റൂബിക്സ് ക്യൂബ് വിസ്മയം നിയയുടെ വീട്ടിൽ ധനമന്ത്രി ; കൊച്ചുമിടുക്കിയുടെ പ്രകടനം കണ്ട് അമ്പരന്ന് തോമസ് ഐസക്

ആലപ്പുഴ: റൂബിക്സ് ക്യൂബ് വിസ്മയം മൂന്നു വയസുകാരി നിയ സന്‍ജിത്തിനെ ധനമന്ത്രി വീട്ടിലെത്തി സന്ദര്‍ശിച്ചു. മന്ത്രി തന്നെയാണ് നിയ എന്ന മിടുക്കിയെ കണ്ട കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
കുഞ്ഞുങ്ങളുടെ അസാധാരണമായ കഴിവുകള്‍ പലപ്പോഴും അമ്ബരപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുമെന്നും അങ്ങനെയൊരു കൊച്ചു മിടുക്കിയാണ് ആലപ്പുഴ തത്തംപള്ളിയിലെ നിയ സന്‍ജിത്തെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. ഏറ്റവും കുറഞ്ഞ വേഗത്തില്‍ ക്യൂബ് ക്രമീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ഗിന്നസ് ബുക്ക് ബഹുമതിയ്ക്കുടമയാണ് ഈ മൂന്നു വയസുകാരി. 3×3, 2×2, പൈറമിക്സ് എന്നീ മൂന്നുതരം റൂബിക്സ് ക്യൂബുകള്‍ ഈ മിടുക്കി മാന്ത്രികവേഗത്തില്‍ ശരിയാക്കുന്നതാണ് നിയയുടെ സവിശേഷത.
മന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചത്,
‘രണ്ടുദിവസം മുമ്ബാണ് റൂബിക്സ് ക്യൂബ് വിസ്മയം നിയ സന്‍ജിത്തിന്റെ വീട്ടില്‍ ഞാനെത്തിയത്. കേക്കൊക്കെ തന്നാണ് സ്വീകരിച്ചത്. അതുകഴിഞ്ഞ് തന്റെ വൈഭവം കാണിക്കാന്‍ നിയ റൂബിക്സ് ക്യൂബെടുത്തു. ആഗ്രഹിച്ചതു പോലെ ക്യൂബ് തിരിയുന്നില്ല. ഉടന്‍തന്നെ അമ്മയോടു പറഞ്ഞ് ഒരു ടവലെടുത്തു. പ്രൊഫഷണല്‍ താരങ്ങള്‍ ചെയ്യുന്നതുപോലെ കൈകള്‍ നന്നായി തുടച്ചു വൃത്തിയാക്കി. പിന്നീട് ക്യൂബും. എന്നിട്ടൊരു പ്രയോഗം. നിമിഷങ്ങള്‍ക്കുള്ളില്‍ ആറു നിറങ്ങള്‍ ക്യൂബിന്റെ ആറുവശങ്ങളിലായി അണി നിരന്നു.
കുഞ്ഞുങ്ങളുടെ അസാധാരണമായ കഴിവുകള്‍ പലപ്പോഴും അമ്ബരപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യും. അങ്ങനെയൊരു കൊച്ചുമിടുക്കിയാണ് ആലപ്പുഴ തത്തംപള്ളിയിലെ നിയ സന്‍ജിത്ത്. റൂബിക്സ് ക്യൂബാണ് ഈ കൊച്ചുകുട്ടിയുടെ പ്രിയപ്പെട്ട കളിപ്പാട്ടം. ഏറ്റവും കുറഞ്ഞ വേഗത്തില്‍ ക്യൂബ് ക്രമീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ഗിന്നസ് ബുക്ക് ബഹുമതിക്ക് ഉടമയാണ് ഈ മൂന്നു വയസുകാരി.
