വിസാ കാലാവധി കഴിഞ്ഞവർക്കു പിഴയില്ലാതെ യുഎഇ വിടാനുള്ള സമയം നീട്ടി.

ദുബായ് – വീസാ കാലാവധി കഴിഞ്ഞ് താമസിച്ചതിനു പിഴയില്ലാതെ യുഎഇ വിടാനുള്ള സമയം ഈ വർഷം അവസാനത്തേയ്ക്ക് നീട്ടി . മേയ് 14 ന് ആരംഭിച്ച ഹസ്വകാല പൊതുമാപ്പ് ഇന്ന് ( നവംബർ 17 ) അവസാനിക്കേണ്ടതായിരുന്നു . വീസാ കാലാവധി മാർച്ച് 1 ന് മുൻപ് അവസാനിച്ച് രാജ്യത്ത് തുടരുന്നവർക്ക് ഈ വർഷം ഡിസംബർ അവസാനമോ അതിന് മുൻപോ പിഴയൊടുക്കാതെ പോകാനാകുമെന്ന് ദ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ( ഐസിഎ ) അറിയിച്ചു . എമിറേറ്റ്സ് ഐഡി , വർക് പെർമിറ്റ് അടക്കമുള്ളവയിൽ ചുമത്തിയിട്ടുള്ള പിഴകളൊന്നും ഇവർ അടയ്ക്കേണ്ടതില്ലെന്ന് ഐസിഎ ഫോറിൻ അഫയേഴ്സ് ആൻഡ് സ്പോർട്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ സഈദ് റകൻ അൽ റാഷിദി പറഞ്ഞു . ഇതോടെ നിയമലംഘകരായി യുഎഇയിൽ കഴിയുന്നവർക്ക് തൊഴിൽ വീസയിലേക്കോ മറ്റോ മാറാനുള്ള അവസരവും ലഭിക്കുന്നു . കോവിഡ് 19 ദുരിതം കണക്കിലെടുത്താണ് ഈ ഇളവ് .

