രാഷ്ട്രീയപാർട്ടികൾ ഇടപെട്ടു: യുവാക്കൾ വോട്ട് ബഹിഷ്കരിക്കില്ല

നീലേശ്വരം: ചിറപ്പുറത്തെ ക്രിക്കറ്റ് പ്രേമികളായ യുവാക്കൾ വോട്ട് ബഹിഷ്കരിക്കുമെന്ന പ്രഖ്യാപനത്തിൽനിന്ന് പിൻമാറി. മൈതാനത്തിലെ ക്രിക്കറ്റ് കളി കോവിഡ് മാനദണ്ഡങ്ങൾക്കെതിരാണെന്ന് പറഞ്ഞ് മാഷ് പദ്ധതിയിലെ ഉദ്യോഗസ്ഥൻ തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം ഇങ്ങനെയൊരു പ്രഖ്യാപനമുണ്ടായത്.
ഇത് ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയപാർട്ടികൾക്കിടയിലും വലിയ തലവേദന സൃഷ്ടിച്ചിരുന്നു. തുടർന്ന് രാഷ്ട്രീയപാർട്ടി പ്രവർത്തകർ ഇടപെട്ട് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. വിവിധ ക്ലബ്ബുകളിലെ 400-ൽപരം കായികതാരങ്ങളാണ് പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരിക്കാനൊരുങ്ങിയത്. അഞ്ചു വർഷമായി നീലേശ്വരം, മടിക്കൈ, കാഞ്ഞങ്ങാട്, കിനാനൂർ-കരിന്തളം പ്രദേശത്തെ 32-ഓളം ക്ലബ്ബുകൾ ചേർന്ന് ഇവിടെ നീലേശ്വരം പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാറുണ്ട്.
കഴിഞ്ഞ സീസണിൽ സംഘാടകർ കളിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയപ്പോഴാണ് ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായത്. ഇക്കാരണത്താൽ കളി മാറ്റിവെക്കുകയായിരുന്നു. ഈ കളി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർത്തിയാക്കാനിരിക്കെയാണ് പ്രശ്നമുണ്ടായത്.