3×3, 2×2, പൈറമിക്സ് എന്നീ മൂന്നുതരം റൂബിക്സ് ക്യൂബുകള്‍ ഈ മിടുക്കി മാന്ത്രികവേഗത്തില്‍ ശരിയാക്കും. ഒന്നാം വയസില്‍ അമ്മ ഡോ. ടിക്സിയാണ് ഈ കളിപ്പാട്ടം മകള്‍ക്ക് സമ്മാനമായി നല്‍കിയത്. താമസിയാതെ, അത് നിയയുടെ ജീവന്റെ ഭാഗമായി. മുതിര്‍ന്നവര്‍ പോലും ആയുധം വെച്ചു കീഴടങ്ങുന്ന ഈ സൂത്രക്കട്ടയുടെ കുരുക്കുകള്‍ വളരെ എളുപ്പത്തിലും വേഗത്തിലും ഈ മിടുക്കി അഴിച്ചെടുത്തു. കുഞ്ഞുകൈകളുടെ മാന്ത്രികവേഗം യൂട്യൂബിലും ഹിറ്റായി. വീഡിയോ കണ്ട അമേരിക്കയിലെ ഓണ്‍ലൈന്‍ ക്യൂബ് ഷോപ്പിംഗ് കമ്ബനിയായ ക്യൂബിക്കിള്‍ നിയയെ സ്പോണ്‍സര്‍ ചെയ്തു. രാജ്യാന്തര തലത്തില്‍, മികച്ച കളിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്ന ക്യൂബിക്കിള്‍ ആദ്യമായാണ് ഇന്ത്യയില്‍ നിന്നൊരാളെ സ്പോണ്‍സര്‍ ചെയ്യുന്നത്.
വേള്‍ഡ് ക്യൂബ് അസോസിയേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ക്യൂബിംഗ് മത്സരത്തിലേക്ക് നിയ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആ മത്സരം ഗിന്നസ് ബുക്കിലേക്ക് പ്രവേശിക്കാനുള്ള അവസരമാകുമെന്നാണ് നിയയുടെയും മാതാപിതാക്കളുടെയും പ്രതീക്ഷ.
നിയയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്, നിയാസ് ആര്‍ക്ക് (Niah’s Ark). രസകരമായ പഠനപ്രവര്‍ത്തനങ്ങള്‍, കളികളും പസിലുകളും ഒക്കെ ഈ ചാനലിലുണ്ട്. വ്യത്യസ്തതരം കളികളിലൂടെ കുട്ടികളുടെ വിവിധ നൈപുണികളുടെ വികാസം ലക്ഷ്യമിട്ടുള്ള വീഡിയോകളാണ് ചാനലില്‍. ഇപ്പോള്‍ ആകെ 49 വീഡിയോകളുണ്ട്. ഗെയിമുകളെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ വിഡീയോകളിലുണ്ട്. രണ്ടോ മൂന്നോ മിനിട്ട് ദൈര്‍ഘ്യമുള്ളതാണ് മിക്കവാറും എല്ലാ വീഡിയോകളും.
വെറ്റിനറി ബിരുദധാരിയാണ് നിയയുടെ അമ്മ ഡോ. ടെക്സി. പിതാവ് സന്‍ജിത്ത് എഞ്ചിനീയറും. ടെക്സി ഇപ്പോള്‍ പൂര്‍ണസമയവും നിയയ്ക്കു വേണ്ടിയാണ് ചെലവഴിക്കുന്നത്. മകള്‍ക്കായി ജോലി വേണ്ടെന്നു വെച്ചു. മകളെ ചേര്‍ത്തിരിക്കുന്നത് തൊട്ടടുത്തുള്ള സര്‍ക്കാര്‍ സ്കൂളിലാണ്. ആലപ്പുഴ നഗരസഭയിലെ വടികാട് ഗവ. എല്‍പിഎസില്‍. നിയ ചേരുമ്ബോള്‍ അവിടെ 20 കുട്ടികളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 40 ആയി. താല്‍പര്യമുള്ളവരെയെല്ലാം ക്യൂബ് പരിശീലിപ്പിക്കുകയാണ് ടെക്സിയുടെ ലക്ഷ്യം. അതുപോലെ നഗരസഭാപരിധിയിലൂള്ള സ്കൂളുകളില്‍ ക്യൂബ് പരിശീലനത്തിന് ക്ലബു രൂപീകരിക്കാനുള്ള ഒരു പ്രോജക്‌ട് പുതിയ നഗരസഭ ഏറ്റെടുക്കും.
നിയ എന്ന മിടുക്കിയ്ക്ക് എല്ലാ എല്ലാ ഭാവുകങ്ങളും.

