലീസ് ഇയാളെ പിടികൂടിയത്. കേസിൽ മൊത്തം അഞ്ചു പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു.

എ.കെ.ജി. സെന്റർ ആക്രമണമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണിയാൾ. കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ അനുയായിയായ സുഹൈൽ ഇതിനുമുൻപും പലതവണ കോൺഗ്രസിനു തലവേദനയായിട്ടുണ്ട്. 2022-ൽ നടന്ന എ.കെ.ജി. സെന്റർ ആക്രമണക്കേസിലെ മുഖ്യ പ്രതിയാണ് ഇയാൾ. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സുഹൈൽ കൊച്ചിയിൽ കാപ്പാ കേസ് പ്രതികളടക്കമുള്ള ഗുണ്ടകളുടെ യോഗം വിളിച്ചുചേർത്തത് വിവാദമായിരുന്നു. കെ. സുധാകരനും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!